കുടുംബത്തിന്റെ ക്രിസ്തുരൂപം

ജോബി താരാമംഗലം ഒ.പി.

സ്വന്തം വീടുകളിൽ തന്നെ ദൈവം ഒരു അംഗമോ അതിഥിയോ ആതിഥേയനോ ആയി അനുഭവപ്പെട്ട കുടുംബങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. യേശുവും അത്തരം കുടുംബാന്തരീക്ഷങ്ങളിൽ സ്വയം പങ്കുചേർക്കുന്നതായി കാണാം.
ഇന്നത്തെ നമ്മുടെ കുടുംബങ്ങളിലും അത്തരം അവസരങ്ങളുണ്ട്. അതു തിരിച്ചറിയുമ്പോൾ പരമ്പരാഗത വിശ്വാസത്തിന്റെ കാതലിന്മേൽത്തന്നെ, ഒരു പുതിയ ആത്മീയത രൂപപ്പെടും.

നമ്മൾ ജീവിക്കുന്ന ഭവനാന്തരീക്ഷങ്ങളിൽ ഉള്ള കൃപാസാന്നിധ്യം തിരിച്ചറിഞ്ഞനുഭവിക്കുക എന്നതാണ് ആ ആത്മീയത.
സഭ വിശ്വാസികളുടെ സമൂഹമാണെന്നും ആ സമൂഹം ക്രിസ്തുവിന്റെ ശരീരമാണെന്നും വേദപാഠത്തിലുണ്ട്. നാമോരോരുത്തരുടെയും കുടുംബം ക്രിസ്തുശരീരമാണെന്ന രഹസ്യം അനുഭവവേദ്യമാകുമ്പോൾ കുടുംബം ഒരു ഗാർഹികസഭ ആയിത്തീരുന്നു.

ആശയരൂപീകരണംകൊണ്ടു മാത്രം ജീവിക്കാവുന്നതല്ല ഈ രഹസ്യം. വിശുദ്ധ അടയാളങ്ങളാകുന്ന കൂദാശകളിലൂടെ ഒരു കുടുംബരൂപീകരണത്തിനു ദൈവം നൽകിയിട്ടുള്ള കൃപ സാക്ഷാത്കരിച്ച് ഓരോരുത്തരുടെയും ജീവിതാവസ്ഥകളിൽ ഇതു സാധ്യമാക്കുവാൻ കഴിയും.

തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന നല്ല മനോഭാവങ്ങളെ പുതുജീവൻ നൽകി ഉണർത്താൻ കഴിഞ്ഞാൽ ക്രിസ്തുവിലേക്കുള്ള വളർച്ചയിലെ അടിസ്ഥാനപടിയായ സ്‌നേഹബന്ധങ്ങൾ ഗാർഹികസഭകളിൽ ഉറപ്പിക്കാനാവും. ആചാരങ്ങളിലുള്ള കണിശതയിലും എല്ലാം ഭക്താഭ്യാസപരമാക്കുന്നതിലുമാണ് ആത്മീയത എന്ന തെറ്റിദ്ധാരണ പ്രബലമായുണ്ട്. പരസ്പരസ്‌നേഹബന്ധങ്ങൾ ആഴപ്പെടുത്തുക എന്നതാണു യഥാർത്ഥ ആത്മീയതയുടെ മർമം.

ഓരോരുത്തരും കാര്യമായെടുക്കാത്ത മറ്റു കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ക്ഷീണവും കൊച്ചുവേദനകളുമെല്ലാം കാണാനും, നമ്മെത്തന്നെ മറച്ചുവയ്ക്കാതെ സ്വയം കാണപ്പെടാൻ അനുവദിക്കാനും തയ്യാറാകുന്നത് ആദ്യ ആത്മീയതലം തന്നെയാണ്. ആ ജീവിതാവസ്ഥകളിൽ ക്രിസ്തുരഹസ്യങ്ങൾ കാണുവാൻ കഴിഞ്ഞെങ്കിൽ, പങ്കുവയ്ക്കലിന്റെ മാനത്തിലേക്കു കടക്കുവാൻ അതു നമ്മെ പ്രാപ്തരാക്കും.

