ദൈവവിചാരത്തിന് ഇനി പുതിയ പാരഡൈമുകൾ – The Church in the Emerging World 3.0 [Part 2]

വ്യൂസ്‌പേപ്പർ ടീം

[Part 2 of 3. Part 1 ഈ ലിങ്കിൽ വായിക്കാം. Part 3 ഈ ലിങ്കിൽ]

2.1
വ്യാവസായിക ലാഭചിന്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിച്ച വാർത്താമാധ്യമങ്ങൾ തന്ന exceptional and sensational സംഭവവിവരണങ്ങൾ വച്ചാണു പഴയ തലമുറ ഇതുവരെ ലോകം കണ്ടത്. അതിനാൽ മനുഷ്യസമൂഹം അതിവേഗം ഒന്നായിക്കൊണ്ടിരുന്നതു കാണാൻ അവരിൽ ഏറെപ്പേർക്കും കഴിഞ്ഞിരുന്നില്ല (കാർട്ടീഷ്യൻ-ന്യൂട്ടോണിയൻ യാന്തിക ലോകവീക്ഷണത്തിൽ കാണാൻ ബുദ്ധിമുട്ടുള്ള മനുഷ്യബോധ പരിണാമത്തിന്റെ ഒരു കാഴ്ചയാണത്).

സ്‌നേഹാത്മാവിന്റെ പ്രവർത്തനമാണ് ഒരുമ. കഴിഞ്ഞ നൂറ്റാണ്ടൊടുവിലെ ചെറുപ്പക്കാരുടെ നിഷ്‌കളങ്ക പരിശ്രമങ്ങൾകൊണ്ടു വികസിപ്പിക്കപ്പെട്ട വിനിമയസങ്കേതങ്ങളാലാണ് ഈ ഒരുമ അതിവേഗത്തിലായത്.

അവരിലും മറ്റു ശാസ്ത്ര-സാങ്കേതിക പ്രവർത്തകരിലും രാഷ്ട്രീയ പ്രവർത്തകരിലും കലാപ്രവർത്തകരിലും മതശുശ്രൂഷകരിലുമെല്ലാം സ്‌നേഹാത്മാവു പ്രവർത്തിക്കുകയായിരുന്നു. പ്രപഞ്ചോല്പത്തിയിൽ സ്വയം ശൂന്യവത്കരിച്ച പരമകാരുണ്യത്തിന്റെ ആത്മാവ്. ഭൂമിയുടെ തുടക്കത്തിൽ ജലത്തിനുമീതെ ചലിച്ച ആത്മാവ്. പരിശുദ്ധ അമ്മയിലും തിരുക്കുമാരനിലും നിറഞ്ഞ ആത്മാവ്. അവന്റെ ഉത്ഥാനത്തിനു സാക്ഷികളായ സ്ത്രീപുരുഷന്മാരിൽ ജ്വാലയായി പടർന്ന ആത്മാവ്.

തത്ത്വസംഹിതകളുടെയും വേദസംഹിതകളുടെയും ആരാധനാവിധികളുടെയും സാമ്പത്തികതാല്പര്യങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരിൽ വേർതിരിഞ്ഞുനിന്ന ജനതകളെയും സംസ്‌കാരങ്ങളെയും നാഗരികതകളെയും ആ ആത്മാവു സംയോജിപ്പിക്കുകയായിരുന്നു. ”എല്ലാവരും ഒന്നാകുവാൻ” വേണ്ടി ജീവിച്ച കർത്താവിന്റെ ആത്മാവായ ആ സ്‌നേഹാത്മാവിൽ മനുഷ്യരാശി പൂർണമായി സംയോജിതമാകുംവരെ, ആ സംയോജനത്തിന്റെ ചെറിയ അടയാളമായിരുന്നൂ ആ ആത്മാവ് ആവേശിച്ച സഭ. ഭൂമി മുഴുവനുമുള്ള ജനങ്ങൾ തുല്യതയിൽ ഒരുമിക്കുന്നതിന്റെ വിശുദ്ധ അടയാളം.

ആ സംയോജനമാണു രക്ഷ.
അതിന്റെ ചരിത്രമാണു രക്ഷാചരിത്രം.

എല്ലാ മനുഷ്യരുടെയും ഐക്യത്തിന്റെ കറകളഞ്ഞ മാതൃകയാകുംവിധം നിരന്തരം നവീകരിക്കപ്പെടുവാൻ സഭ(കൾ) ആത്മാവിൽ നിർബന്ധിതയായിരുന്നു. സ്‌നേഹത്തിന്റെ-ദിവ്യകാരുണ്യത്തിന്റെ-ആത്മാവ് ആവേശിച്ചവരുടെ ജീവിതംകൊണ്ടാണ് ആ നവീകരണം നടക്കുന്നത്.

”പണ്ടു ഞങ്ങൾ അങ്ങനെയായിരുന്നു. ഞങ്ങൾ നവീകരിക്കപ്പെടില്ല” എന്ന് സഭ(കൾ)ക്കു പറയാൻ കഴിയില്ല.


2.2
ഭയരഹിത തലമുറകളാണു വന്നുകൊണ്ടിരിക്കുന്നത്. ഭയരഹിതരെന്നാൽ, അമലോത്ഭവർ എന്നുതന്നെ അർത്ഥം. അമലോത്ഭവ മാതാവിൽനിന്നു തുടങ്ങുന്ന പുതിയ മനുഷ്യരാശിയെ അവർ അടയാളപ്പെടുത്തുന്നു.

