സ്മാർട്ട് ഫോൺ എടുക്കൂ, അതൊരു പണിയായുധമാണ്

വ്യൂസ്‌പേപ്പർ ടീം

സ്ഥാപനങ്ങളിൽനിന്നു സംഘടനകളിലേക്ക്. സംഘടനകളിൽനിന്നു പ്രസ്ഥാനങ്ങളിലേക്ക് (movements). കടന്നുപോകുന്ന പഴയ യുഗത്തിൽ മാറ്റം അങ്ങനെയായിരുന്നു. പുതുതലമുറകളുടെ പുതുയുഗത്തിലാവട്ടെ, മൂവ്‌മെന്റുകളെക്കാൾ ഓരോരുത്തരുടെയും ‘മൂവ്’ (move) പ്രധാനമാകുന്നു.

ഇപ്പോൾ എല്ലാവരും സംസാരിക്കുന്നു; സ്വന്തനിലയിൽ മുൻകൈ (initiative) എടുക്കുന്നു; തന്നെത്താൻ മുന്നോട്ടു നയിക്കുന്നു: MOVE.

സ്വന്തമായി മൂവ് ചെയ്യുന്നവർ കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിലൂടെ പരസ്പരം ബന്ധപ്പെടുന്നു; മനസ്സും ഹൃദയവും പങ്കുവയ്ക്കുമ്പോൾ, ഓരോരുത്തർക്കും സ്വന്തം മൂവ് നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ഉപകരിക്കുന്ന സൗഹൃദങ്ങൾ ഉണ്ടാകുന്നു.

ആരും ആരുടെയും അടിമയും അനുയായിയും ആവാതെ നല്ല സ്‌നേഹിതരാവുന്നു. സ്‌നേഹം പരസ്പരം പിന്തുണയ്ക്കുന്നു; ഐക്യദാർഢ്യം പകരുന്നു. ആത്മബോധം നേടുന്നവരുടെ ആശയവിനിമയ സൗഹൃദം-അതായത് connected moves. അതാണു പുതിയ കാലത്തിന്റെ, പുതുയുഗത്തിന്റെ ശ്രദ്ധേയമായ ഒരു മുഖം.

നേതാവും അനുയായികളും, കേന്ദ്രവും കീഴ്ഘടകങ്ങളും എന്നിങ്ങനെയുള്ള ഉച്ചനീചത്വങ്ങളില്ലാതാവുന്ന പുതിയ സമൂഹത്തിൽ, അസ്തമിച്ചുപോകുന്ന ഒരു പഴഞ്ചൻ ചോദ്യമുണ്ട്: വ്യക്തിയോ വലുത്, സമൂഹമോ വലുത്? ഒന്നും ഒന്നിന്റെമേലെ അല്ലാതാവുമ്പോൾ, എല്ലാം വലുതാകുന്നു. സമൂഹമെന്നത് ആത്മബോധം നേടുന്ന സഹോദരവ്യക്തികളുടെ നെറ്റ്‌വർക്ക് ആയി മാറുന്നു. വെറുപ്പോ പകയോ ഇല്ലാതെ പങ്കുവയ്ക്കപ്പെടുന്ന ആത്മബോധം അഹിംസാത്മകമായ പൊതുബോധമായി മാറുന്നു.

ഇതുവരെ പുരുഷന്മാരിൽ ഒരു ന്യൂനപക്ഷത്തിന്റെ ആക്രമണോത്സുകവും ഹിംസാത്മകവുമായ ഭാഷണങ്ങളായിരുന്നൂ പൊതുവേദികളിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നത്. ആ വേദികളും മാധ്യമങ്ങളും അവരുടെ ഉടമസ്ഥതയിലായിരുന്നു. അവർ തരുന്നതു വായിക്കാനും കാണാനും കേൾക്കാനുമുള്ള പരിമിതാവസരമേ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഉണ്ടായിരുന്നുള്ളൂ.