അങ്ങനെ ക്രിസ്തുരൂപത്തിലേക്കു കുടുംബാംഗങ്ങളോരോരുത്തരും പരസ്പരം വളർത്തുക എന്നതാണു ഗാർഹികസഭയായി കുടുംബം ചെയ്യുന്നത്.

ഒരുമിച്ചു പ്രാത്ഥിക്കുക എന്നതുപോലെതന്നെ, പ്രാർത്ഥന ഒരു ജീവിതശൈലിയാക്കുന്നതിനും ജീവിതനിമിഷങ്ങളെ പ്രാർത്ഥനയിലേക്കു കൊണ്ടുവരുന്നതിനും ഗാർഹികാന്തരീക്ഷത്തിൽ പരിശീലിക്കുവാൻ കഴിയും. വാക്കുകളും പ്രവൃത്തികളും എന്നതിനേക്കാൾ മനോഭാവങ്ങളായി പരിശീലിക്കേണ്ടതാണിവ. അങ്ങനെ പരിശീലിക്കുമ്പോൾ, അതു നല്ല വാക്കും പ്രവൃത്തിയുമായി മാറും.

പഠനത്തിലും ജോലിയിലും വീട്ടുജോലികളിലും രോഗത്തിലും വാർധ്യക്യത്തിലും പ്രണയത്തിലും മൈഥുനത്തിലും മരണത്തിൽപ്പോലും ദൈവാശ്രയബോധവും കൃതജ്ഞതയും നിറക്കാൻ കഴിയുമ്പോൾ, ക്രിസ്തു സ്‌നേഹിക്കുകയും ജീവൻ പകർന്നു നൽകുകയും ചെയ്ത സഭയുടെ ജീവിക്കുന്ന രൂപം തന്നെയാവുന്നൂ കുടുംബം.

ജീവിതത്തിലെ നിമിഷങ്ങളിലെ ചെറിയ കാര്യങ്ങളുടെ ആഴങ്ങൾ തിരിച്ചറിയുക എന്നതാണ് ആത്മീയതയുടെ മറ്റൊരു തലം. ഒരു ഗ്ലാസ് വെള്ളത്തെക്കുറിച്ചാണെങ്കിലും ഭക്ഷണത്തെക്കുറിച്ചാണെങ്കിലും നമുക്കു ധന്യത വളർത്തുവാൻ കഴിയും. ഭൂമിയിലെങ്ങോ ഇവയൊക്കെയും അന്യമായവരുണ്ട്. അവരെക്കുറിച്ചു കരുതൽ സൂക്ഷിക്കുന്നതും പ്രകൃതിയുടെ ജീവൽപ്രക്രിയകളെ കാത്തുസൂക്ഷിക്കുന്നതും ക്രിസ്തുശരീരത്തിന്റെ പവിത്രതയുടെ സംരക്ഷണം തന്നെയാണ് എന്ന ബോധ്യത്തിലേക്കു വളരാൻ കഴിയുന്നതു ഭവനാന്തരീക്ഷത്തിലാണ്.

സ്വന്തം ജീവിതത്തിന്റെ സാധാരണ അവസ്ഥകൾതന്നെയാണ് ഇവിടെ കൃപയുടെ നിമിഷങ്ങളായി തിരിച്ചറിയപ്പെടുന്നത്. ഇത്തരം ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ് ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ ഒരു കുടുംബമായി വളർത്തുക.
ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ ആത്മീയ ആഴം ഓരോ ‘കരിസ്മാ’ ആയിത്തന്നെ അറിഞ്ഞുകൊണ്ട് ആത്മാഭിമാനത്തോടും കൂടുതൽ ദൈവാശ്രയത്തോടുംകൂടി മുന്നോട്ടു പോകുക – അതു കുടുംബത്തെ ഭൂമിയിൽ ദൈവം വസിക്കുന്ന ആലയമാക്കും. ആ ജീവിതം ദൈനംദിന ദൈവാനുഭവമാകും.

