പ്രൊഫ. ലീന ജോസ് ടി.

”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു.

പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് “നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത”
(Let Us Dream: The Path to A Better Future, Simon & Schuster).

തന്റെ മൂന്നു ‘കോവിഡ് പ്രതിസന്ധി’കളിലെ ദൈവാനുഭവത്തിന്റെ ജീവൻ തുടിക്കുന്ന വാക്കുകളിൽ, പുതിയ ലോകത്തിനായുള്ള പ്രത്യാശ നിറഞ്ഞ ജീവിതദർശനം പാപ്പ ഇതിൽ മതപരമായും മതാന്തരമായും ആവിഷ്‌കരിക്കുകയാണ്.

വ്യക്തമായി കാണുക, നന്നായി തിരഞ്ഞെടുക്കുക, ശരിയായി പ്രവർത്തിക്കുക – തന്റെ എല്ലാ പ്രബോധനങ്ങളിലും നേരിട്ടോ പരോക്ഷമായോ ഉപയോഗിച്ചുപോന്ന ഇതേ ‘അൽഗോരിഥം’ (algorithm) തന്നെയാണ് കോവിഡനന്തര ലോകത്തിനായുള്ള ഈ മാർഗദർശനത്തിലും അദ്ദേഹം പ്രയോഗിക്കുന്നത്.

സ്‌ത്രൈണ വിവേകം

”ദൈവമേ, എന്തുകൊണ്ട് ഈ കോവിഡ്” എന്നു ചോദിച്ച് ഉത്തരം കിട്ടാത്ത ജനങ്ങളിലേക്ക്, ‘നമ്മൾ ഒരൊറ്റ ജനതയാണ്’ എന്ന് ഓർമിപ്പിക്കുന്ന ദൈവത്തിന്റെ സ്‌നേഹം വരുന്നതിന്റെ നല്ല വാർത്ത കാരുണ്യത്തിന്റെ ഈ സ്‌നേഹദൂതൻ അറിയിക്കുന്നു. സ്‌നേഹത്തിന്റെ വരവു കാണുക എന്നതാണു പ്രതിസന്ധി മറികടക്കുന്നതിന്റെ ആദ്യപടി. അപരനു ശുശ്രൂഷചെയ്ത അനേകകോടി മനുഷ്യരിലൂടെ (അവരിൽ ഏറെയും സ്ത്രീകൾ) ഈ പ്രതിസന്ധിയിൽ സ്‌നേഹം ലോകജനതയിലേക്കു വന്നു.

‘ഭൂമി നമ്മുടെ പൊതുഭവനം’ എന്ന ബോധ്യത്തിലേക്ക് ‘ലൗദാത്തോ സീ’യിലൂടെ ലോകശ്രദ്ധ കേന്ദ്രീകരിപ്പിച്ച പാപ്പ ഒക്‌ടോബറിൽ ‘ഫ്രത്തല്ലി തൂത്തി’യിലൂടെ അതു പിന്നെയും മുന്നോട്ടു കൊണ്ടുപോയിരുന്നു. സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ഒരു പുതിയ ലോകരാഷ്ട്രീയത്തിന് അതിലദ്ദേഹം ചട്ടക്കൂടു തീർത്തു.

ആ പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ സമ്പദ്ക്രമത്തിന്റെയും കേന്ദ്രത്തിലേക്കു സ്‌ത്രൈണവിവേകത്തെ കൊണ്ടുവരികയാണു പുതിയ പുസ്തകത്തിലൂടെ അദ്ദേഹം. ലാഭം എന്നതിനപ്പുറം പൊതുനന്മ ബിസിനസ് ലക്ഷ്യമാക്കുന്ന സാമ്പത്തികപ്രവർത്തനം, എല്ലാവരുടെയും തുല്യമഹത്വം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം – കോവിഡനന്തര ലോകത്തിനു മുമ്പിൽ ‘ലോകത്തിന്റെ ആധ്യാത്മിക ഡയറക്ടർ’ എന്നു ഡോ. ഇവറേ വിശേഷിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പ വയ്ക്കുന്ന ജീവിതക്രമം ഇങ്ങനെ സംഗ്രഹിക്കാം. ഇതിനു സ്ത്രീസഹജമായ വിവേകം അനിവാര്യമായിരിക്കുന്നു.

