പ്രഫ. ലീന ജോസ് ടി
Ecosystems that foster unconditional love
നിരുപാധിക കരുണാർദ്രസ്നേഹം (Unconditional Merciful Love) എന്ന പാരഡൈമിൽ ജീവനെയും ജീവിതത്തെയും കണ്ടെത്തുക. അതിനുള്ള വ്യൂസ്പേപ്പർ സെഷനുകളുടെ തുടക്കത്തിൽ കഴിഞ്ഞയാഴ്ച ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണു ചെയ്തത്: മാറിയ ലോകത്തിന്, പുതിയ യുഗത്തിന്, നിരുപാധിക കരുണാർദ്രസ്നേഹത്തിന്റെ നല്ല വർത്തമാനമല്ലേ വേണ്ടത്?
അതു വേണ്ട എന്ന് ആരും പറഞ്ഞില്ല. അത്തരത്തിലുള്ള സ്നേഹം അനുഭവിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യാനുള്ള ആഗ്രഹത്തിലാണു നാമെല്ലാവരും. പക്ഷേ, പലപ്പോഴും പറ്റുന്നില്ല. പറ്റുന്നതിന് എന്താണു വഴി? അതു കണ്ടെത്തുന്നതിനായി ആന്തരിക സ്വരത്തിനു കാതോർക്കുകയാണ് ഈ രണ്ടാം സെഷനിൽ നമ്മൾ കൂട്ടായി ചെയ്യുന്നത്.
ഒരു കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് അതു വേണ്ടത്ര നടക്കാതെ വരുന്നു എന്ന് കരുതുക. അവിടെ എന്താണു തടസ്സം, എന്താണു പ്രശ്നം, എന്താണു നമ്മുടെ ദൗർബല്യം എന്ന പരിശോധനയിൽനിന്നു തുടങ്ങുന്നതായിരുന്നൂ പഴയ കാലത്തെ ആലോചനാരീതി. നമുക്കിവിടെ പുതിയ കാലത്തെ, പുതിയ തലമുറകളുടെ, പുതിയ രീതിയിൽ ചിന്തിച്ചു തുടങ്ങാം.
പുതുതലമുറകൾ സാധ്യതകളിൽനിന്നു തുടങ്ങുന്നവരാണ്. തങ്ങളുടെ ദൗർബല്യത്തിൽനിന്നല്ല, തങ്ങളിലെ ശക്തിയിൽനിന്നു തുടങ്ങുന്നവരാണ്. എന്താണു നമ്മുടെ ശക്തി? ദൈവം നിരുപാധിക കരുണാർദ്രസ്നേഹമാണ് എന്ന ജ്ഞാനാനുഭവം, അല്ലെങ്കിൽ, അനുഭവജ്ഞാനം. അതു ചരിത്രത്തിലെ യേശുവിലൂടെ, യേശുവിൽ, യേശുവായി നമുക്കു ലഭിച്ചിരിക്കുന്നു. ഈ ജ്ഞാനത്തിന്റെ ഊർജസ്ഫോടനമാണു ജ്ഞാനസ്നാനത്തിന്റെ യഥാർത്ഥ കാമ്പ്.
Unconditional Merciful Love-ന്റേതായ ഈ ശിശുസഹജ അനുഭവജ്ഞാനത്തിന്റെ കാമ്പിനെ കട്ടിത്തൊലി മൂടിയാൽ, പിന്നെ കാമ്പ് കാണുക, അതിൽ സ്പർശിക്കുക, അതു രുചിക്കുക, അനുഭവിക്കുക, പ്രേരിപ്പിക്കുക എന്നതു ബുദ്ധിമുട്ടാകും. തിരിച്ചുപറയട്ടെ, ഈ പുറന്തൊലി വകഞ്ഞു കാമ്പിലെത്തിയാൽ, ഉപാധിരഹിത സ്നേഹം നിബന്ധനകളേതുമില്ലാതെ അനുഭവിക്കാം; അതിന്റെ ശക്തിപ്രവാഹത്തിൽ കുളിക്കാം. ഈ സ്നേഹ ജ്ഞാനാനുഭവത്തിൽ സ്നാനപ്പെട്ടുകൊണ്ടേയിരിക്കാം.
മറിച്ച്, ആ കാരുണ്യ ജ്ഞാനാനുഭവത്തിൽ വളരാനും സ്ഥൈര്യപ്പെടാനും വേണ്ട ecosystem(ആവാസവ്യവസ്ഥ) ഇല്ലെങ്കിൽ, അനുഷ്ഠാനങ്ങളെ അടയാളം എന്നതിലപ്പുറം അനുഭവിക്കാൻ കഴിയാത്തവർ വളർന്നുവരും. അത് ആരുടെ അടയാളമാണ്, എന്തിനുള്ള അടയാളമാണ്, ദൈനംദിന ജീവിതത്തിൽ ഏതു വഴിയേ നടക്കാനുള്ള അടയാളമാണ് എന്ന വിശുദ്ധജ്ഞാനം മൂടിപ്പോകും;മുരടിച്ചുപോകും.
