മരിക്കാനല്ലാത്ത, ജീവിക്കാനുള്ള ആത്‌മീയത

വ്യൂസ്പേപ്പർ ടീം

യേശുവിന്റെ ജീവിതം, അതായത് യേശുവിന്റെ വാക്കും പ്രവൃത്തിയും. അതു നൽകുന്ന ജീവിതസന്ദേശത്തിനപ്പുറം എന്തെങ്കിലും വെളിപാട് ബൈബിളിലുണ്ടോ?

ആ വാക്കും പ്രവൃത്തിയും എന്തെന്ന് അറിയുവാൻ ഉപകരിക്കുന്നിടത്താണ് ബൈബിൾവായനയ്ക്ക് അർത്ഥമുണ്ടാകുക.

യേശു പറഞ്ഞതും പ്രവർത്തിച്ചതും ചരിത്രത്തിന്റെ എന്തു context-ലാണ് എന്നറിയാൻ യഹൂദ പഴയനിയമം ഉപകരിച്ചേക്കാം. എന്നാൽ, പഴയനിയമത്തിലെ ഏതെങ്കിലും വാക്യങ്ങളെടുത്ത് യേശുവചനങ്ങളെ നമ്മൾ മുക്കിക്കളഞ്ഞാൽ അതു കഷ്ടമല്ലേ?


സഭതന്നെ അംഗീകരിച്ച ശാസ്ത്രീയ ബൈബിൾപഠനങ്ങൾ വച്ച്, തീർച്ചയായും യേശു പറഞ്ഞതായി ഉറപ്പിക്കാവുന്ന എഴുപതിലേറെ വാക്യങ്ങളുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു ബൈബിൾ വായിച്ചാൽ, യേശുവിന്റെ ആത്മാവിൽ നിറഞ്ഞു ബൈബിൾ വായിക്കാം.

അപ്പോൾ നമുക്കു സംശയമില്ലാതെ ബോധ്യമാവും:

  • ദൈവം സ്‌നേഹമാകുന്നു; സ്‌നേഹം മാത്രമാകുന്നു; കരുണാർദ്രസ്‌നേഹം മാത്രമാകുന്നു.
  • ദൈവരാജ്യം വന്നുചേർന്നു; അതു നമുക്കുള്ളിൽത്തന്നെയാണ്.
  • സ്വയം അറിഞ്ഞു മറ്റെല്ലാവരോടും കരുണ കാട്ടുന്നതാണ് ഏറ്റവും വലിയ ദൈവാരാധന.
  • ദൈവരാജ്യത്തിൽ എല്ലാവരും തുല്യരാണ്.
  • സഭയിലായാലും സമൂഹത്തിലായാലും നേതൃത്വചുമതലയിലുള്ളവർ എല്ലാവരുടെയും ദാസർ (സേവകർ) ആവണം.


ആഴ്ചയിലൊരിക്കലെ കൂടിച്ചേരൽ സമഭാവനയോടെയുള്ള പങ്കുചേരലിന്റെയും പങ്കുവയ്പിന്റെയും ആഘോഷമായിരുന്നു. ആ പങ്കുവയ്പിന്റെ പരമോദാത്തമായ അടയാളമായിരുന്നൂ ദിവ്യകാരുണ്യം.

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ദുരിതങ്ങൾ മറികടന്ന് ലോകം നീതിയിലും സമാധാനത്തിലുമാവാൻ ഉപകരിക്കുന്ന യേശുവിന്റെ സുവിശേഷസാരം ഇങ്ങനെ എത്രയോ ലളിതമാണ്.

എന്നിട്ട് ദൈവശാസ്ത്രജ്ഞന്മാർ തമ്മിൽ, മെത്രാന്മാർ തമ്മിൽ, സഭകൾ തമ്മിൽ ഇത്രയേറെ തർക്കങ്ങളും വഴക്കുകളും എങ്ങനെ ഉണ്ടായി? ക്രിസ്തുമതം ലോകത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മതമായിട്ടും ഇത്രയേറെ ചൂഷണവും മർദനവും അസമത്വവും അക്രമവും യുദ്ധങ്ങളും ഭൂമിയിൽ എങ്ങനെയുണ്ടായി?
നാലു കാര്യങ്ങളുടെ പരിണാമചരിത്രം നോക്കിയാൽ ഉത്തരം കിട്ടും.

i. യേശുവിന്റെ വചനങ്ങളുടെ സമാഹാരമായി ആദ്യമുണ്ടായ മൂലസുവിശേഷ രചനകൾക്ക് സംഭവിച്ച പരിണാമം.
ii. ആദിമ സഭാസമൂഹങ്ങളുടെ ഞായറാഴ്ചസമ്മേളനത്തിൽ നടന്ന ദിവ്യകാരുണ്യാഘോഷം സങ്കീർണവും വ്യത്യസ്തവുമായ ലിറ്റർജികളാവുന്നതിലെ പരിണാമം.
iii. ഞായറാഴ്ചസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് അപ്പം മുറിക്കുകയും യേശുവചനങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നവർ, എല്ലാവരുടെയും സ്വത്തുകൾ കൊണ്ടുവന്ന് ആവശ്യാനുസരണം വീതംവയ്ക്കുന്നതിനു സഹായിക്കുന്നവർ എന്നിങ്ങനെയുള്ള ലളിതമായ ജോലിവിഭജനം ഹൈരാർക്കി എന്ന അധികാരഘടനയാവുന്നതിലെ പരിണാമം.
iv. വേദശാസ്ത്ര വിദഗ്ധരെവച്ച് തയ്യാറാക്കിയ ഡോഗ്മകളുടെ പരിണാമം.