ഒരു യുഗത്തിന്റെ മാറ്റം

മനുഷ്യസമൂഹം ഇപ്പോൾ മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ കടന്നുപോകുകയല്ല, ഒരു യുഗത്തിന്റെതന്നെ മാറ്റത്തെ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം 2013 മുതൽ നിരന്തരം ഓർമിപ്പിക്കുന്നുണ്ടായിരുന്നു. നേരത്തേതന്നെ തുടങ്ങിയ യുഗമാറ്റം അതിവേഗത്തിലാക്കുക മാത്രമാണു കൊറോണ വൈറസ് ചെയ്തതെന്ന് അദ്ദേഹം പുതിയ പുസ്തകത്തിൽ എടുത്തുപറയുന്നു. കാലത്തിന്റെ അടയാളങ്ങൾ വായിക്കാനും വിവേചിച്ചറിയാനും ഇതു മികച്ച അവസരമാണ്.

”നമ്മൾ സൃഷ്ടജാലത്തിന്റെ ഒരു ഭാഗമാണ്; നാം അതിന്റെ ഉടമസ്ഥരല്ല; ഒരു പരിധിവരെ, നമ്മൾ അതിന്റെ ഉടമസ്ഥതയിലാണ്; അതിൽനിന്നു വേറിട്ടു നമുക്കു ജീവിക്കാനാവില്ല. ഇപ്പോഴത്തെ പ്രതിസന്ധി അഥവാ തകർച്ച നമ്മുടെ കാലത്തിന്റെ അടയാളമാണ്”. ആയുധവ്യാപാരംകൊണ്ടും അവിശുദ്ധരാഷ്ട്രീയംകൊണ്ടും പാരിസ്ഥിതികചൂഷണംകൊണ്ടും ‘കമ്പോളം, എല്ലാം ശരിയാക്കും’ എന്ന മിഥ്യാധാരണകൊണ്ടും ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾ ആകെ സമ്പത്തിന്റെ അമ്പതു ശതമാനവും കൈയടക്കിവയ്ക്കുന്ന രീതിവഴിയും സംഭവിച്ചുപോന്ന തകർച്ചയുടെ മൂർധന്യത്തെയാണ് ഈ അടയാളംകൊണ്ടു നമുക്കു തിരിച്ചറിയാൻ കഴിയുക.

സ്ത്രീകളാണു പ്രത്യാശ

സ്ത്രീകളുടെ നേതൃത്വപരമായ പങ്ക് ഈ പ്രതിസന്ധിയിൽ പ്രത്യാശയുടെ അടയാളമായി പാപ്പ എടുത്തുകാട്ടുന്നു. സ്ത്രീകൾ പ്രസിഡന്റുമാരോ പ്രധാനമന്ത്രിമാരോ ആയ രാജ്യങ്ങൾ പൊതുവിൽ മറ്റു രാജ്യങ്ങളെക്കാൾ കോവിഡ് വെല്ലുവിളിയോട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും പ്രതികരിച്ചു. “ചുറുചുറുക്കോടെ തീരുമാനമെടുക്കാനും സഹാനുഭൂതിയോടെ അതു വിനിമയം ചെയ്യാനും കഴിഞ്ഞതുകൊണ്ടാണിത്” എന്നു പാപ്പ നിരീക്ഷിക്കുന്നു.

