പ്രൊഫ. ലീന ജോസ് ടി
ചാക്രികലേഖനങ്ങളുടെ ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുംനിന്നുള്ള നിരവധി വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും തനിക്കു ലഭിച്ച ഒട്ടേറെ കത്തുകളും രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസീസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ച ചാക്രികലേഖനം “സോദരർ സർവരും” (Fratelli Tutti) ഇന്നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലൂന്നിക്കൊണ്ട് രാജ്യങ്ങൾ കൂടുതൽ വിശാലമായ ഒരു മാനവികകുടുംബത്തിന്റെ ഭാഗമാകുന്ന സാഹോദര്യദർശനം മുന്നോട്ടുവയ്ക്കുന്നു.
തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു.
”സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും” ഉള്ള സാർവലൗകികമായ ഒരു അഭിനിവേശത്തിന്റെ പുനർജന്മത്തെ ഇതു പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്.
സാഹോദര്യത്തിന്റെ പുതിയ ലോകം നിർദ്ദേശിക്കുന്നതിനു മുമ്പ്, എട്ട് അധ്യായങ്ങളിൽ 45000 വാക്കുകളുള്ള ചാക്രികലേഖനം ഇന്നത്തെ ഒട്ടേറെ സാമൂഹിക-സാമ്പത്തിക രോഗങ്ങൾ വരച്ചുകാട്ടുന്നു.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാളായ ഇന്നു രാവിലെയാണ,് മാർപാപ്പ ഇന്നലെ അസ്സീസിയിൽ ഒപ്പുവച്ച ചാക്രികലേഖനം വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.
വിശുദ്ധ ഫ്രാൻസീസ് അസ്സീസി തന്റെ സഹസന്ന്യസ്തർക്കു നൽകിയ 28 ചട്ടങ്ങളിൽ ആറാമത്തേതിൽനിന്നാണ് ”സോദരർ സർവരും” എന്നീ വാക്കുകൾ എടുത്തിട്ടുള്ളത്. അവർക്കു ”സദ്‌വാർത്തയുടെ രുചിയാൽ അടയാളപ്പെടുത്തപ്പെട്ട ഒരു ജീവിതവീഥി” നൽകിയതാണ് ആ വാക്കുകളെന്ന് മാർപാപ്പ അനുസ്മരിച്ചു.
എന്നാൽ വിശുദ്ധ ഫ്രാൻസീസിന്റെ 25-ാമത്തെ കല്പനയിലാണ് പോപ്പ് ഫ്രാൻസീസ് പ്രത്യേകമായി ഊന്നുന്നത്: ”തന്റെ സഹോദരൻ തന്നോടൊത്തായിരിക്കുമ്പോൾ എന്നപോലെതന്നെ അകലെയായിരിക്കുമ്പോഴും അയാളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സഹോദരൻ ഭാഗ്യവാൻ”.
വിശുദ്ധ ഫ്രാൻസീസ് തത്ത്വസംഹിതകൾ അടിച്ചേല്പിക്കുവാനായി വാക്കുകളുടെ യുദ്ധം നടത്താതെ വെറുതെ ദൈവസ്‌നേഹം പരത്തുകയായിരുന്നുവെന്ന് മാർപാപ്പ നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം അബുദബിയിലെ അൽ-അഷർ സർവകലാശാലയുടെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ-തയ്യബിനോടു ചേർന്ന് താൻ ഒപ്പുവച്ച ‘മാനവസാഹോദര്യത്തെക്കുറിച്ചുള്ള രേഖ’യിൽനിന്ന് മാർപാപ്പ തുടരെ ഉദ്ധരിക്കുന്നുണ്ട്. ആ രേഖയിൽ ഉന്നയിച്ച മഹത്തായ ചില പ്രമേയങ്ങൾ എടുത്ത് താൻ വികസിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
താൻ ചാക്രികലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാവ്യാധി, ഒരുമിച്ചു പ്രവർത്തിക്കാനുള്ള രാജ്യങ്ങളുടെ കഴിവുകേടിനും വിഭാഗീകരണത്തിനും അടിവരയിടുന്നുണ്ടെന്ന് അദ്ദേഹം ആമുഖത്തിൽ വിശദീകരിച്ചു.
”ഒരേ മാംസം പങ്കുവയ്ക്കുന്ന സഹയാത്രികർ എന്ന നിലയിൽ, നമ്മുടെ പൊതുഭവനമായ ഒരേ ഭൂമിയുടെ കുഞ്ഞുങ്ങൾ എന്ന നിലയിൽ, ഓരോരുത്തരും തങ്ങളുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും സമ്പത്ത് കൊണ്ടുവന്നുകൊണ്ട്, ഓരോരുത്തരും തങ്ങളുടെ സ്വരം കേൾപ്പിച്ചുകൊണ്ട്, സഹോദരീസഹോദരന്മാരായ നമുക്ക് സ്വപ്നങ്ങൾ കാണാം” – മാർപാപ്പ എഴുതുന്നു.
ചില രാജ്യങ്ങളിലെ ”സങ്കുചിതവും തീവ്രവാദസ്വഭാവമുള്ളതും ക്ഷിപ്രകോപിയും ആക്രമണോത്സുകവുമായ ദേശീയവാദത്തിന്റെ ഉയർച്ച”യും ”സ്വാർത്ഥതയുടെ പുതിയ രൂപങ്ങളും സാമൂഹികബോധത്തിന്റെ നഷ്ടവും” ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളിൽ ചിലതായി മാർപാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സമ്പത്തിലെ വർധിച്ചുവരുന്ന അസമത്വത്തിനെതിരെ സംസാരിക്കുന്ന പാപ്പ വനിതകൾ പുരുഷന്മാരെപ്പോലെതന്നെ ഒരേ മഹത്വവും ഒരുപോലെയുള്ള അവകാശങ്ങളും ആർജിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. വിപണി എല്ലാം സുരക്ഷിതമാക്കി നിർത്തില്ലെന്ന്, കോവിഡ്-19 പരാമർശിച്ച് അദ്ദേഹം ഓർമിപ്പിക്കുന്നു.
അന്യോന്യം കാണിക്കേണ്ട കരുതൽ വീണ്ടെടുക്കാൻ മഹാവ്യാധി ജനങ്ങളെ നിർബന്ധിച്ചു. എന്നാൽ വ്യക്തിവാദപരമായ കൺസ്യൂമറിസം ഏതു മഹാവ്യാധിയെക്കാളും വഷളായ ഒരു കയ്യാങ്കളിയിലേക്ക് അതിവേഗം വീണുപോകാമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
എന്തു വിലകൊടുത്തും കുടിയേറ്റക്കാരെ തടയുകയും അപരിചിതരെയും വിദേശികളെയും വെറുക്കുന്ന മനോഭാവത്തിലേക്കു നയിക്കുകയും ചെയ്യുന്ന ജനപ്രീതിരാഷ്ട്രീയത്തിന്റെ ചില ഭരണകൂടങ്ങളെ, പേരെടുത്തു പറയാതെ പാപ്പാ വിമർശിക്കുന്നുമുണ്ട്.
വളരെ നല്ല പ്രതികരണമാണ്
Great translation