ഈ പരിണാമത്തിനിടയിൽ സഭകളിൽ രണ്ടു ധാരയുണ്ടായി.

1 – യേശുവിന്റെ ലളിതമായ ദൈവരാജ്യസുവിശേഷം വിശ്വസിച്ച്, ആദിമവിശ്വാസികളുടെ ലളിതമായ അതേ വിശ്വാസം സ്‌നേഹത്തിൽ പ്രവർത്തനനിരതമാക്കിപ്പോരുന്നവരുടെ യേശുധാര.

2- യേശുവിനെ ഒരു മഹാപുരോഹിതനും അഭിഷിക്തരാജാവും (‘ക്രിസ്തു’) ആയിക്കണ്ട് രാജത്വത്തിന്റെ എല്ലാ രീതികളും പിന്തുടരുന്നവരുടെ ക്രിസ്തുധാര.


പരിണാമചരിത്രം മനസ്സിലാക്കുവാൻ പള്ളിക്കു പുറത്തു സൗകര്യമുള്ള ഈ ‘കമ്യൂണിക്കേഷൻ യുഗ’ത്തിൽ കുഞ്ഞുങ്ങൾക്ക് ആദിമ സഭാസമൂഹങ്ങളുടെ ലളിതമായ വിശ്വാസവും അതിനു പിന്നിലുള്ള മൂലസുവിശേഷവും അതിനു പിന്നിലുള്ള യേശുവിനെയും അറിയാൻ വഴിയൊരുങ്ങിയിട്ടുണ്ട്.

ലോകം മാറുകയാണ്. ഈ മാറ്റത്തിനു മുന്നിൽ, ക്രിസ്തുധാരയുടെ രാജകീയസങ്കല്പങ്ങൾക്കു പിന്മാറാതെ വയ്യ. ഉള്ളിലെ സ്‌നേഹാത്മാവിനെ കണ്ടെത്തുന്ന പുതിയ തലമുറകൾ ആ പിന്മാറ്റം അനിവാര്യമാക്കും. പുതിയ തലമുറകളുടെ വഴിമുടക്കുവാൻ, സ്‌നേഹത്തിൽ ലളിതവും ദൃഢവുമായി അവർക്കുള്ള വിശ്വാസം തകർക്കുവാൻ, ശ്രമിക്കുന്നതിനു പകരം സ്വയം മാനസാന്തരപ്പെടുവാൻ രാജത്വസ്‌നേഹികൾക്കു കഴിയട്ടെ. പ്രാർത്ഥിക്കുവാൻ കഴിയുന്നവർ അവർക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. തങ്ങളിലും രാജത്വ ക്രിസ്തീയതയുടെ എന്തെങ്കിലും അവശിഷ്ടങ്ങൾ ഉണ്ടോയെന്ന് ആത്മശോധന നടത്തുകയും ചെയ്യാം

ബൈബിളും ആരാധനക്രമവും ഹയരാർക്കിക്കൽ ഘടനയും തിയോളജിയും യേശുവിനെക്കാൾ വലുതാവുമ്പോൾ, കാരുണ്യത്തിന്റെ യേശുധാരയ്ക്കു മീതെ കരുണയില്ലാത്ത ക്രിസ്തുധാര ഒഴുകും. അതു മേധാവിത്വത്തിന്റെ ശക്തിധാരയാകും. യേശു പറഞ്ഞതെന്തെന്ന് പിന്നെ പറച്ചിലില്ല. യേശുവായി ജീവിക്കാനല്ല, യേശുവായി മരിക്കാനാവും പിന്നെ ആഹ്വാനം (‘കുരിശിൽ മരിക്കാൻ മനുഷ്യനു കഴിയുമോ’ എന്ന് അടക്കം പറഞ്ഞ് പള്ളിപിരിഞ്ഞ് ജനങ്ങൾ അവരവരുടെ വഴിക്ക് പോവുകയും ചെയ്യും).


മരിക്കാനല്ല, ജീവിക്കാനുള്ള മാതൃകയാണു യേശു. അങ്ങനെയൊരു യേശുവിനെയാണ് കുഞ്ഞുങ്ങൾ സ്‌നേഹിക്കുന്നത്. അവരുടെ യേശുസ്‌നേഹത്തെ തടയാതിരിക്കാം.

Join the Conversation

1 Comment

  1. സുവിശേഷവും കുർബാനയും മനോവിപ്ലവങ്ങൾ ആണ്. ദൈവത്തിന്റെ മനസ്സ് (ഇച്ഛ ) മാറ്റിയെടുക്കാൻ ഉള്ള മന്ത്രവും തന്ത്രവും അല്ല അവ ; മനുഷ്യ മനസ്സിന്റെ, മനോഭാവങ്ങളുടെ, മാറ്റം ആണ് സുവിശേഷശ്രവണവും കുർബാനയിലെ പങ്കുചേരലും. മാറാത്ത മനുഷ്യൻ ദൈവത്തെ മാറ്റാൻ നടത്തുന്ന വിഫലശ്രമങ്ങൾ ആണ് ഇന്നു പലപ്പോഴും ഭക്തി അഭ്യാസങ്ങളുടെ രൂപത്തിൽ കാണുന്നത്. സ്ത്രീകൾക്ക് ഇത് തിരിച്ചറിയുവാൻ കഴിയുമെങ്കിൽ സമൂഹത്തിൽ അതുണ്ടാക്കുന്ന ചലനവേഗം ചെറുതായിരിക്കില്ല.

Leave a comment

Your email address will not be published. Required fields are marked *