സുവിശേഷത്തിലെ സ്ത്രീകൾ യേശുവിന്റെ മരണത്തെത്തുടർന്ന് കാണിച്ച മനോബലം ഓർമിപ്പിച്ചാണ് കാലത്തിന്റെ ഈ അടയാളത്തിന്മേൽ പാപ്പ ധ്യാനിക്കുന്നത്: ”ഈ മഹാവ്യാധിക്കാലത്തെ അനേകമനേകം സ്ത്രീകളെപ്പോലെ, എല്ലാം ചേർത്തുനിറുത്താനും വഴിയിലെ തടസ്സങ്ങൾ കൈകാര്യം ചെയ്യാനും തങ്ങളുടെ കുടുംബങ്ങളിലും സമുദായങ്ങളിലും പ്രത്യാശ കെടാതെ സൂക്ഷിക്കാനും അവർക്കു കഴിഞ്ഞു…. കർത്താവ് ആദ്യമായി നവജീവൻ പ്രഖ്യാപിച്ചത് അവരോടാണ്. അവർ സന്നിഹിതരും ശ്രദ്ധാലുക്കളും പുത്തൻ സാധ്യതകളോടു തുറന്നിരുന്നവരും ആയതുകൊണ്ടാണിത്. ഇന്നത്തെ പ്രതിസന്ധിയിൽ സ്ത്രീകൾ കൊണ്ടുവരുന്ന കാഴ്ചപ്പാടല്ലേ, ഇനിയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ലോകത്തിനാവശ്യം? ഈ മുഹൂർത്തത്തിലേക്കു ചില സ്ത്രീകൾ കൊണ്ടുവരുന്ന നവമായ ചിന്ത തിരിച്ചറിയാനും വിലമതിക്കാനും ഉൾച്ചേർക്കുവാനും ആത്മാവു നമ്മെ പ്രചോദിപ്പിക്കുകയല്ലേ?”

മാതൃസഹജമായ സമ്പദ്ക്രമം

മരിയാന മസ്സുക്കാറ്റോ, കേറ്റ് റാവർത്ത് തുടങ്ങിയ വനിതാ സാമ്പത്തികശാസ്ത്രജ്ഞരെ പാപ്പ എടുത്തുപറയുന്നുണ്ട്. പതിവു പാഠപ്പുസ്തകങ്ങളിലെ സാമ്പത്തികശാസ്ത്രത്തിന്റെ അപര്യാപ്തതയിലേക്കു കണ്ണുതുറന്നുകൊണ്ട്, സ്ത്രീകൾ എന്ന നിലയിൽ തങ്ങൾ അനുഭവിച്ചറിയുന്ന ”യഥാർത്ഥ” സമ്പദ്ഘടനയുടെ കാഴ്ചപ്പാടിലാണ് അവർ പുതിയ മാതൃകകൾ മുന്നോട്ടുവയ്ക്കുന്നത്. കൂലിയില്ലാത്തതോ അനൗപചാരികമോ ആയ അധ്വാനം, ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അനുഭവം, ഉയർന്ന തലത്തിലുള്ള അക്കാദമീയ ജോലിക്കൊപ്പം വീടു നടത്തിക്കൊണ്ടുപോകുന്ന പണി – ഇതെല്ലാം പഴയ സാമ്പത്തികമാതൃകകളുടെ തകരാറുകളെക്കുറിച്ച് അവരെ ബോധവതികളാക്കി.

മുഖ്യധാരാ ചിന്താരീതികൾ ഇതുവരെ വഴിമാറിപ്പോയിക്കൊണ്ടിരുന്ന സൃഷ്ടജാലത്തോടുള്ള കരുതൽ, പാവപ്പെട്ടവരുടെ കാര്യത്തിലുള്ള ശ്രദ്ധ, പണംകൊണ്ടു വിലപറയാത്ത ബന്ധങ്ങളുടെയും പൊതുമേഖലയുടെയും മൂല്യം, സമ്പത്തുല്പാദനത്തിൽ സിവിൽ സമൂഹത്തിന്റെ സംഭാവന തുടങ്ങിയവയിൽ പുതിയ വനിതാ സാമ്പത്തികശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വളർച്ചയിലും ലാഭത്തിലും മാത്രം ശ്രദ്ധയൂന്നാതെ, സമൂഹത്തിൽ പങ്കാളികളായി വളരാൻ ആളുകളെ സഹായിക്കുന്ന ഈ മാതൃകകളെ കൂടുതൽ ”മാതൃസഹജമായ” സമ്പദ്ഘടന (maternal economy) എന്നാണു പാപ്പ വിശേഷിപ്പിക്കുക. യൂണിവേഴ്‌സൽ ബേസിക് ഇൻകം(യു.ബി.ഐ.) പോലെയുള്ള സാമ്പത്തികനയങ്ങൾ സമ്പദ്ഘടനയെ ‘മാതൃവാത്സല്യം’ ഉള്ളതാക്കും. ഭൂമി, പാർപ്പിടം, പണി (Land, Lodging,Labour) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങൾ പല ഭൂഖണ്ഡങ്ങളിലും ഉണ്ടാക്കുന്ന സാമൂഹിക മുന്നേറ്റങ്ങളും ഇതോടു ചേർത്തുവയ്ക്കുമ്പോൾ, പുതിയൊരു ലോകത്തിന്റെ ഭാവിരൂപം തെളിയുകയാണ്.