ഭൂമിയിൽ ഒരിടവും ഒഴിവാക്കാതെയുള്ള അവരുടെ വരവ് യുഗമാറ്റത്തെ വിളംബരം ചെയ്യുന്നു. പുതിയ സദ്‌വാർത്തയാണത്. കഴിഞ്ഞ യുഗത്തിൽ അമലോത്ഭവയിൽനിന്നു കർത്താവു മനുഷ്യാവതാരം ചെയ്തു. ഈ പുതിയ യുഗത്തിൽ ഭയമറിയാതെ സ്‌നേഹത്തോടെ ജീവിക്കുന്ന പുതുതലമുറകളിലൂടെ കർത്താവ് ഒരു മനുഷ്യനായല്ല, പുതിയ മനുഷ്യരാശിയായിത്തന്നെ അവതാരം ചെയ്യുന്നു.

കർത്താവിന്റെ മനുഷ്യാവതാരത്തോടെ ആരംഭിച്ച കഴിഞ്ഞ യുഗത്തിൽ, സഭ ആഗോള ദൈവജനതയുടെ അടയാളമായിരുന്നു. കർത്താവിന്റെ ന്യൂജെൻ മനുഷ്യരാശിയവതാരത്തോടെ തുടങ്ങുന്ന പുതിയ യുഗത്തിൽ, ചെറിയ സഭ(കൾ) എന്നല്ല, മനുഷ്യരാശിതന്നെ ദൈവജനതയാകുന്നു.

”മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെയല്ല, ഒരു യുഗത്തിന്റെതന്നെ മാറ്റത്തിലൂടെയാണു നാം കടന്നുപോകുന്നത്” എന്നു ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറഞ്ഞിരുന്നത് ഇവിടെ നൂറു ശതമാനം ശരിയാകുന്നു. ആരെയും, ഒന്നിനെയും, ഭയപ്പെടാത്ത തലമുറകളാണു വന്നുകൊണ്ടിരിക്കുന്നത്. ഭയരാഹിത്യം സ്‌നേഹവ്യാപനത്തിന്റെ അടയാളമാണ്.

ഭയപ്പെടുന്നവർ സ്‌നേഹിക്കുന്നില്ല. സ്‌നേഹത്തിൽ ഭയത്തിന് ഇടവുമില്ല. പൂർണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. അതിനാൽ ഇന്നത്തെ ഭയമില്ലാത്ത തലമുറകൾ, ജോൺപോൾ പാപ്പ നവസഹസ്രാബ്ദത്തിലേക്കു കൊതിച്ച സ്‌നേഹസംസ്‌കാരം പടരുന്നതിന്റെ ജീവസാക്ഷികളാണ്.

ഭയപ്പെടുത്തി അവരിൽ ദൈവബോധമുണ്ടാക്കാമെന്നു കരുതുന്നവരുടെ കൂട്ടത്തിന് നാളെ കർത്താവിന്റെ സഭയായി നിലനില്പുണ്ടാവില്ല. ഒരുവശത്ത് ദൈവത്തെക്കുറിച്ചു ഭയം ജനിപ്പിച്ചും മറുവശത്ത് ദൈവകാരുണ്യം പ്രസംഗിച്ചും/പ്രഘോഷിച്ചും മുന്നേറാമെന്ന് ഇനി പഴയ തലമുറ കരുതിയിട്ടു കാര്യമില്ല. പുതിയ നാലാം ക്ലാസ്സുകാരിക്കുപോലും തിരിച്ചറിയാൻ കഴിയുന്നതാണ് ആ പ്രഘോഷണത്തിലെ ഇരട്ടഭാഷണം.


2.3
പുതിയ ക്വാണ്ടം ശാസ്ത്രബോധവുമായി ചേർന്നുപോകുന്ന പുതിയ ദൈവബോധമാണു പുതുതലമുറകൾക്കുണ്ടാവുക. അതു സ്‌നേഹബോധം തന്നെ.

പഴയ തത്ത്വശാസ്ത്രങ്ങളുടെ ഊന്നുവടിയുമായി നിന്ന വേദശാസ്ത്രങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും കരുണാർദ്രസ്‌നേഹത്തിന്റെ പ്രാക്ടീസിന് ഉപകരിക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം അവർ സ്വീകരിക്കും.
ലീനിയർ ലോജിക് മാത്രം വച്ചുള്ള ബുദ്ധിവ്യാപാരങ്ങളിൽ മാത്രം എല്ലാറ്റിനെയും ഒതുക്കാൻ പറ്റാതെ വരുമ്പോഴുള്ള വിനയവുമായാണ് പുതിയ ഭൗതികശാസ്ത്രജ്ഞർ വരുന്നത്. സ്ഥൂലമായ ബുദ്ധിക്ക് അപ്രാപ്യമായി അനുഭവപ്പെടുന്ന സൂക്ഷ്മഭാവങ്ങളെക്കുറിച്ചു പറയാൻ ഭാഷാശൈലികൾക്കുള്ള പരിമിതിയെക്കുറിച്ച് അവർ ബോധമുള്ളവരാണ്. ഏറ്റവും സൂക്ഷ്മമായ quarks-നെക്കുറിച്ചുള്ള ചിന്തയും അതിഭീമവും സൂക്ഷ്മവുമായ quasars-നെക്കുറിച്ചുള്ള ചിന്തയും ഒരേ സംസാരഭാഷയിലാവാൻ തരമില്ലെന്ന് അവർക്കറിയാം. ഗണിതശാസ്ത്രഭാഷയിലുള്ള സമവാക്യങ്ങൾ കുറെയൊക്കെ അവരുടെ സഹായത്തിനെത്തിയേക്കാം.

