പുതിയ കാലത്തേക്ക് ഒരു ഫാമിലി കമ്യൂണിയൻ നെറ്റ്‌വർക്ക്

കുഞ്ഞുങ്ങളോടു കൂടുതൽ സംഭാഷണം നടത്തുകയോ അതിന് ആത്മാർത്ഥമായി ആഗ്രഹിച്ചു പരിശ്രമിക്കുകയോ ചെയ്യുന്ന മാതാപിതാക്കളെയും അധ്യാപകരെയുമാണ് Family Communion Network സംബോധന ചെയ്യുന്നത്.

ഒരു യുഗമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് പുതുതലമുറയുമായി സഹയാത്ര (accompany) ചെയ്യാൻ മുതിർന്ന തലമുറയെ സഹായിക്കുന്ന വ്യൂസ്‌പേപ്പർ ആണ് ഈ നെറ്റ്‌വർക്കിനു മുൻകൈ എടുത്തത്.

ഇപ്പോൾ ഞായറാഴ്ചതോറും ഒരു മണിക്കൂർ സമയം Zoom meet ആയി ഈ കൂടിവരവ് നടക്കുന്നു. പലരുടെ അനുഭവജ്ഞാനം അതിൽ പങ്കുവയ്ക്കപ്പെടുന്നു.

ലോകത്തിന് ഒരു നല്ല ഭാവി ഉറപ്പാക്കി ഭയരഹിതരായി വളർന്നുവരുന്ന പുതിയ കുഞ്ഞുങ്ങളെ, മനുഷ്യപ്രകൃതിയെയും ചരിത്രത്തെയുംകുറിച്ചുള്ള നമ്മുടെ ഇരുണ്ട കാഴ്ചപ്പാടുകൾക്കൊണ്ട് ശ്വാസംമുട്ടിക്കാതിരിക്കുകയാണു മുഖ്യതാല്പര്യം.

വിശ്വാസത്തെയും സന്മാർഗത്തെയുംകുറിച്ചു പഠിച്ചുവച്ച പല സങ്കല്പങ്ങളും ധാരണകളും അഴിച്ചുപഠിച്ച് (unlearn) പുതുക്കിപ്പഠിച്ചാലേ (re-learn) നമുക്കു കുഞ്ഞുങ്ങളോടൊത്തു നല്ല യാത്ര നടത്താൻ കഴിയൂ.

അത് സാർവകാലിക സത്യത്തെ(eternal Truth)യും അതിന്റെ മൂല്യങ്ങളെയും നിഷേധിക്കുകയല്ല; മറിച്ച് ജീവിതത്തെ മത്സരയോട്ടമാക്കിയപ്പോൾ നാം മറന്നുപോയിരിക്കാവുന്ന സത്യത്തെ തിരിച്ചുപിടിക്കുകയാണ്. നിരുപാധികവും കുറ്റം വിധിക്കാത്തതും സഹഭാവമുള്ളതുമായ സ്‌നേഹം (unconditional, non-judgemental and compassionate LOVE) ആണ് ആ ശാശ്വതസത്യം. ആ സ്‌നേഹമാണു പുതുതലമുറകൾക്കു ദൈവം.

പാഠശാലകളിലും മതപാഠശാലകളിലുംനിന്നു നമുക്കു കിട്ടിയ ഫിലോസഫിയുടെയും തിയോളജിയുടെയും സോഷ്യോളജിയുടെയുമെല്ലാം പഴയ വിചാരമാതൃകകളെ (paradigms) കാലോചിതമായി പരിഭാഷപ്പെടുത്തിയാലേ കുഞ്ഞുങ്ങളുടെ ദൈവത്തെയും കുഞ്ഞുങ്ങളുടെ ലോകത്തെയും മുതിർന്ന തലമുറയ്ക്ക് ഇനി മനസ്സിലാക്കാൻ കഴിയൂ. ഫാമിലി കമ്യൂണിയൻ സെഷനുകളിൽ ഇതിനകം ബോധ്യമായ കാര്യമാണത് (ഈ സെഷനുകളിലെ പങ്കുവയ്പുകളുടെ സംഗ്രഹം ഈ വ്യൂസ്‌പേപ്പറിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നതാണ്).

സെഷനുകളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് സൂം ലിങ്കിനായി വ്യൂസ്‌പേപ്പർ എഡിറ്റർ പ്രൊഫ.ലീന ജോസ് ടി.യെ ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *