കുറ്റബോധത്തിൽനിന്നുള്ള രക്ഷ

(കുറ്റബോധസൃഷ്ടിയുടെ ക്രൂരലോകത്തിനു പുറത്തേക്ക് – രണ്ടാം ഭാഗം)

ഡോ. ജോർജ് പടനിലം

കുറ്റബോധത്തിന്റെ പാർശ്വഫലങ്ങളിൽ ഏറ്റവും പ്രസക്തം ‘എനിക്ക് എന്തോ കുറവുണ്ട്’ എന്നുള്ള കുഞ്ഞിന്റെ ഭയാകുലതയാണ്. ആ ‘കുറവ്’ എന്താണെന്നതിനെക്കുറിച്ച് അതിനു വ്യക്തതയില്ല. പക്ഷെ അതു നികത്തി പൂർണതയിലെത്തണ്ടത് ഒരു അനിവാര്യതയായി അതിനെ ബോധ്യപ്പെടുത്തും. ആവശ്യത്തിന് ആരോഗ്യമില്ലാത്തതുമൂലം വാക്‌സിനേഷനുകളും അറിവില്ലാത്തതുമൂലം അക്ഷരമാലകളും പരിശുദ്ധിയില്ലാത്തതുമൂലം ഭക്താനുഷ്ഠാനങ്ങളും കഴിയുന്നത്ര ചെറുപ്പത്തിലേ ആരംഭിക്കും. പക്ഷെ, പരിഹരിക്കുന്നതിനു പകരം ആ കുറവിന്റെ ആഴം വർദ്ധിക്കുന്നതല്ലാതെ പരിഹരിക്കപ്പെടുന്നില്ലായെന്നു പരിശീലകർക്കു ബോധ്യം വരുന്നില്ല. പാപിയാണെന്ന് അമ്പതുപ്രാവശ്യം പശ്ചാത്താപത്തോടെ ഏറ്റുപറഞ്ഞാൽ പരിശുദ്ധി കൈവരുമെന്നാണു എല്ലാ ഭക്തരും ചിന്തിക്കുന്നത്.

പെൺകുട്ടികൾ കൗമാരപ്രായം മുതൽ മുഖത്തിന്റെ ആകർഷകത വർദ്ധിപ്പിക്കാൻ മേക്കപ്പിട്ടുക പതിവാണ്. ക്രമേണ, മേക്കപ്പിടാതെ സ്വതസിദ്ധമായ രീതിയിൽ, സ്വന്തം മുഖം പുറത്തുകാണിക്കാൻ അവർക്കു ഭയമാകുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മരണശേഷം ശവശരീരം സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും Funeral Homes ലാണ്. ആ നാടുകളിലെ സ്ത്രീകൾ മരിക്കുന്നതിനുമുമ്പ് അതിലെ ഉത്തരവാദപ്പെട്ടയാളുകളെ(Funeral Directors) അവരുടെ ശവശരീരത്തിന്റെ മുഖത്ത് എന്തു മേക്കപ്പാണിടേണ്ടത് എന്നു നിഷ്‌കർഷിക്കുക സാധാരണമാണ്. മേക്കപ്പിടുന്നയാളിന് മരണം വരെ ‘എനിക്ക് ആവശ്യത്തിനു സൗന്ദര്യമുണ്ട്’ എന്നു ചിന്തിക്കാനുള്ള ആത്മവിശ്വാസം ഓരോ മേക്കപ്പിടുമ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു ബോധ്യപ്പെടുകയില്ല.

പാപിയെന്നു മരണംവരെ ഏറ്റുപറഞ്ഞാൽ മാത്രമേ മരണാനന്തരം ‘സ്വർഗ്ഗത്തിൽ പോകും’ എന്ന പ്രതീക്ഷയുള്ളു. പാപിയാണ്, സൗന്ദര്യംകുറഞ്ഞ ആളാണ്, സമ്പത്തില്ലാത്തവനാണ് (Litany of Lacks) എന്നൊക്കെയുള്ള ബോധ്യം വർദ്ധിക്കുമ്പോൾ ആ ‘കുറവിന്റെ പ്രാധാന്യം’ വർദ്ധിക്കുകയേയുള്ളു. പ്രാധാന്യം കൂട്ടുന്നവ പരിഹരിക്കപ്പെടുകയില്ലയെന്നു ബോധ്യപ്പെട്ടാൽ അത് ഒരത്ഭുതമായിരിക്കും- തീർച്ച!