ദൈവത്തെ വിചാരിക്കുവാനും വിവരിക്കുവാനും പുതിയ ലോകത്തിലെ പുതുതലമുറകൾക്കു തീർത്തും ലളിതമായ ഒരു ഗണിതഭാഷയുണ്ട്:

ദൈവം = സ്‌നേഹം

ഈ ഗണിതമാണു പുതിയ തലമുറകളുടെ ദൈവവിചാരം. അതുതന്നെ അവർക്കു ദൈവാനുഭവം. വേദഗ്രന്ഥങ്ങളിലെ വാക്യങ്ങളിൽ ‘ദൈവം’ എന്നു കാണുന്നത് ‘സ്‌നേഹം’ എന്നു വായിച്ചാൽ അർത്ഥബോധമുണ്ടാകുമെങ്കിൽ ആ വാക്യങ്ങൾ അവർക്കു വേദവാക്യമാകുന്നു. അല്ലാത്തവ അവർ വിട്ടുകളയും. Selective reading എന്നു പറഞ്ഞു കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
സ്‌നേഹത്തിനു വിപരീതമാണു ഭയം. അതവർക്കു പാപമാകുന്നു.

ഭയം = പാപം

മറിയം ജനനംമുതൽ ഭയരഹിതയായി, പാപരഹിതയായി വന്നതുപോലെ പുതിയ തലമുറ ഭയരഹിതരായി വരുന്നു.
പുതിയ തലമുറകൾക്ക് പാപബോധമില്ല എന്നു പഴയ തലമുറ പറഞ്ഞേക്കാം. പുതിയ തലമുറ ഭയപ്പെടുന്നില്ല, അവർ സ്‌നേഹബോധത്തിലാണ്, ദൈവബോധത്തിലാണ് എന്നതാണു സത്യം.


2.4
പ്രപഞ്ചത്തിലെ സ്ഥൂലവസ്തുക്കളെക്കുറിച്ചു പൂർണമായ അറിവിനു ശ്രമിച്ച ശാസ്ത്രജ്ഞർ, പൂർണതയിലേക്കു നടക്കുംതോറും സൂക്ഷ്മ മണ്ഡലത്തെക്കുറിച്ചുള്ള അറിവ് അപൂർണമായിക്കൊണ്ടിരുന്നതു കണ്ടു. പൂർണസത്യമന്വേഷിച്ച് സൂക്ഷ്മതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ശാസ്ത്രജ്ഞർക്കോ, സ്ഥൂലപ്രപഞ്ചം അസത്യമോ മിഥ്യയോപോലെ കാണപ്പെട്ടു.

കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ സ്ഥൂല(gross), സൂക്ഷ്മ(suttle) മണ്ഡലങ്ങളെ വിശകലനം ചെയ്യുമ്പോൾ ദൃഷ്ടാവിന്(observes) ഉണ്ടാകുന്ന വിഷമാവസ്ഥയായ ഈ ‘ഇരുധ്രുവ (polar opposite) പ്രതിഭാസം’ തിരിച്ചറിഞ്ഞവരാണു പുതിയ ശാസ്ത്രജ്ഞർ.

ഭൂമിയെ സംബന്ധിച്ച് ധ്രുവങ്ങൾ രണ്ടല്ല, ഭൂമിയുടെതന്നെ അംശങ്ങളാണ്; അഥവാ ഭൂമി ഇരുധ്രുവങ്ങളിൽ ‘പൂർണമായും സ്ഥിതിചെയ്യുന്നു’. ഭൂമിയിൽനിന്നു വ്യതിരിക്തനായി തന്നെത്തന്നെ അറിയുന്ന/അനുഭവിക്കുന്ന ആൾക്കാണ് ‘ധ്രുവം രണ്ട്’ എന്നു തോന്നുക.

ദൈവവും (ദിവ്യമണ്ഡലം) മനുഷ്യരടങ്ങുന്ന പ്രപഞ്ചവും (ലൗകികമണ്ഡലം) രണ്ടു ധ്രുവങ്ങളാണെന്ന് ദിവ്യത (ദൈവകാരുണ്യം) അറിഞ്ഞനുഭവിക്കുന്ന പുതിയ മനുഷ്യർ കരുതുകയില്ല. ദൈവകാരുണ്യത്തെ/ദിവ്യകാരുണ്യത്തെ മനുഷ്യരാശിയിൽ/ഭൂമിയിൽ/പ്രപഞ്ചത്തിൽ അനുഭവിച്ചറിയാൻ കഴിയുന്നവരായിരിക്കും അവർ. പ്രപഞ്ചകാരുണ്യവും മനുഷ്യകാരുണ്യവും ദൈവകാരുണ്യവും തമ്മിൽ ഭേദമില്ലാതാവുന്നു.

വ്യാഖ്യാനം ആവശ്യമുള്ള വേദവാക്യങ്ങളിൽ എന്നതിനെക്കാൾ സഹജീവികളിലും പ്രപഞ്ചത്തിലും അവർ ദൈവത്തെ/സ്‌നേഹത്തെ/ദൈവകാരുണ്യത്തെ അനുഭവിക്കും.

ഉവ്വ്, ഗ്രീക്കു തത്ത്വശാസ്ത്രത്തിന്റെ ചുവടുപിടിച്ച് ദൈവത്തെയും പ്രകൃതിയെയും മനുഷ്യരെയും വേർതിരിച്ചു പഠിച്ച യൂറോപ്യൻ കാർട്ടീഷ്യൻ ശാസ്ത്രജ്ഞനും യൂറോപ്യൻ സ്‌കൊളാസ്റ്റിക്-സയന്റിഫിക് ദൈവശാസ്ത്രജ്ഞനും ഇവിടെ ആദ്യമല്പം ബുദ്ധിമുട്ട് അനുഭവപ്പെടും.