അതായത്, നമ്മുടെ ഇക്കോസിസ്റ്റത്തിനാണ് കുറവുള്ളത്, അപര്യാപ്തത ഉള്ളത്. അല്ലാതെ, സ്നേഹത്തിനു ദാഹിക്കുന്ന മനുഷ്യർക്കല്ല (സംശയമുണ്ടെങ്കിൽ, ലോകപ്രശസ്തമായ ആ ടാലിൻ പ്രസംഗം ഒന്നു വായിച്ചാൽ മതി. അതിൽ ഒരു വാക്യമെങ്കിലും വാസ്തവവിരുദ്ധമായുണ്ടോ?).
യേശുവിലൂടെ വെളിപ്പെട്ടത് ദൈവത്തിന്റെ വെറും conditional ആയ ഒരു സ്നേഹം മാത്രമാണെന്ന അജ്ഞാനമല്ലേ ഇപ്പോഴും, നമ്മുടെ സംഘങ്ങളും സ്ഥാപനങ്ങളും പ്രവർത്തനങ്ങളുമെല്ലാം ചേർന്ന ആവാസവ്യവസ്ഥയിൽ നിലനിൽക്കുന്നത്?
ദൈവം conditional ആയാണു സ്നേഹിക്കുന്നത് എന്നു വിശ്വസിച്ചാൽ, ദൈവത്തിൽനിന്നു കണ്ടീഷനൽ സ്നേഹം മാത്രമേ അനുഭവിക്കാൻ കഴിയൂ. അങ്ങനെ കണ്ടീഷണൽ സ്നേഹമേ നാം അനുഭവിക്കുന്നുള്ളുവെങ്കിൽ ആ കണ്ടീഷണൽ സ്നേഹംതന്നെയല്ലേ നമ്മൾ പ്രസരിപ്പിക്കുക? നമ്മുടെ നാവിൽനിന്നും ശരീരഭാഷയിൽനിന്നും പ്രവൃത്തികളിൽനിന്നും പ്രസംഗങ്ങളിൽനിന്നും പുസ്തകങ്ങളിൽനിന്നും അതല്ലേ വരൂ?
അപ്പോൾ പ്രശ്നം വിശ്വാസത്തിന്റേതു തന്നെയാണ്. വിശ്വാസത്തിന്റെ മൂലധാതുക്കളുടെ പുനർകണ്ടെത്തലാണു ‘പ്രശ്ന’ത്തെ ദ്രവിപ്പിച്ച് ഇല്ലായ്മചെയ്യുന്നത്, resolve ചെയ്യുന്നത്. പ്രശ്നങ്ങൾ എന്നു വിളിക്കപ്പെടുന്നവയുടെമേൽ തലയിട്ടടിക്കേണ്ടതില്ല, മൂലത്തിലേക്ക് അലിയാൻ, ദ്രവിച്ചു പോകാൻ അതിനെ അനുവദിച്ചാൽ മതി. അതു പ്രകൃതിതാളമാണ്. ”എന്നെക്കാൾ വലുതും നിങ്ങൾക്കു ചെയ്യാൻ കഴിയും” എന്നു പറയുന്ന യേശുവിന്റെ പിറകേ കൂടിയിരിക്കുന്ന ശിഷ്യരല്ലേ നമ്മൾ? എങ്കിൽ അവനെപ്പോലെ നിരുപാധികം സ്നേഹം അനുഭവിക്കാനും പ്രസരിപ്പിക്കാനും കഴിയുക എന്നത് അസാധ്യമാണെന്നു കരുതാമോ? അങ്ങനെ തോന്നിയാൽ, ഭയപ്പെട്ടാൽ, അവനിൽ നമുക്കുണ്ടെന്നു നമ്മൾ അവകാശപ്പെടുന്ന വിശ്വാസം വേണ്ടത്ര വിടർന്നിട്ടില്ല എന്നല്ലേ അർത്ഥം? അവൻ വെളിപ്പെടുത്തിയ ദൈവത്തിലുള്ള, അതെ, ആ Unconditional Love-ലുള്ള വിശ്വാസത്തിന്റെ ഇതളുകൾ ഇനിയും വിടരാനുണ്ട് എന്നു ചുരുക്കം. ആ സ്നേഹത്തിൽ ശരണവും പ്രത്യാശയും തോന്നാതെ, വെല്ലുവിളികളിൽ മഹാസാധ്യതകൾ കാണാതെ, മുട്ടുശാന്തികളോ ഈജിപ്ഷ്യൻ കുതിരകളെയോ തേടിപ്പോകുന്നത് അങ്ങനെയാണ്.
