ലീന & ജോസ് ടി.

മിക്കവാറും എല്ലാ മതങ്ങൾക്കും ഒരു വേദവാക്യമുണ്ട്: ”സ്ത്രീ ദുർബല”.

ഇതൊരു ‘മതേതര വേദവാക്യം’ ആണെന്നുപോലും പറയാം.

സ്ത്രീരക്ഷയ്‌ക്കെന്നല്ല, സമൂഹസുരക്ഷയ്ക്കുതന്നെ സ്ത്രീയും പുരുഷനും unlearn ചെയ്യേണ്ട ഒരു വാക്യമാണിത്. അഴിച്ചുപണിതു പുനർപഠനം നടത്തേണ്ട വാക്യം.

പുതുതലമുറപ്പെൺകുഞ്ഞുങ്ങളെക്കുറിച്ച് പഴയ തലമുറയ്ക്കുള്ള പരാതികളിലൊന്നിനു പിന്നിലുള്ളത് ഈ വേദവാക്യമാണ്. അവരുടെ മുടി കണ്ടാൽ, വേഷം കണ്ടാൽ, ഇരിപ്പു കണ്ടാൽ, നടപ്പു കണ്ടാൽ, പണി കണ്ടാൽ, എഴുത്തു കണ്ടാൽ, പറച്ചിൽ കേട്ടാൽ അവർ ദുർബലരാണെന്നു തോന്നില്ല. അതു വേദവിരുദ്ധം. കലികാലവിശേഷം.

ഇരിപ്പിലെയും നടപ്പിലെയും അവരുടെ ബലംകാണിക്കൽ വെറും തോന്നിപ്പിക്കലാണെന്നും ‘എങ്ങനെ തോന്നിപ്പിക്കാൻ ശ്രമിച്ചാലും അവർ അടിസ്ഥാനപരമായി ദുർബലരാണ്’ എന്നുമൊക്കെ പറയുന്നവരുണ്ട്. ചുറ്റും സംഭവിക്കുന്ന മാറ്റത്തിന്റെ കണികപോലും കാണാൻ കഴിയാത്തവർ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അക്കൂട്ടത്തിൽ പുരുഷന്മാരെപ്പോലെ കുറെ സ്ത്രീകളുമുണ്ടാവും. ആ വിധത്തിലുള്ള പ്രതികരണങ്ങളെക്കുറിച്ചല്ല, മുകളിലെ വേദവാക്യത്തിന്റെ പ്രാമാണികതയെക്കുറിച്ചാണ് ഇവിടെ പറയുക.

സ്ത്രീകളെ ‘ബലപ്പെടുത്താൻ’ ഉള്ള പദ്ധതികളുടെയും പരിപാടികളുടെയും ആഗോളതലത്തിലുള്ള ആലോചനകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആണു തുടങ്ങുന്നത്. അറുപതുകളിലെ അമേരിക്കൻ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ വരവിനു പിന്നാലെ ആയിരുന്നൂ ലോകവ്യാപകമായി സ്ത്രീശാക്തീകരണ പദ്ധതികളുടെയും പരിപാടികളുടെയും തുടക്കം.

പൊതുവാഹനങ്ങളിലെയും ജനപ്രതിനിധിസഭകളിലെയും വനിതാസംവരണം, ഓഫീസുകൾ സ്ത്രീസൗഹൃദപരമാക്കൽ, പെൺമക്കൾക്കുള്ള തുല്യ പിന്തുടർച്ചാവകാശം, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും, സ്ഥാനപ്പേരുകൾ ലിംഗനീതിപ്രകാരം മാറ്റിയെഴുതുന്നത്, സ്ത്രീകൾക്കുള്ള പ്രത്യേക വായ്പ-ധനസഹായ-സംരംഭകത്വ പരിപാടികൾ സ്വയരക്ഷയ്ക്കുള്ള കായികപരിശീലനം തുടങ്ങിയവയെല്ലാം സ്ത്രീശാക്തീകരണം എന്ന അക്കൗണ്ടിൽ വരവുവയ്ക്കപ്പെട്ടു.

ഈ സ്ത്രീശാക്തീകരണം പുരുഷന്മാർ സ്ത്രീകൾക്ക് അനുവദിച്ചുകൊടുക്കുന്ന ഔദാര്യമാണെന്നു കരുതുന്നിടത്തു പ്രശ്‌നമുണ്ട്. അങ്ങനെ കരുതുന്നത്, സ്ത്രീ അബലയാണ്/ദുർബലയാണ് എന്ന മതേതര വേദവാക്യത്തെ പ്രാമാണീകരിക്കുന്നു. മലയാള വാമൊഴിവഴക്കമനുസരിച്ച്, സ്ത്രീ ചപലയാണ് എന്നു മൂളാൻ പിന്നെ താമസമില്ല.