2.5
പൂർണത ഒരു അനുഭവമാണ് (അക്ഷരങ്ങളിലൂടെ അതു വിനിമയം ചെയ്യുക ബുദ്ധിമുട്ടാണ്. കലയിലൂടെ പ്രകാശിപ്പിക്കുക താരതമ്യേന എളുപ്പമാവാം). രണ്ട് എന്ന ഭാവന നിശ്ശേഷം നശിക്കുമ്പോഴാണ് പൂർണതയോടു നാം അടുക്കുക. യോജിക്കൽ (യോഗം/ഭക്തി) ആണ് അതിനുള്ള വഴി. നാം വേറെ, വസ്തു വേറെ എന്ന ദൈ്വതഭാവന ഇല്ലാതാവുകയും പൂർണാനുഭവം(അദൈ്വതാനുഭവം) സാധ്യമാവുകയും ചെയ്യുന്നു.

ദിവ്യകാരുണ്യാനുഭവത്തിൽ ഈ പൂർണാനുഭവമാണ് ഉണ്ടാവുക. ആ അനുഭവം ദൈ്വതഭാവനയുടെ സൃഷ്ടിയായ ഒരു ഭാഷയിലൂടെ വിവരിക്കാൻ ശ്രമിച്ചാൽ അതു വികലമാകുകയും പലപ്പോഴും വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. അതിൽ അസ്വാഭാവികത ഒന്നുമില്ല (ഗ്രീക്ക് ദൈ്വതചിന്തയെ ഊന്നുവടിയാക്കിയ പഴയ യൂറോപ്യൻ ദൈവശാസ്ത്രങ്ങളിൽ അതാണു സംഭവിച്ചത്. ഒടുവിലതു വൈരുധ്യാധിഷ്ഠിത യൂറോപ്യൻ ഭൗതികവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. ആദ്യത്തേത് ദൈവം-പ്രകൃതി, ദൈവം-പിശാച്, ദൈവം-മനുഷ്യൻ എന്നിങ്ങനെയുള്ള ദ്വന്ദങ്ങൾ നിർമിച്ചു. രണ്ടാമത്തേത് ആ ദ്വന്ദങ്ങളെയും അതിലെ ദൈവത്തെയും വിട്ട് മനുഷ്യരിൽ വർഗ ദ്വന്ദം ദർശിച്ചു).

സ്ഥൂലപ്രപഞ്ചം, അതിനെ അനുഭവിക്കുന്ന സൂക്ഷ്മബോധം (ആത്മാവ്) ഇവ രണ്ടും വസ്തുക്കളോ വിഷയങ്ങളോ ആണെന്നു തോന്നിയാലും അവ ഒരേ പ്രതിഭാസത്തിന്റെ രണ്ട് അവസ്ഥകൾ (states) മാത്രമാണെന്ന തിരിച്ചറിവിലേക്കു പുതുതലമുറശാസ്ത്രജ്ഞർ വന്നുകൊണ്ടേയിരിക്കുന്നു.

വസ്തുക്കളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എംബഡ്ഡ് ചെയ്ത്, സെൻസറി നെറ്റ്‌വർക്കിലൂടെ ഡാറ്റ സ്വീകരിച്ച്, പ്രോസസ് ചെയ്ത്, ന്യൂറൽ നെറ്റ്‌വർക്കുകളിലൂടെ വസ്തുക്കളെ ആക്‌ച്വേറ്റ് ചെയ്ത്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT) വഴി മറ്റു വസ്തുക്കളുമായും മനുഷ്യരുമായും വിനിമയബദ്ധമാക്കുന്ന cyber-physical സിസ്റ്റങ്ങളുടെ (വ്യൂഹങ്ങളുടെ) ഈ നാലാം വ്യവസായവിപ്ലവത്തിൽ, പുതിയ തലമുറയ്ക്ക് മനുഷ്യനെന്നാൽ cyber-physical system ആണെന്നു ഗ്രഹിക്കുക എളുപ്പമാണ്. മനുഷ്യൻ ‘മനസ്സും ശരീരവും’ എന്നല്ല, ‘ബോധവും ശരീരവും’ എന്നല്ല, ‘ബോധ-ശരീര വ്യൂഹം’ എന്നാണ് അവർ പറയുക. അതൊരു മെക്കാനിക്കൽ സിസ്റ്റമല്ല.

”Spirit [soul] and matter, in man are not two natures united but rather their union forms a single nature” എന്നു Compendium of the Social Doctrine of the Church (#129) പറയുന്നത്, അതോടുചേർന്ന philosophical-theological sophistications കൂടാതെതന്നെ ഗ്രഹിക്കുക അവർക്ക് സൈബർ യുഗത്തിൽ എളുപ്പമാണ്. Spirit, Soul, Mind, Intelligence, Conscionsness എന്നിങ്ങനെ വേർപിരിക്കുന്നതിലുള്ള വേലിവഴക്കുകളൊന്നും കൂടാതെ അവർ പുതിയ ക്വാണ്ടം സയൻസിന്റെ പാരഡൈമിൽത്തന്നെ കാര്യം ഗ്രഹിക്കുന്നു.

വാക്കുകളെച്ചൊല്ലിയുള്ള വേലിവഴക്കുകളിലേക്ക് ആർക്കുമിനി അവരെ വലിച്ചിടാനാവില്ല. അവർ വഴക്കിനു നിന്നുതരുന്നില്ല, മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു.