ഭൂരിഭാഗം ആളുകളും ഒരു നല്ല നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ്. ലോകം നന്നാക്കാൻ ധാരാളം ആളുകൾ ശ്രമിക്കുന്നുണ്ട്. പക്ഷെ ഒരു പരമരഹസ്യം നാം മനസ്സിലാക്കേണ്ടതു വളരെ അത്യന്താപേക്ഷിതമാണ് – ‘ഈ ലോകത്തെ മാറ്റാൻ നമുക്കു സാധിക്കില്ല. പക്ഷെ ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റാൻ സാധിക്കും; എന്നല്ല മാറ്റിയേ തീരൂ.’

അടിസ്ഥാന യാഥാർത്ഥ്യം അറിയണം

1. ഞാൻ ആരാണ്? 2. എനിക്കെന്താണു വേണ്ടത്? ഈ രണ്ടു ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം അറിയാവുന്നവർ വിരളമാണ്.

‘ഉണ്ട്’ (പണം, വിദ്യാഭ്യാസം, ആസ്തി, കുടുംബമഹിമ, സ്വാധീനശക്തി) എന്നു തോന്നുന്നതിനനുസരിച്ച് ഞാൻ പണക്കാരനാണ്, ബുദ്ധിമാനാണ് എന്നൊക്കെ ചിന്തിക്കുകയും സമൂഹത്തെ അതു ബോധ്യപ്പെടുത്താൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നവർ അനേകായിരങ്ങളാണ്.

എനിക്കെന്താണു വേണ്ടത് – പണം, ബിരുദം, ബഹുമാന്യപദവി, പൊതുജന സമ്മതി, പരിശുദ്ധി മുതലായ ഒരു നീണ്ട ലിസ്റ്റ് അവതരിപ്പിക്കാൻ പലർക്കും സാധിക്കും. പക്ഷേ അതെല്ലാമോ, അതിൽ പലതോ കരസ്ഥമാക്കിയിട്ടുള്ളവർ അതുണ്ടെന്ന് അഭിമാനിക്കുന്നവർ പരിപൂർണ്ണ സംതൃപ്തരാണോ? ഭൂരിഭാഗവും, പ്രസിദ്ധ മനശ്ശാസ്ത്ര വിദഗ്ധനായ എബ്രഹാം മാസ്സോ പറയുന്നതുപോലെ, ‘മൂകമായ നിരാശയിൽ വിരസമായ ജീവിതം തള്ളിവിടുന്നവരാണ്.

‘ലോകം മുഴുവൻ ഞാൻ എന്റെ ശത്രുവിനെ തേടി. അവസാനം ഞാൻ കണ്ടുപിടിച്ചു. അതു ഞാൻ തന്നെയാണ്’ എന്ന് ഒരു പണ്ഡിതൻ പറഞ്ഞത് എത്ര അർത്ഥസംപുഷ്ടമാണ്. ഈ ലോകത്തിൽ നാം ഏറ്റവും വെറുക്കുന്നതും ശിക്ഷിക്കണമെന്നാഗ്രഹിക്കുന്നതും അവസാനം കൊല്ലുന്നതും നമ്മെത്തന്നെയാണെന്നു പറഞ്ഞാൽ കല്ലെറിയാൻ ആളുകൾ ക്യൂ നിന്നെന്നു വരാം. പക്ഷെ അതാണു സത്യം. നാം ‘കാര്യമായി’ ആലോചിക്കാതെ (impulsively) ചെയ്യുന്നതെല്ലാം നമ്മെ ഉപദ്രവിക്കാനുള്ളതു മാത്രമാണ്.