സ്ത്രീ ദുർബല എന്ന വേദവാക്യം പ്രബലമായിരിക്കുന്നിടത്ത്, അവളുടെ ഹാൻഡ് ബാഗിൽ എത്ര എ.ടി.എം. കാർഡ് ഉണ്ടായിരുന്നാലും മൂന്നിലൊന്നു പഞ്ചായത്തിൽ സ്ത്രീ പ്രസിഡന്റായാലും, സ്ത്രീശാക്തീകരണത്തിനപ്പുറമുള്ള സ്ത്രീപുരുഷനീതി വൈകും; ഫലത്തിൽ സാമൂഹികനീതി വൈകും.

ബലം/ശക്തി തുടങ്ങിയ പദങ്ങളുടെ പഴയ അർത്ഥച്ഛായകൾ (shades of meaning) വകഞ്ഞുമാറ്റിക്കൊണ്ടേ, ബലപ്പെടുത്തൽ/ശാക്തീകരണം തുടങ്ങിയ സങ്കല്പനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രപരമായ മുൻവിധികളും അതിന്മേൽ ഉയർന്ന നീതികേടുകളും പഴയ തലമുറയ്ക്കു വെളിപ്പെടൂ.

ലോകത്തിൽ ഏറ്റവും കൂടുതൽ കാലമായി നിലവിലുള്ള ഭാരതീയഭാഷകളിൽ ‘ബലം’ എന്ന വാക്കിന് സഹസ്രാബ്ദങ്ങളിലൂടെ ഉണ്ടായ അർത്ഥപരിണാമം നോക്കൂ. പ്രചാരത്തിലുള്ള നല്ല നിഘണ്ടുക്കളിൽ ആ വാക്കിനു നേർക്കു കാണുന്ന അർത്ഥത്തിന്റെ വിവിധ അടരുകൾക്കിടയിൽ (layers), മനുഷ്യരെന്ന നിലയിൽ സ്ത്രീക്കും പുരുഷനുമുള്ള ഗുണം ക്രമേണ പുരുഷനു മാത്രമുള്ളതായി മാറുന്നതു കാണാം.

‘സൗന്ദര്യം’ എന്നായിരുന്നൂ ആദ്യം ‘ബല’ത്തിന് അർത്ഥം. പിന്നെയത്, ‘ശുക്ലം’ (semen) എന്നാകുന്നു; ‘സാമർത്ഥ്യം’ എന്നും ‘ശരീരം’ എന്നുമാകുന്നു; ഒടുവിലതു ‘സൈന്യം’ (force) എന്നാകുന്നു.

ഈശ്വരിയുടെ അല്ലെങ്കിൽ സ്‌ത്രൈണഭാവത്തിലുള്ള ഈശ്വരന്റെ അതായത് ‘ശക്തി’യുടെ സ്വഭാവവിശേഷമായ സൗന്ദര്യം ആയിരുന്നപ്പോൾ ‘ശക്തി’ അല്ലെങ്കിൽ ‘ബലം’ സ്ത്രീക്കും പുരുഷനുമുള്ളത് – അതായത് മനുഷ്യന്നുള്ളത് – ആയിരുന്നു. സുന്ദരന്മാരുടേതും സുന്ദരിമാരുടേതും ആയ ആ ഹൃദയഗുണം പിന്നീട് സൈന്യത്തിന്റെ ഹിംസാത്മക കായികതയാകുമ്പോൾ, അതു പുരുഷനു മാത്രമുള്ളതാകുന്നു. അവിടെ ബലവാൻ എന്നതിന് സ്ത്രീലിംഗപദം ഇല്ലാതാകുന്നു.

നാഗരികതകളുടെ തുടക്കത്തിൽ ലേഖനവിദ്യയുടെ നിഗൂഢവത്കരണം, നാണയവ്യവസ്ഥ, പുരുഷപൗരോഹിത്യത്തിലൂന്നിയ ആരാധനക്രമം, സൈനികത തുടങ്ങിയ ബഹുമുഖ മാർഗങ്ങളിലൂടെ പുരുഷന്മാരിലെ ഒരു ന്യൂനപക്ഷം തങ്ങൾക്കു മാത്രമായി (exclusively) സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ തുടങ്ങുന്നതാണ് സ്ത്രീയുടെ ‘മനുഷ്യനാകാതിരിക്കൽ’. സ്ത്രീയും മനുഷ്യനാണ് എന്നു സങ്കല്പിക്കപ്പെടാതിരിക്കത്തക്കവിധം സ്ത്രീയുടെ മനുഷ്യത്വം നിഷേധിക്കപ്പെട്ടിടത്താണ് ‘സ്ത്രീ ദുർബലയാണ്’ എന്ന മന്ത്രത്തിന്റെ തുടക്കം. പുരുഷൻ ദൈവച്ഛായ (image of God) അവകാശപ്പെടുന്നിടത്ത്, സ്ത്രീ ആ ച്ഛായ ഇല്ലാത്തവളായി കരുതപ്പട്ടു. അതായത് സ്ത്രീയുടെ മനുഷ്യത്വം തന്നെ നിഷേധിക്കപ്പെട്ടു.