ഓരോ ഭോജനവും വാഴ്ത്തി ഭക്ഷിക്കപ്പെടേണ്ടതാണ്. അപ്പോൾ, ഓർമ്മിക്കപ്പെടേണ്ട ഒട്ടനേകം നിമിഷങ്ങൾ പകർന്നുനൽകുന്ന കൃതജ്ഞതാബോധം ആന്തരികനന്മയും ഉദാരതയുമായി വളരും. വല്ലപ്പോഴും സ്വന്തം ഇല്ലാതാകലിനെക്കുറിച്ചു പരസ്പരം പറയുവാൻ കഴിഞ്ഞെങ്കിൽ സ്‌നേഹത്തെ അതു പലമടങ്ങ് ആഴപ്പെടുത്തും.
അങ്ങനെ വളരുന്ന കുടുംബത്തിന്റെ അന്തരാത്മാവ്, ശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ശക്തിപ്പടുത്തുകയും പൂർണ്ണരാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തന്നെയാണ് എന്നതിൽ സംശയമില്ല.

തിരക്കുകളോ ജാള്യതയോമൂലം ഇത്തരം ചെറുകാര്യങ്ങൾ അവഗണിച്ചുകളയുകയാണു പതിവ്. എന്നാൽ നമ്മുടെ കൊച്ചുകുടുംബത്തിൽ പരിശീലിക്കുന്ന ഇത്തരം എളിയ ‘ആത്മീയ’ മനോഭാവങ്ങൾ നമ്മെ സമൂഹത്തിലും ക്രിസ്തുസാദൃശ്യം ഉള്ളവരാക്കും. ചുറ്റുമുള്ള നന്മകൾ കാണാനും പ്രശംസിക്കാനും പരസ്പരം മാതൃകയാക്കി പരിശീലിക്കാനുമുള്ള വേദികൂടിയാണു കുടുംബം. സമൂഹത്തിന്റെ ആഘോഷങ്ങളിലും വിലാപങ്ങളിലും ഹൃദയത്തോടെ പങ്കുചേരാൻ അതോടെ നമുക്കാകും. സാമൂഹിക പ്രതിബദ്ധതയായി അതു വളരും.

ബൗദ്ധികമോ സാമ്പത്തികമോ സാമൂഹികമോ ആയ പരസ്പരസഹായം ക്രിസ്തുശരീരത്തിന്റെ വളർച്ചയാണെന്ന ബോധ്യം അതിനകം നമ്മിൽ വളർന്നിട്ടുണ്ടാവും. വേർതിരിക്കുന്ന മതിലുകൾക്കപ്പുറത്തേക്ക് ഒരു പവിത്രഹൃദയമായി നമ്മെത്തന്നെ തുറന്നു വയ്ക്കുവാൻ അപ്പോൾ നമുക്കു കഴിയും.
വീടുകളിലേക്ക് ഇടുങ്ങിക്കൂടേണ്ട സാഹചര്യമാണ് കോവിഡ് സൃഷ്ടിച്ചതെങ്കിൽ, അതു ഭവനങ്ങളെ കുറേക്കൂടി വിശാലമായിക്കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്. സാമ്പത്തികമോ ബൗദ്ധികമോ ആയ മേൽക്കോയ്മകൊണ്ടോ വാക്‌സിൻ കൊണ്ടോ ഈ വ്യാധിയെ നീക്കിക്കളയാനാവില്ല എന്നും ഒത്തൊരുമയും പങ്കുവയ്ക്കലുംകൊണ്ടേ നമുക്കു പിടിച്ചുനിൽക്കാനാവൂ എന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹം തന്നെ ഒരു കുടുംബം എന്ന വിചാരമാതൃകയിലേക്ക് ഉയരുകയാണു നമ്മൾ.
സഭ ഗാർഹികസഭകളുടെ കൂട്ടായ്മ എന്നതിലേക്കും.

Leave a comment

Your email address will not be published. Required fields are marked *