2.6
യാഥാർത്ഥ്യത്തെ ദൈവം-മനുഷ്യൻ-പ്രകൃതി എന്നു പഴയ യൂറോപ്യൻ ചിന്ത കീറിമുറിച്ചിട്ടെങ്കിൽ അതിൽ മനുഷ്യനെയും ബാക്കി പ്രപഞ്ചത്തെയും ഇന്റർ-കണക്ടഡ് ആയ സൈബർ-ഫിസിക്കൽ സിസ്റ്റംസ് എന്ന പാരഡൈം വഴി പുതിയ ലോകം ഒരുമിപ്പിക്കുകയാണ്.

ഈ പുതിയ ലോകത്തിന്റെ പാരഡൈമുകളിൽ പഴയ ദൈവശാസ്ത്രം ഇനിയെങ്ങനെയാണു ദൈവത്തെ കണ്ടെത്തുക? പരമ്പരാഗത യൂറോപ്യൻ ചിന്ത ഇവിടെ വലിയൊരളവോളം നിസ്സഹായമാണ്.
യൂറോപ്പ് എന്നോ ഭാരതമെന്നോ ഭേദമില്ലാതെ ആഗോളഗ്രാമത്തിലെ പുതുതലമുറകളുടെ സാർവത്രിക ശൈലിയിൽ ആലോചിച്ചുതുടങ്ങുകയേ തരമുള്ളൂ.

ഇംഗ്ലീഷിലെ Spirit, Soul, Mind, Self, Consciousness, Intelligence തുടങ്ങിയ  ഭേദകല്പനകളോ ഇടക്കാലത്ത് ഇന്ത്യൻ സാംഖ്യ-യോഗ-ദൈത-അദൈ്വത-ദൈതാദൈ്വത-വിഷ്ടാദൈ്വത തർക്കവിതർക്കങ്ങളിൽ മനസ്സ്, ചിത്തം, ബുദ്ധി, പ്രജ്ഞ തുടങ്ങിയവയ്ക്കുണ്ടായിരുന്ന വേറിട്ട നിർവചനങ്ങളോ ഒന്നും പുതിയ ആലോചനാശൈലിയിൽ പ്രസക്തമാവുന്നില്ല.

മനുഷ്യരും അവരുൾപ്പെടുന്ന പ്രപഞ്ചവും ഭൗതികം മാത്രമോ ആത്മാവു മാത്രമോ അല്ലെന്നും മറിച്ച്, അവയുടെ അത്ഭുതകരമായ ഒരു സംയോഗവിന്യാസം (unified spectrum) ആണെന്നും യൂണിഫൈഡ് ഫീൽഡ് തിയറിയിലേക്കുള്ള യാത്രയിൽ പുതുതലമുറശാസ്ത്രജ്ഞർ കാണുന്നു. മനുഷ്യൻ Vs ആത്മാവ് (അഥവാ ആത്മാവായ ദൈവം) എന്ന ദ്വന്ദഭാവന നിൽക്കുന്ന കാലമത്രയും അപൂർണാവസ്ഥ നിലനിൽക്കും. അവ തമ്മിൽ ‘യോഗം’ സംഭവിക്കുമ്പോഴാണു പൂർണത അനുഭവവേദ്യമാകുക. ഈ അദൈ്വതയോഗാനുഭവത്തിന്റെ ജ്ഞാനത്തിലേക്കാണ് ആധുനികോത്തര (post-modern) ഭൗതികശാസ്ത്ര വിജ്ഞാനം സ്വന്തം അടിത്തറ മാന്തി കുതിക്കുന്നത്.

ഈ യോഗാനുഭവമാണ് കർത്താവിന്റെ ദിവ്യകാരുണ്യ ജീവിതകാലം മുതൽ, താർക്കികരോ വിജ്ഞാനികളോ അല്ലാത്ത സാധാരണ മനുഷ്യർക്കു പരിചിതമായത്. ദിവ്യകാരുണ്യമനുഭവിച്ചു ദിവ്യകാരുണ്യമായി ജീവിക്കുന്നതിലെ യോഗാനന്ദമാണ് ആദിമ കർത്തൃസ്‌നേഹിതരുടെ ആനന്ദം. അത് ‘പാഷൻ’ സിനിമയുടെയോ ‘പീഡാനുഭവ പ്രദർശനങ്ങളുടെയോ’ ഭീകരതയിൽ തൂങ്ങിക്കിടക്കുന്നില്ല.


2.7
പുതുതലമുറയ്ക്കു പരിചിതമായ വിചാരമാതൃകയിൽ, മനുഷ്യൻ ഒരു biological internet ആണ്. ഹൃദയവും മസ്തിഷ്‌കവും എന്ന സെർവറിൽനിന്നു ലഭിക്കുന്ന ഇലക്‌ട്രോണിക് സിഗ്‌നൽ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു മൈക്രോകംപ്യൂട്ടറാണു കോശം(cell). കോശങ്ങൾ ചേർന്നു ടിഷ്യു; ടിഷ്യുകൾ ചേർന്ന അവയവം ഒരു Local Area Network.

അവയവങ്ങൾ ചേർന്ന ശ്വസന-പചന-രക്തസംക്രമണ-പ്രത്യുല്പാദന-വിസർജന അവയവവ്യൂഹങ്ങൾ(organ systems) ആവട്ടെ, ഹൃദയമസ്തിഷ്‌ക സമുച്ചയം എന്ന മുഖ്യ സെർവർ വഴി ബന്ധിപ്പിക്കപ്പെട്ട Wide Area Network. അങ്ങനെ മനുഷ്യ ബയോസിസ്റ്റം ഒരു ബയോനെറ്റ്.