തുല്യമഹത്വം

സാമ്പത്തികവ്യവസ്ഥയും രാഷ്ട്രീയവും എന്നപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്‌ത്രൈണവിവേകത്തിന്റെ വെളിച്ചം പ്രസരിക്കുമ്പോഴാണ്, മൂർത്തമായ പ്രവർത്തനങ്ങളിലൂടെ തുല്യ മനുഷ്യമഹത്വം വിലമതിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു ലോകം ഉറപ്പാകുക. അതു വെറുമൊരു സ്വപ്നമല്ല, മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വഴിയാണ് എന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞവസാനിപ്പിക്കുമ്പോൾ, രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സമാപനദിനത്തിൽ (1965 ഡിസംബർ 8) പോൾ ആറാമൻ മാർപാപ്പ ലോകത്തിലെ സ്ത്രീകൾക്കു നൽകിയ സന്ദേശം സാക്ഷാത്കൃതമാകുന്നുണ്ട്. അതിങ്ങനെയാണ്:

”സ്ത്രീകളുടെ ദൗത്യം പൂർണമാകുന്ന സമയം, മുമ്പെങ്ങുമുണ്ടാകാത്തവിധം സ്വാധീനവും അർത്ഥവും ശക്തിയും സ്ത്രീക്കു കൈവരുന്ന സമയം, സമാഗതമായിരിക്കുന്നു. മനുഷ്യവംശം ഒന്നടങ്കം സമൂലമായ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സദ്‌വാർത്തയുടെ ചൈതന്യമുള്ള സ്ത്രീകൾക്കു മനുഷ്യരാശിയെ അധഃപതനത്തിൽനിന്നു രക്ഷിക്കാൻ വളരെയേറെ ചെയ്യാനുണ്ട് […] നമ്മുടെ വംശത്തിന്റെ ഭാവിയെ ശ്രദ്ധാപൂർവം കണക്കിലെടുക്കാനും പുരുഷൻ അജ്ഞതമൂലം മനുഷ്യസംസ്‌കാരത്തെ മുഴുവൻ നശിപ്പിക്കാൻ ഉദ്യമിക്കുന്നെങ്കിൽ അവനെ തടയാനും സൂനഹദോസ് നിങ്ങളോടാവശ്യപ്പെടുന്നു […] സത്യത്തെ മധുരവും മൃദുലവും എളുപ്പത്തിൽ പ്രാപ്യവുമാക്കിത്തീർക്കേണ്ടത് എങ്ങനെയെന്നു സ്ത്രീകൾക്കറിയാം”.

അമ്പത്തഞ്ചു വർഷം മുമ്പത്തെ സൂനഹദോസിന്റെ ഈ സന്ദേശം ഫ്രാൻസിസ് മാർപാപ്പയിലൂടെ ഇപ്പോൾ ലോകത്തിന്റെ അജണ്ടയാകുന്നു.

(കെ.സി.ബി.സി.യുടെ പൊതു പാസ്റ്ററൽ കൗൺസിലിന്റെ മുൻ വൈസ് പ്രസിഡന്റും സി.ബി.സി.ഐ. പൊതു പാസ്റ്ററൽ കൗൺസിലിന്റെ മുൻ ദേശീയ നിർവാഹകസമിതി അംഗവുമായ ലീന viewspaper.in ജേർണൽ എഡിറ്ററാണ്.)

Leave a comment

Your email address will not be published. Required fields are marked *