ഈ ലോകത്തിൽ ആസ്വാദ്യകരമായിട്ടുള്ളതെല്ലാം അസാന്മാർഗ്ഗികമോ ദുർമ്മേദസ് വർദ്ധിപ്പിക്കുന്നതോ ചെലവേറിയതോ ആണ് (Everything good in life, is immoral, faltening or expensive) എന്ന് അനേകർ സമ്മതിക്കും. യഥാർത്ഥത്തിൽ അല്പമെങ്കിലും കുറ്റബോധം ജനിപ്പിക്കാത്ത ഒന്നും തന്നെ ആകർഷണീയമായിരിക്കില്ല. അതിന്റെ അടിസ്ഥാനപരമായ പ്രേരകശക്തി അത് എത്രമാത്രം നമ്മെത്തന്നെ കഷ്ടപ്പെടുത്താമെന്നതിനെ ആശ്രയിച്ചാണ്. ഏതു സന്തേഷപ്രദമായ അവസരവും നാം ആഘോഷിക്കുന്നതെങ്ങനെയാണ്? ആരോഗ്യകരമല്ലാത്ത അമിതഭക്ഷണം, ലഹരിയുപയോഗം, പണദുരുപയോഗം മുതലായവയോ, ആത്യന്തികമായി മന:പ്രയാസത്തിലോ കലാപത്തിലോ എത്തിക്കുന്ന പെരുമാറ്റമോ സംസാരമോ ഒക്കെക്കൊണ്ട്. മനസ്സമാധാനം നഷ്ടപ്പെടുത്താൻ മാത്രമായിരിക്കും അവ വഴിവയ്ക്കുക.

സത്യത്തിൽ ഞാനാരാണ്?

യേശു പറഞ്ഞു- ‘നീ സത്യം അറിയുകയും ആ സത്യം നിന്നെ സ്വതന്ത്രനാക്കുകയും ചെയ്യും.”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ലോകത്തിന്റെ പ്രകാശമാണ്. സ്വർഗ്ഗത്തിലുള്ള പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങൾ പരിപൂർണരായിരിക്കുവിൻ.’

സത്യം മനസ്സിലാക്കണമെങ്കിൽ , നമ്മുടെ പൂർണത ബോധ്യപ്പെടണമെങ്കിൽ നമ്മുടെ നൈർമ്മല്യത്തിനു പ്രാധാന്യം നൽകണം. ഹൃദയശുദ്ധിയിലേക്കു നയിക്കാത്ത ഭക്താനുഷ്ഠാനുങ്ങൾക്കോ പുണ്യപ്രവൃത്തികൾക്കോ യാതൊരു പ്രാധാന്യവുമില്ല. ലോകം മുഴുവൻ നേടിയാലും സ്വന്തം പരിശുദ്ധിയിൽ ആനന്ദിക്കാൻ സാധിച്ചില്ലെങ്കിൽ എന്തു പ്രയോജനം?

സ്വന്തം നൈർമ്മല്യം മനസ്സിലാക്കാൻ പ്രത്യേക പരിശീലനപരിപാടികളോ ഭക്താഭ്യാസങ്ങളോ അത്യാവശ്യമല്ല, എന്നല്ല , ഇന്ന് അവയെല്ലാം വിപരീതഫലമാണുളവാക്കുക. ഏതു പ്രാർത്ഥനയിലും നമ്മുടെ പതിതത്തത്തിനാണ് ഊന്നൽ കൊടുക്കുക. ‘നീചപാപികളും നന്ദികെട്ടവരുമാണ് ഞങ്ങൾ’ എന്നു പറയുമ്പോൾ സംപ്രീതനാകുന്ന ഒരു ദൈവത്തിലാണു നാം വിശ്വസിക്കുന്നത്. സ്വർഗ്ഗത്തിലുള്ള പിതാവിനെപ്പോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്നു പറഞ്ഞത് ‘വിവരക്കേടു’ മൂലമാണെന്നാണ് അതുവഴി ‘ഉത്തമവിശ്വാസികൾ’ പരോക്ഷമായി പറയുന്നത്. ‘നീ പരിശുദ്ധൻ പരിശുദ്ധൻ’ എന്നോ, ‘നന്ദിചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ’ എന്നോ പാടുമ്പോൾ സ്തുതികളിൽ ഉന്നതനാകുന്ന ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു ദൈവത്തോടാണു പലരും പ്രാർത്ഥിക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അതിഭാഷണം ചെയ്യരുത്, നിങ്ങൾക്ക് എന്താണു വേണ്ടതെന്നു സ്വർഗ്ഗസ്ഥനായ പിതാവിന് അറിയാം എന്ന് യേശു പറഞ്ഞതിന് ഭക്തരുടെ പ്രാർത്ഥനകളിൽ യാതൊരു പ്രസക്തിയുമില്ല.