ഭൂമി, കാള, നാണയം, കാർമികാധികാരം, കുഞ്ഞുങ്ങളുടെ മേലുള്ള അവകാശം എന്നീ പുതിയ ‘ബല’ങ്ങളെല്ലാം സ്ത്രീയിൽനിന്നു കവർന്നെടുക്കപ്പെട്ടപ്പോൾ അവൾക്കുണ്ടായ ചരിത്രപരമായ അവസ്ഥയെയാണ് ‘സ്ത്രീ ദുർബല’ എന്ന പാഠം പ്രതിനിധാനം ചെയ്യുന്നത്. ആ ‘ദൗർബല്യം’ ചരിത്രപരമാണ്; പ്രകൃത്യാ ഉള്ളതല്ല; സഹജമല്ല.

കാലാന്തരത്തിൽ മനുഷ്യർക്കിടയിൽ പേരിനുമാത്രം മനുഷ്യരെന്നു കരുതപ്പെട്ട അമ്പതു ശതമാനത്തിന് ഉണ്ടാകുന്ന ഒരു പ്രത്യേക തരം മനുഷ്യാവസ്ഥ ജൈവശാസ്ത്രപരമോ മനശ്ശാസ്ത്രപരമോ ആകുന്നില്ല. സാമൂഹികമായ, അതായത് സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ സാഹചര്യമാറ്റത്തിൽ സംഭവിക്കുന്നതാണത്.

ചരിത്രപരിണാമത്തിൽ പ്രകൃതിവിരുദ്ധമായ ആ അവസ്ഥ മാറുകതന്നെചെയ്യും.കാരണം, സാങ്കേതികതയും സമ്പദ്ഘടനയും രാഷ്ട്രീയവും മതവും മെല്ലാം മാറ്റത്തിലാണ്. ആ മാറ്റമാണു പുതിയ തലമുറകളിൽ നടക്കുക. അവർ ആണിനും പെണ്ണിനും ഒരുപോലുള്ള മനുഷ്യത്വം – ഹൃദയസൗന്ദര്യം – പ്രസരിപ്പിച്ചുതുടങ്ങുന്നു.

സ്ത്രീ യഥോചിതം ശാക്തീകരിക്കപ്പെടുകയെന്നു പറഞ്ഞാൽ, അടിസ്ഥാനപരവും പ്രകൃതിപരവുമായി, പുരുഷനൊപ്പം സ്ത്രീക്കുമുള്ള തുല്യ മനുഷ്യത്വം തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുക എന്നുതന്നെ. ഉള്ളിലെ തുല്യ മനുഷ്യ പൊട്ടൻഷ്യൽ കാണുന്ന സ്ത്രീയുടെ ആത്മബോധവും സ്ത്രീപുരുഷ തുല്യമഹത്വത്തെക്കുറിച്ചു ബോധവാനാകുന്ന പുരുഷന്റെ സാമൂഹിക ബോധവും ചേരുന്നതാണ് ഇനിയുള്ള കാലത്തെ പൊതുബോധം. ആ പൊതുബോധമാണ് പുതിയ പെൺകുഞ്ഞുങ്ങളിലും ആൺകുഞ്ഞുങ്ങളിലും വളർന്നുവരുന്നത്.

അവർ സുന്ദരികളും സുന്ദരന്മാരുമാണ്. ശക്തരാണ്. കായികബലത്തിന്റെ പുരുഷവക്രീകരണമായ സൈനികബലത്തിൽ അവർ തല്പരരല്ല.

Photo by Scott Webb

Join the Conversation

2 Comments

  1. Very well said Leena, proud of your articulation. Make this bold and prophetic word loud and clear!

  2. ഫെമിനിസവും വുമണി സവും ഒരു കാലഘട്ടത്തിൻ്റെ ഉല്പപന്നമല്ലേ ? ജൈവ പരമായും മനശാസ്ത്ര പരമായും വ്യത്യസ്ഥതകൾ നിലനില്ക്കുന്നില്ലേ ? Aren’t there more Male practitioners of feminism ? സമുഹത്തിൻ്റേയും രാഷ്ട്രീയത്തിൻ്റെയും പിടിച്ചാൽ കിട്ടാത്ത ഒഴുക്കിൽ സംഭവിച്ചു പോകുന്ന കാര്യങ്ങളല്ലേ ഈ സംഭവങ്ങൾ ?Whatever happens is natural. Nothing unnatural ever takes place, even cannibalism. Even the presentday enlightenment regarding female subjugation could be a natural awakening over which we have no control

Leave a comment

Your email address will not be published. Required fields are marked *