കോശം സ്വതന്ത്രമെങ്കിലും ശരീരത്തിനുവേണ്ടി ജീവിക്കുന്നു. ഈ കാരുണ്യത്തിൽ പ്രകടമാണ് മനുഷ്യനിലെ ആത്മീയത അല്ലെങ്കിൽ ദിവ്യത (കരുണയാണു പരിണാമത്തിനു പിന്നിലെന്ന് ഒരിക്കൽ ഡാർവിനും പറഞ്ഞു).

ദിവ്യകാരുണ്യമായാണ് പുതുതലമുറകൾക്കു ആത്മാവിനെ മനസ്സിലാക്കുവാൻ കഴിയുക. മനുഷ്യനകത്തെ ദൈവമായി, ആത്മാവായി, പരമശക്തിയായി, പരമജ്ഞാനമായി, പരമനന്മയായി, പരമചൈതന്യമായി ഈ കാരുണ്യത്തെ നാനാവിധത്തിൽ അവർക്ക് അനുഭവിക്കാൻ കഴിയും.

മനുഷ്യശരീരത്തിൽനിന്നു പുറപ്പെടുന്ന മൂന്നിനും പതിനാലിനും ഇടയ്ക്കു മൈക്രോണിന്റെ തരംഗദൈർഘ്യമുള്ള വികിരണങ്ങളിലും (radiations) അതിലും സങ്കീർണമായ സൈക്കോ-ബയളോജിക്കൽ വികിരണങ്ങളിലും ആത്മീയോർജത്തിന്റെ പ്രസരണം അവർക്കു ഗ്രഹിക്കാനാവും.

സ്ഥൂലശരീരത്തിന്റെ ചലനം, ചേഷ്ട, ഭാവം ഇവയ്ക്ക് ആധാരമായി വർത്തിക്കുന്ന, പ്രാണ-മനോ-ബുദ്ധിതലങ്ങളിലെ മോഡുലേഷനുകളാൽ അദൃശ്യമായ സൂക്ഷ്മമണ്ഡലങ്ങളെ (subtle realms) അന്വേഷിക്കുന്ന പുതുശാസ്ത്രജ്ഞർ കംപ്യൂട്ടറിന്റെ പാരഡൈം ഉപയോഗിക്കുന്നു.

Programmed intelligence ð Electronic Signal current ð Motion of an hardware. ഇതാണ് ആ വിചാരമാതൃക.

സ്ഥൂലശരീരത്തെപ്പോലെ സ്ഥൂലപ്രപഞ്ചത്തിനാകെയും ഉപയോഗിക്കാവുന്ന ഈ വിചാരമാതൃകയിൽ, ‘ദൈവ’ത്തെ എല്ലാറ്റിനും പിന്നിലുള്ള -എല്ലാറ്റിലുമുള്ള- super intelligence/Super Consciousness ആയിട്ടാവും പുതുതലമുറവിശ്വാസി വിവരിക്കുക. ആ intelligence ദൈവകാരുണ്യമാണ്/ദിവ്യകാരുണ്യമാണ് എന്നാവും ന്യൂജെൻ ദൈവവിചാരകർ പറയുക.

യൂണിവേഴ്‌സൽ കോൺഷ്യസ്‌നെസ് എന്ന വിചാരമാതൃകവച്ചും പുതുതലമുറ ചിന്തിക്കുന്നു. ആ യൂണിവേഴ്‌സൽ (കോസ്മിക്) കോൺഷ്യസ്‌നെസ് ദിവ്യകാരുണ്യബോധം (അൻപ്) തന്നെ എന്ന് ഡാർവിനെ വച്ചുകൊണ്ടോ ഷർദാനെ വച്ചുകൊണ്ടോ ഫ്രാങ്ക് ടിപ്ലറെ വച്ചുകൊണ്ടോ ഭാരതീയ ഭക്തിസാഹിത്യം (”അൻപേ ശിവം”) വച്ചുകൊണ്ടോ എങ്ങനെയും ഗ്രഹിക്കാൻ ന്യൂജെൻ വിശ്വാസിക്കു ബുദ്ധിമുട്ടില്ല.

ദൈവം എന്ന കാരുണ്യോർജ്ജസ്രോതസ്സ് സ്വയം ശൂന്യവത്കരിക്കുന്ന തുടർപ്രക്രിയയുടെ തുടക്കത്തിൽ ആദ്യ ഊർജകണിക പുറപ്പെടുന്നതിനെ പ്രപഞ്ചോല്പത്തിയും സൃഷ്ടിയുമായി ഒരുമിച്ചുകാണുന്നതിനും അവർക്കു കഴിയും. വികസിച്ചു പരിണമിച്ചുകൊണ്ടേയിരിക്കുന്ന ഉല്പത്തി. തുടർന്നുകൊണ്ടേയിരിക്കുന്ന സൃഷ്ടി.