പുറംലോകം ഒരു ദർപ്പണം

നാം ആരാണെന്നറിയാത്തതുമൂലം പുറത്തു കാണുന്നതൊന്നും നമുക്കു മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാട്ടിൽ ജീവിച്ചിരുന്ന ഒരു അപരിഷ്‌കൃത മനുഷ്യൻ ആദ്യമായി, പ്രതിബിംബിക്കുന്ന കണ്ണാടി (Reflecting Mirror)കൊണ്ട് പൂർണമായി ചുറ്റപ്പെട്ട ഒരു മുറിയിൽ അകപ്പെട്ടെന്നു ചിന്തിക്കുക. അയാളുടെ മടിക്കുത്തിൽ ഒരു പേനാക്കത്തി മാത്രം. അയാൾ നോക്കുമ്പോൾ എല്ലാ വശങ്ങളിൽനിന്നും അനേകം ആളുകൾ അയാളെ തുറിച്ചുനോക്കുന്നു. അയാൾ മുഷ്ടി ചുരുട്ടിയപ്പോൾ അവരെല്ലാം അതു ചെയ്തു. പേനാക്കത്തി ഒക്കത്തു നിന്നെടുത്തപ്പോൾ അവരെല്ലാം പേനാക്കത്തിയൂരി അയാളെ വിരട്ടി. ഭയചകിതനായ അയാൾ അവിടെനിന്നു രക്ഷപ്പെട്ടാൽ മതി എന്നാഗ്രഹിക്കുകയാണ്. അതിനുമുമ്പ് അയാളുടെ പ്രതിബിംബം കണ്ടിട്ടില്ലാത്തതാണ് അയാളുടെ ഭയത്തിനു കാരണം.

ബാഹ്യലോകം നമുക്ക് നമ്മെത്തന്നെ കാണിച്ചുതരുന്ന ഒരു മുഖക്കണ്ണാടിയാണ്. നമ്മെത്തന്നെ മാത്രമേ നാം കാണുന്നുള്ളു. സ്വയം അറിയാതെ വരുമ്പോൾ അന്യരാണെന്നു കരുതി മറ്റുള്ളവരെ ആക്രമിക്കാൻ നാം തയ്യാറാകും. അടുത്തകാലത്തെടുത്ത ഫോട്ടോഗ്രാഫിൽനിന്നോ അല്ലെങ്കിൽ മുഖക്കണ്ണാടിയിൽ കണ്ട പ്രതിബിംബത്തിൽ കവിഞ്ഞോ നാം ആരാണെന്നുള്ള ബോധ്യം നമുക്കില്ല. നമ്മുടെ ചിന്തകളാണ് അവർ ചിന്തിക്കുന്നതെന്നു ബോധ്യപ്പെടണം. അവർ നമ്മെ ആക്രമിക്കുമെന്നു ഭയപ്പെടുന്നെങ്കിൽ അവരെ ആക്രമിക്കണമെന്നു നാം ചിന്തിച്ചെന്നു തീർച്ച. നമ്മുടെ പുഞ്ചിരിക്കുള്ള പ്രതികരണമാവട്ടെ, ക്ഷുഭിതഭാവത്തിൽ സമീപിക്കുമ്പോഴുണ്ടാകുന്നതിൽനിന്നു വ്യത്യസ്തമായിരിക്കുകയും ചെയ്യും.