യേശുവിൽ നടന്ന സ്നേഹാവിഷ്കരണം ഗ്രഹിക്കുന്നതിൽ ചരിത്രപരമായ വളർച്ച ഉണ്ടായിക്കൊണ്ടാണിരിക്കുന്നത് എന്ന കാര്യം സഭയിൽ ആർക്കാണ് അറിയാത്തത്. മനുഷ്യരാശിയുടെ പൊതുബോധത്തിൽ ആ സ്നേഹപ്പൂ ഇതളിതളായി വിടർന്നുകൊണ്ടേയിരിക്കുന്നു. ആദ്യം സോപാധികസ്നേഹത്തിന്റെ ഇതളുകൾ വിരിഞ്ഞു. ഇപ്പോൾ പുതിയ യുഗത്തിൽ അതു കൂടുതൽ വിരിഞ്ഞ് നിരുപാധിക സ്നേഹപ്പൂ കാണാറാവുന്നു. യേശുവിൽ ദൈവം കരുണാർദ്രസ്നേഹദൈവം ആയി ഗ്രഹിക്കപ്പെടുന്നു. പ്രസംഗപീഠങ്ങളിൽനിന്ന് ഇതു പ്രഘോഷിക്കപ്പെടുന്നതുവരെ, അതിനായി സെമിനാരി കരിക്കുലവും പാഠ്യപുസ്തകങ്ങളും മാറുന്നതുവരെ, കാത്തിരിക്കാൻ പുതിയ മനുഷ്യർ തയ്യാറാവുന്നില്ല. അത്രയേയുള്ളൂ.
കണ്ടീഷനുകളുടെ വേലിക്കെട്ടിലല്ലാത്ത കരുണാർദ്ര ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ശരണത്തിന്റെയും പ്രത്യാശയുടെയും ഉൾക്കാമ്പ് പഴയ വിചാരമാതൃകകളിലുള്ള സിദ്ധാന്തങ്ങൾക്കു പറയാനാവുന്നില്ല. ആ സിദ്ധാന്തങ്ങൾ കരുണാർദ്രസ്നേഹം അനുഭവിപ്പിക്കണമെന്നില്ല; യഥാർത്ഥ യേശു കരുണാർദ്രസ്നേഹമല്ലാതെ മറ്റൊന്നും അനുഭവിപ്പിക്കുകയുമില്ല.
ദൈവത്തിന്റെ സ്നേഹം നിരുപാധികമാണെന്നു വിശ്വാസപ്രമാണത്തിൽ എടുത്തുപറയുന്നില്ല. യേശുവിന്റെ ജീവിതംവഴി ലോകം ദൈവമണ്ഡലത്തിലേക്ക്, നിരുപാധിക സ്നേഹത്തിന്റെ മണ്ഡലത്തിലേക്ക് കടക്കുന്നതിനെ, അങ്ങനെ ലോകം രക്ഷപ്പെടുന്നതിനെ കുറിച്ച്, ഡോഗ്മകളും ഡോക്ട്രിനുകളും ജീവിതഗന്ധിയായി ജീവൽഭാഷകളിൽ ഇന്നു കാര്യമായൊന്നും സംസാരിക്കുന്നില്ല. ആ നിരുപാധികസ്നേഹം ആവിഷ്കരിക്കാനുള്ള എന്തെങ്കിലും നിയമങ്ങളോ ചട്ടങ്ങളോ കാനൻ നിയമങ്ങൾ സ്പഷ്ടമായി മുന്നോട്ടു വയ്ക്കുന്നുമില്ല. (എല്ലാം open-ended ആണ്, തുറന്നുകിടക്കുന്നു എന്നു പറയാം. പക്ഷേ ആ തുറസ്സുസ്ഥലം ആൾവാസമില്ലാതെ കിടക്കുകയല്ലേ? അങ്ങനെ വിശ്വാസതരിശുഭൂമികൾ ഉണ്ടാകുന്നു). സുവിശേഷപ്രസംഗങ്ങളിൽ സ്നേഹം എന്നു പറയുന്നിടത്തൊന്നും unconditional merciful എന്ന് ആ സ്നേഹം qualify ചെയ്ത് elatorate ചെയ്യുന്നില്ല (സന്ന്യസ്ത പരിശീലനത്തിൽ unconditional love പ്രാക്ടീസ് ചെയ്യാനുള്ള പ്രത്യേക സാധനകൾ ഉള്ള സന്ന്യാസസംഘങ്ങൾ എത്രയുണ്ടെന്നു വ്യക്തവുമല്ല).