ബോധവികാസത്തിന്റെ ഇന്നത്തെ തോതുവച്ച് ഗ്രഹിക്കാവുന്നിടത്തോളം പൂർണമായ ഒരു അർത്ഥത്തിൽ ദൈവം എന്ന വിശ്വകാരുണ്യബോധം പദാർത്ഥത്തിൽ പ്രവേശിക്കുന്ന/ആവിഷ്‌കൃതമാകുന്ന സമയമായി കർത്താവിന്റെ ദിവ്യകാരുണ്യ ബലിജീവിതത്തെ അവർക്കു കാണാം. അപ്പമായി ദിവ്യകാരുണ്യം ഫിസിക്കലായോ സ്പിരിച്വലായോ ഭക്ഷിക്കുന്നവരിൽ ആ യൂണിവേഴ്‌സൽ കോൺഷ്യസ്‌നെസ് കർത്താവിന്റെ കാരുണ്യാത്മാവായി നിറയുന്നു (മൂർത്ത അടയാളം ആവശ്യമുള്ളപ്പോൾ ഫിസിക്കലായും ആ ആവശ്യം അനുഭവപ്പെടുന്നില്ലെങ്കിൽ  സ്പിരിച്വലായും ദിവ്യകാരുണ്യ തിരുവടയാളത്തെ അവർ സമീപിക്കുന്നു. കല്പലകയിലെയോ കടലാസിലെയോ കല്പന ഭയത്തിൻകീഴ് അനുസരിച്ചു തീർക്കുകയല്ല അവർ; സ്‌നേഹത്തെ സ്‌നേഹിക്കുകയാണവർ).

ഈ സ്‌നേഹാനുഭവത്തിൽ അവരുടെ ബോധം പൂർണ ദിവ്യകാരുണ്യബോധമാവുന്നു. അവരുടെ തുടർന്നുള്ള ജീവിതത്തിന്റെ കർത്തൃത്വം വഹിക്കുന്നത് കർത്താവിന്റെ കാരുണ്യാത്മാവ്. ”ഞാൻ ഞാനല്ല, എന്നിലെ ദിവ്യകാരുണ്യമാകുന്നു.”

ഇതറിഞ്ഞതുകൊണ്ട് പൂർവികർ, കുഞ്ഞുങ്ങളെ ജ്ഞാനത്തിൽ സ്‌നാനം ചെയ്യിച്ചപ്പോൾത്തന്നെ അവർക്കു ദിവ്യകാരുണ്യ അപ്പം കൊടുത്തു. ഒരിക്കൽ സ്വീകരിച്ച ജ്ഞാനം, വർഷത്തിലൊരിക്കൽ വീട്ടിൽ മുറിച്ചു ഭക്ഷിച്ച അപ്പം, അവർക്ക് എന്നേയ്ക്കുമുള്ളതായി. അവരുടെ ബോധം ജ്ഞാനബോധമായി. അവരിൽ പദാർത്ഥവും കാരുണ്യബോധവും അഭേദമായി. അതു ഗ്രഹിക്കാൻ ഭാരതീയ അദൈ്വതചിന്തയുടേതിനെക്കാൾ നല്ല പാരഡൈം ഞങ്ങൾക്ക് അനുഭവമില്ല.


2.8
അനന്തസാധ്യതകളുടെ മണ്ഡലമായി പദാർത്ഥപ്രപഞ്ചത്തെ വീക്ഷിക്കുന്ന ക്വാണ്ടം ഫിസിക്‌സ്, നന്മയെന്നോ തിന്മയെന്നോ തിരിക്കാതെ അനന്തസാധ്യത കാണുന്നു. ഈ സാധ്യതകളുടെ നടുവിലേക്ക് അനന്തകാരുണ്യത്തിലുള്ള വിശ്വാസത്തിന്റെ തീർച്ച (certainty) കൊണ്ടുവന്നു നോക്കൂ. അപ്പോൾ, സാധ്യമായവയുടെ കൂട്ടത്തിൽ നന്മയായതു സംഭവിക്കുന്നതിന്റെ സംഭാവ്യത (probability) ഉയരുന്ന പ്രത്യാശനിറഞ്ഞ വിശ്വബോധം (sensus fidei) ഉണ്ടാവും. ചരിത്രം കാരുണ്യത്തിൽനിന്നു കാരുണ്യത്തിലേക്കു വികസിക്കുന്നതിന്റെ -പരിണമിക്കുന്നതിന്റെ- കാഴ്ച അവിടെ എളുപ്പമാകുന്നു (ഓർത്തുനോക്കൂ: ഇങ്ങനെയല്ലെങ്കിൽ കർത്താവിന്റേത് ഒരു തോറ്റ പരിപാടിയാണ്).

സ്‌നേഹത്തിലുള്ള, കരുണാർദ്രസ്‌നേഹത്തിലുള്ള, വിശ്വാസംകൊണ്ടു രുചിവരുത്തിയ ഒരു സയൻസ് ആണ് ഭാവി ദൈവവിചാരത്തിനു ഭാഷ നൽകുന്നത്. അപ്പോഴേക്കും ഉറകെട്ടുകഴിഞ്ഞ കാർട്ടീഷ്യൻ-ന്യൂട്ടോണിയൻ സയൻസുകളെ അവിടെ ഭയപ്പെടേണ്ടതില്ല (ഒരിക്കൽ അങ്ങനെ ഭയപ്പെട്ടാണ് പഴയ ദൈവശാസ്ത്രം അതേ റിഡക്ഷനിസത്തിൽ പെട്ടുപോയത്).
ദൈവത്തിൽ/സ്‌നേഹത്തിൽ വിശ്വസിക്കുകയും പുതിയ ശാസ്ത്രത്തെ ഉപയോഗിക്കുകയും ചെയ്യുന്നതിൽ, പുതിയ തലമുറകളുടെ മനസ്സ് പിളർപ്പ് അനുഭവിക്കുന്നില്ല. അവർക്കു ദൈവത്തെ മനസ്സിലാക്കാൻ ചെകുത്താൻസങ്കല്പങ്ങൾ വേണ്ടിവരുന്നില്ല; പുണ്യബോധത്തിലാവാൻ പാപബോധം വേണ്ടിവരുന്നില്ല.