അപ്പോൾ, സ്വയം അറിയുകയെന്നുള്ളത് ഏറ്റവും പ്രധാന നേട്ടമായി കരുതി, അതു കരസ്ഥമാക്കാൻ ശ്രമിക്കണം. നാം വെറുക്കപ്പേടേണ്ടതും ഒളിച്ചു വയ്‌ക്കേണ്ടതുമായ ഏതോ മ്ലേച്ഛജീവിയാണെന്നാണ് നമ്മുടെ ഭയ. അതു കഴിയുന്നത്ര ഗോപ്യമായി വയ്ക്കുന്നത് വിദ്യാഭ്യാസമോ പണമോ അധികാരമോ പൊതുജനസമ്മതിയോ പോലുള്ള കവചങ്ങൾകൊണ്ടാണ്. ഒരു പരിധി കഴിഞ്ഞ് ആരോടും നാം അടുക്കാതിരിക്കുന്നത് ‘യഥാർത്ഥ രൂപ’ത്തിൽ മറ്റുള്ളവർ കാണാതിരിക്കാനാണ്. പുറത്തുകാണുന്ന ഓരോ കുറ്റവാളിയും നമ്മുടെ പൂഴ്ത്തിവച്ചിരിക്കുന്ന മ്ലേച്ഛത നമ്മെ ഓർമ്മപ്പെടുത്തുന്നു.

സ്‌നേഹപ്രകടനമാണു സാധാരണ നമ്മെ കൂടുതൽ ഭയപ്പെടുത്തുക. ഒരു അപരിചിതൻ വളരെ സ്‌നേഹത്തോടെ അടുത്തുവരികയോ സ്‌നേഹപൂർവ്വം പെരുമാറുകയോ ചെയ്താൽ പലതരം സംശയങ്ങൾ നമ്മെ വേട്ടയാടും. അയാൾ പ്രശംസാപരമായി സംസാരിച്ചാൽ എന്തോ വേലവെയ്ക്കാനാണ് അടുത്തു വരുന്നതെന്നു ചിന്തിച്ച് അയാളെ അവഗണിച്ചു മാറിപ്പോകാൻ ശ്രമിക്കും. എന്നാൽ ഒരു അപരിചിതൻ പുലഭ്യം പറയുകയോ അസ്വസ്ഥതയുളവാക്കുന്ന രീതിയിൽ സംസാരിക്കുകയോ ചെയ്താൽ അയാളുടെ വാക്കുകളും പ്രവർത്തനങ്ങളും ഗൗരവമായി കണക്കിലെടുക്കുകയും എങ്ങനെ പ്രതികരിക്കണമെന്നു ഗഹനമായി ചിന്തിക്കുകയും ചെയ്യും.

താൻ സ്‌നേഹത്തിനർഹനല്ലായെന്നു തീർച്ചയുള്ളതുമൂലമാണ് സ്‌നേഹം പ്രകടിപ്പിക്കുന്നവരെ നാം സംശയദൃഷ്ടിയോടെ അവഗണിക്കുന്നത്. പുലഭ്യം പറയുന്നവൻ നമ്മുടെ ‘നിജസ്ഥിതി’യറിഞ്ഞ് ശിക്ഷിക്കാൻ പുറപ്പെട്ടിരിക്കയാണെന്നു നാം തീർച്ചയാക്കുന്നു! സ്വന്തം പതിതത്തത്തെ തുറന്നുകാട്ടാൻ അവനെ അനുവദിക്കുന്നത് അപകടമാണ് എന്നു തീർച്ച! നമ്മെ ഭയപ്പെടുത്തുന്നതിനോടുമാത്രമേ നമുക്ക് ആകർഷണം തോന്നുന്നുള്ളു. ആവശ്യത്തിന് സൗന്ദര്യമില്ലെന്നു വിശ്വസിക്കുന്നയാൾ മാത്രമാണ് മേക്കപ്പിന്റെ ഗുണഗണങ്ങൾ അന്വേഷിക്കുക. സ്വന്തം ആരോഗ്യത്തിൽ ആത്മവിശ്വാസമില്ലാത്തവർ, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി, പണം ദുർവ്യയം ചെയ്‌തെന്നു വരാം. ‘നിങ്ങൾ ലോകത്തിന്റെ ഉപ്പാണ്’ എന്ന് ഒരാൾ നമ്മോടു പറഞ്ഞാൽ ‘ഒരു ഉപദേശി നടക്കുന്നു’ എന്നു പറഞ്ഞു പുച്ഛിച്ചു തള്ളും.