ഈ ഡിജിറ്റൽ യുഗത്തിൽ കുഞ്ഞുങ്ങൾ ആ സംഭാഷണവിലക്കിനെ മറികടന്നിരിക്കുന്നു. അവരുടെ മാധ്യമങ്ങളിൽ, അവരുടെ ഭാഷയിൽ, അവരുടെ ശൈലിയിൽ അവർ പരസ്പരം ആശയവിനിമയം നടത്തുന്നു. ഇനി, സ്ത്രീകൾകൂടി വരികയേ വേണ്ടൂ. തെരുവിലെയും മാധ്യമങ്ങളിലെയും ആക്രോശങ്ങളെ, ആരോപണപ്രത്യാരോപണങ്ങളെ, ഹിംസയെ മറികടക്കുവാൻ പിന്നെ താമസമില്ല. ന്യൂനപക്ഷം പുരുഷന്മാർക്ക് പിന്നെ മനസ്സു മാറ്റാതെ തരമില്ല.

പക്ഷേ, ഒന്നുണ്ട് – സമൂഹമാധ്യമങ്ങളിൽ ആദ്യം സംസാരിച്ചുതുടങ്ങിയ സ്ത്രീകളിൽ ഒരു പങ്ക്, അറിയാതെ തങ്ങൾ ആന്തരികവത്കരിച്ചുപോയ പഴയ ഹിംസയുടെ ഭാഷയിൽ സംസാരിച്ചിട്ടുണ്ടാവും. പഴയ വാണിജ്യതാല്പര്യങ്ങൾക്ക് അടിപ്പെട്ടു സ്വീകരിച്ചുപോയ അഭിരുചികൾതന്നെ നിലനിർത്തിയെന്നുമിരിക്കും. സാരമില്ല, അവരും മാറും, അഹിംസാത്മക സ്‌നേഹഭാഷണങ്ങളുടെ നെറ്റ്‌വർക്കിംഗ് ആഴവും പരപ്പും കൈവരിക്കുന്ന മുറയ്ക്ക്.

മാറ്റം ആ വഴിക്കുതന്നെയാണ്. മാറ്റത്തിന്റെ ദിശ അതുതന്നെയാണ് – അളവിന്റെ കാര്യത്തിൽ ഈ നിമിഷത്തെ അവസ്ഥ, ഈ ദിവസത്തെ അവസ്ഥ, ഈ വർഷത്തെ അവസ്ഥ തൃപ്തികരമാവണമെന്നില്ല എന്നേയുള്ളൂ.
ഓർക്കണം – കാലം ഈ നിമിഷംകൊണ്ട്, ഈ ദിവസംകൊണ്ട്, ഈ വർഷംകൊണ്ട് തീർന്നുപോകുന്നില്ല.
അതിനാൽ പ്രിയപ്പെട്ട സഹോദരിമാരേ, സ്മാർട്ട് ഫോൺ കൈയിലെടുക്കൂ. അതു മാറ്റത്തിന്റെ പണിയായുധമാണ്.
സമാനമനസ്‌കരുമായി സംസാരിക്കൂ, അവർക്ക് മെസ്സേജ് അയക്കൂ, ആലോചനാപൂർവം പോസ്റ്റുകൾക്കു താഴെ കമന്റ് ചെയ്യൂ.

നമ്മുടെ വാക്കു കേൾക്കാൻ കൊതിക്കുന്നവർ, അതു വായിക്കാൻ ആഗ്രഹിക്കുന്നവർ, നമ്മെ സ്‌നേഹിക്കുന്നവർ ഈ കണക്ടഡ് ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങളിലുണ്ട്. ഭാഷ ഒരു പ്രശ്‌നമല്ല. ഹൃദയം സംസാരിക്കുമ്പോൾ എല്ലാം പരിഭാഷപ്പെടും. സ്ഥാപനവും സംഘടനയും പ്രസ്ഥാനവുമില്ലാതെയും നമുക്കു മാറ്റത്തിലേക്കു ‘മൂവ്’ ചെയ്യാം – തുല്യവ്യക്തിത്വമുള്ള മനുഷ്യരായി, കണക്ടഡ് ആയി.

Leave a comment

Your email address will not be published. Required fields are marked *