ചുരുക്കത്തിൽ, പഴയ വിശ്വാസബോധ്യങ്ങളുടെ നാനാവിനിമയത്തിൽ unconditional merciful love-ന് വലിയ സ്ഥാനമില്ല. അങ്ങനെയൊരു ecosystem-ൽ നിരുപാധികസ്നേഹം എങ്ങനെ അനുഭവിക്കാൻ കഴിയും? പറയാതെ എങ്ങനെ കേൾക്കും? കേൾക്കാതെ എങ്ങനെ വിശ്വസിക്കും?
ഒരു യുഗമാറ്റം നടക്കുന്ന ഈ വേളയിൽ ഇതാണ് അന്തരാത്മാവു നമ്മോടു ചോദിക്കുന്ന ചോദ്യം.
ഈ യുഗസന്ധിയിൽ നിന്നുകൊണ്ട് വിശ്വാസത്തിന്റെ ടേംസിൽ പറഞ്ഞാൽ, സോപാധിക സ്നേഹത്തിലുള്ള വിശ്വാസത്തിന്റെ ആവാസവ്യവസ്ഥയിൽനിന്ന്, നിരുപാധികസ്നേഹത്തിലുള്ള വിശ്വാസത്തിന്റെയും ശരണത്തിന്റെയും പ്രത്യാശയുടെയും ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോൾ സംഭവിക്കുന്ന യുഗമാറ്റം.
മാറിയ പുതിയ യുഗത്തിൽ പുതിയ മനുഷ്യർ നിരന്നുകഴിഞ്ഞു. ഭയമില്ലാത്തതിനാൽ അവർക്കു വിശ്വാസപ്രതിസന്ധിയില്ല. വിശ്വാസഭാവനയുടെ ചക്രവാളം അവർ വികസിപ്പിച്ചുകഴിഞ്ഞു.അവരുടെ ഹൃദയത്തിൽ, കല്പനകളുടെ കല്പലകയല്ലാത്ത കരുണാർദ്രസ്നേഹം ആവാസമുറപ്പിച്ചു. അതിൽക്കുറഞ്ഞതൊന്നും അവർക്കു സേക്രഡ് അല്ല. യേശുവിന്റെ ഉപമകളുടെ സാരള്യം ഉള്ള സ്നേഹയുക്തിയാണ് അവരുടെ ബോധത്തിലുള്ളത്. ഭാവിവിശ്വാസം ആ യുക്തിയുടേതാണ്. പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയുമല്ല, മനുഷ്യത്തികവുള്ള സ്നേഹിതനായ യേശുവിനെയാണ് അവർക്കു വിശ്വാസം.
സോപാധികസ്നേഹത്തിൽ വിശ്വസിച്ചുപോയ പഴയ മനുഷ്യർക്കാണു പ്രതിസന്ധി. അവരുടെ വിശ്വാസം കാലോചിതമായി ഇനിയും വിടരാനുണ്ട് എന്നതാണു കാര്യം. വിശ്വാസിച്ചാൽ സംഭവിക്കുന്നതിനെക്കുറിച്ച് അവരുടെ ഭാവന വളരെ ഇടുങ്ങിയതായിപ്പോയി.
ഈയാഴ്ചത്തെ ചോദ്യം ആവർത്തിക്കട്ടെ: യേശുവിൽ വെളിപ്പെട്ട Unconditional Merciful Love ആകുന്ന ദൈവത്ത അനുഭവിക്കാനും കൈമാറാനും കഴിയാതെ പഴയ മനുഷ്യർ നിൽക്കുന്നത്, യേശുശിഷ്യസമൂഹത്തിന്റെ ഇക്കോസിസ്റ്റത്തിൽ ആ സ്നേഹത്തിന്റെ ജ്ഞാനം മൂടിപ്പോയപ്പോഴല്ലേ? പരിശുദ്ധാത്മദാനമായ ആ ജ്ഞാനാനുഭവം, നിരന്തര ജ്ഞാനസ്നാനാനുഭവം, വമ്പൻ സൈദ്ധാന്തികതകൊണ്ടു തീരെ മൂടിപ്പോയപ്പോഴല്ലേ? യേശുജീവിതത്തിന്റെ മൂലധാതുക്കളിലേക്ക് ഈ സൈദ്ധാന്തികതയെ ഹൃദയാർദ്രതകൊണ്ട്, ആർദ്രതയുള്ള യേശുവർത്തമാനം പറഞ്ഞ് നമുക്ക് അലിയിപ്പിച്ചുകളയാമല്ലോ?
( 2022 ഫെബ്രുവരി 16-ലെ വ്യൂസ്പേപ്പർ സെഷനിൽ നടത്തിയ അവതരണത്തിന്റെ വിപുലനം. അടിവരയിട്ട വാക്കുകൾ, ബന്ധപ്പെട്ട മറ്റു പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ ആണ്)
Informative, Useful and practicable