വേണ്ടതറിയാൻ, ആരെന്നറിയുക

നാം ആരാണെന്നു ബോധ്യമുണ്ടെങ്കിലേ നമുക്കെന്താണു വേണ്ടതെന്നു ചിന്തിക്കാൻ സാധിക്കൂ. മറ്റുള്ളവരുടെ അഭിപ്രായത്തിൽ അധിഷ്ഠിതമായ സ്വരൂപം(Self-image) ഉള്ളവർ, നല്ലതെന്നു കേൾക്കുന്നതിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കും. ആത്മവിശ്വാസമുള്ളവർ അവർക്കു വേണ്ടതിനുവേണ്ടി മാത്രമേ ശ്രമിക്കു. ‘എന്താണു വേണ്ടതെന്നു നിശ്ചയമില്ലാത്തവർക്ക് എന്തു കിട്ടിയാലും സംതൃപ്തിയുണ്ടാകില്ല.’ സത്യം അറിയുകയും അങ്ങനെ സ്വതന്ത്രരാകുകയും ചെയ്യുകയാണ് ആത്യന്തിക ലക്ഷ്യം. പക്ഷേ ആ ശ്രമത്തിൽ ഏറെപ്പേരും വഴിതെറ്റി ലക്ഷ്യത്തിൽനിന്നകലുകയാണ്.

നമ്മുടെ മനസ്സിലെ തെറ്റായ ധാരണകളെ അവഗണിച്ച് അതിനതീതമായി നിലകൊള്ളുന്ന സ്വതസിദ്ധമായ, ദൈവദത്തമായ പരിശുദ്ധിയിൽ ശ്രദ്ധയൂന്നിയാൽ, ആ പരിശുദ്ധി ക്രമേണ തെളിയുകയും ആത്യന്തികമായി ജാജ്വല്യമാനമായി വിരാജിക്കുകയും ചെയ്യും. മനസ്സിൽ നിന്ന് ഒരു ചിന്തയേയും മാറ്റിക്കളയാൻ ശ്രമിക്കരുത്. അപ്പോൾ ശ്രദ്ധ അതിൽ പതിയുകയും അതു വലുതാകയും ചെയ്യും. ഞാൻ പാപിയാണ് എന്ന് ഉരുവിട്ടുകൊണ്ടു പരിശുദ്ധനാകാൻ ശ്രമിക്കുന്നത് വിജയിക്കാഞ്ഞതിന്റെ കാരണമതാണ്. അതാണ് യേശു പറഞ്ഞത്, നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടിക്കഴിഞ്ഞുവെന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കുവിൻ. അപ്പോൾ അയോഗ്യരാണെന്ന ഭയത്തിനതീതമായി അർഹതയിലേക്കു ശ്രദ്ധ തിരിയും.

ഇതുവരെ പഠിച്ചതെല്ലാം മറക്കുകയാണ് (Unlearn) യഥാർത്ഥ നൈർമ്മല്യം (നഷ്ടപ്പെട്ടെന്നു ഭയപ്പെടുന്ന, എന്നാൽ നഷ്ടപ്പെടാൻ സാധ്യമല്ലാത്ത ആ നൈർമല്യം) അനുഭവിക്കാനുള്ള മാർഗ്ഗം.

‘എല്ലാം മറക്കുമ്പോൾ സത്യം അറിയും.
സത്യം അറിയുമ്പോൾ എല്ലാം മറക്കും.’

(അവസാനിച്ചു)

Leave a comment

Your email address will not be published. Required fields are marked *