അവർക്കു യാഥാർത്ഥ്യം duality അല്ല; binary ആണ്.
0,1 : ഇത്രമാത്രം.
1 : സ്‌നേഹം/ദൈവം/നന്മ: അത് ഉണ്മ
0: സ്‌നേഹമല്ലാത്തത്/ദൈവമല്ലാത്തത്/നന്മയല്ലാത്തത്: അത് ഇല്ലായ്മ

ഗ്രീക്ക് തത്ത്വശാസ്ത്രത്തോടല്ല, ഭാരതീയ അദൈ്വതാനുഭവത്തോടാണ് ഈ ദൈവവിചാരം ചേർന്നുനിൽക്കുന്നത് – ക്വാണ്ടം ഫിസിക്‌സിനെപ്പോലെ.


2.9
സ്ഥൂലപ്രപഞ്ചത്തിന്റെയും സൂക്ഷ്മപ്രപഞ്ചത്തിന്റെയും യോഗം (union) പഠിക്കാൻ ക്വാണ്ടം ഫിസിക്‌സ് മുതൽ മോളിക്യുലർ ബയോളജിവരെ, ലിംഗ്വിസ്റ്റിക്‌സ് മുതൽ കോഗ്നിറ്റീവ് സയൻസ് വരെ, സ്റ്റാറ്റിസ്റ്റിക്‌സ് മുതൽ കംപ്യൂട്ടർ സയൻസ് വരെ ഒരുമിപ്പിച്ചു പഠനങ്ങൾ നടക്കുന്നുണ്ടായിരുന്നൂ കഴിഞ്ഞ യുഗാന്ത്യത്തിൽ. അതേസമയം ക്രിസ്‌തോളജിയും ന്യൂമറ്റോളജിയും മരിയോളജിയും സോറ്റിയറോളജിയും എസ്‌കത്തോളജിയും എക്ലേസിയോളജിയും ബൈബിൾ തിയോളജിയും മോറൽ തിയോളജിയും വെവ്വേറെ നിറുത്തിയായിരുന്നൂ വൈദികപഠനം. ദിവ്യകാരുണ്യവത്കരണത്തിലൂടെ നടക്കുന്ന പ്രപഞ്ചപരിണാമ ചരിത്രം തന്നെയാണു രക്ഷാചരിത്രമെന്ന തിരിച്ചറിവിലേക്ക് അതു നയിച്ചിട്ടുണ്ടാവില്ല. എന്നാൽ അത്തരമൊരു തിരിച്ചറിവുമായിട്ടായിരിക്കും ന്യൂജെൻ വൈദികരുണ്ടാവുക.

ഇസ്രയേലിന്റെ ചരിത്രത്തിൽ തുടങ്ങി കത്തോലിക്കാ സഭാചരിത്രത്തിൽ തീരുന്ന ഒരു രക്ഷാചരിത്രത്തെ പുതുതലമുറവിശ്വാസികൾ bypass ചെയ്യുകയേയുള്ളൂ. അതേസമയം credal/dogmatic/doctrinal sophistications കൂടാതെതന്നെ അവരിൽ ദിവ്യകാരുണ്യ ജ്ഞാനബോധം വളരുകയും മാനവചരിത്രമുൾപ്പെടുന്ന പ്രപഞ്ചചരിത്രം അവർക്കു ദിവ്യകാരുണ്യവത്കരണചരിത്രമാവുകയും ചെയ്യും.

Creed/dogma/doctrine വഴിയല്ല, തങ്ങളുടെ ദിവ്യകാരുണ്യ ജീവിതമാതൃകവഴിയാവും അവതരതു communicate ചെയ്യുക.
ദിവ്യകാരുണ്യബോധത്തിന്റെ കമ്യൂണിക്കേഷനാണ് നാളത്തെ വിശ്വാസിയുടെ മിഷൻ – ആത്മായവിശ്വാസിയുടെയും വൈദികവിശ്വാസിയുടെയും.
സൂത്രവാക്യങ്ങളുടെ താർക്കികയുക്തിയല്ല, കർത്താവിന്റേതുപോലുള്ള ജൈവ ഉപമകളുടെയും ഉൽപ്രേക്ഷയുടെയും രൂപകങ്ങളുടെയും കാവ്യയുക്തിയാവും അവർ ഏറെ പ്രയോജനപ്പെടുത്തുക.

ക്യാപ്റ്റീവ് ഓഡിയൻസിനോടുള്ള പഴയമട്ടിലുള്ള നോൺ-ഇന്ററാക്ടീവ് ഘോഷണങ്ങളുടെ യുഗം -rhetoric-ന്റെയും exhortation-ന്റെയും യുഗം- അവസാനിക്കുകയായി. സൗമ്യസംഭാഷണങ്ങളുടെ, നിമന്ത്രണങ്ങളുടെ, ജീവിതമാതൃകയുടെ കാലം വരവായി.

(Part 1 ഈ ലിങ്കിൽ വായിക്കാം. Part 3)

Join the Conversation

1 Comment

  1. Dear mam,
    It’s really impressive and interesting how you have related ,the so called Himalayan taskful topics of God, Universe, Humanity and God= Love, Sin= Fear; with such an ease,vividity and clarity to the reader that the absolute comleteness comes only with the union of three, and are not separate but part of a single system as a whole.
    Then the tricky and absurd theological, unintelligible,boring rhetoric can no more find favour with the present fearless generation.I understand they know and care only one thing Love(God=Positivity) outside that everything is meaningless and absurd.
    It’s a great attempt mam, whole hearted applouse to you mam.👌🙏

Leave a comment

Your email address will not be published. Required fields are marked *