യുവജനങ്ങൾക്കായുള്ള 2018 സിനഡിനു തൊട്ടുമുമ്പ്
എസ്റ്റോണിയ സന്ദർശനവേളയിൽ സെപ്റ്റംബർ 25-ന്
ടാളിനിൽ എല്ലാ സഭകളിലെയും ചെറുപ്പക്കാരോട്
ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം, പുതിയ തലമുറകളുടെ പുതിയ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വ്യക്തമാക്കുന്നു. പ്രസക്ത ഭാഗങ്ങൾ ചുവടെ:

”പ്രിയപ്പെട്ട യുവതീയുവാക്കളേ, നിങ്ങൾക്കു ചുറ്റുമുള്ള മുതിർന്നവർ നിങ്ങളിൽനിന്ന് എന്താഗ്രഹിക്കുന്നുവെന്നോ എന്തു പ്രതീക്ഷിക്കുന്നുവെന്നോ പലപ്പോഴും അവർക്കറിയില്ല.
ചിലപ്പോൾ, നിങ്ങളെ സന്തോഷവതികളും സന്തോഷവാന്മാരുമായി കാണുമ്പോൾ അവർ ജാഗരൂകരാകുന്നു. അല്ലെങ്കിൽ ചിലപ്പോൾ, നിങ്ങളെ ദുഃഖിതരായി കാണുമ്പോൾ അവർ ആ ദുഃഖം പുനർജീവിപ്പിക്കുന്നു.

“വിധിപ്രസ്താവനകൾ കൂടാതെ ആരെങ്കിലും ഒന്നു സഹയാത്ര ചെയ്യുകയും ഞങ്ങളെ മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ!” നിങ്ങളിൽ ഏറെപ്പേർ ഇങ്ങനെ ചോദിക്കുന്നു. നിങ്ങളെ കേൾക്കാനും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും നിങ്ങൾ ആശിച്ചുപോകുന്നു.

നിങ്ങളെ കേൾക്കാനും നിങ്ങളുടെ ജീവിതത്താൽ തങ്ങളെ ചോദ്യംചെയ്യാനും അങ്ങനെ പ്രബുദ്ധമാക്കപ്പെടാനും തയ്യാറാകുന്നതിനു പകരം നമ്മുടെ ക്രൈസ്തവസഭകൾ അങ്ങോട്ടു പറയാനും ഉപദേശിക്കാനും തത്രപ്പാടിലാണ്. നിങ്ങളുടെ അനുഭവങ്ങൾക്കു പകരം ഞങ്ങളുടെ അനുഭവത്തിൽനിന്നു നിർദ്ദേശം വയ്ക്കാൻ തത്രപ്പെടുന്ന മനോഭാവങ്ങളുമായി സഭകൾ നിലകൊള്ളുകയാണ്. സ്ഥാപനപരമായി സുഘടിതമായ എല്ലാ മതപ്രക്രിയകളും ചിലപ്പോൾ ഇങ്ങനെയാണെന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു.

അതു മനസ്സിലാക്കാതെ ക്രൈസ്തവസമൂഹങ്ങൾ മിക്കപ്പോഴും അടഞ്ഞുപോകുകയാണ്. അവർ നിങ്ങളുടെ ഉത്കണ്ഠകൾ ഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് എന്താണു വേണ്ടതെന്നും നിങ്ങൾ എന്തു പ്രതീക്ഷിക്കുന്നുവെന്നും മാർപാപ്പയ്ക്ക് അറിയാം: കർക്കശനായ ഒരു ന്യായാധിപനാലോ ഭയപ്പെടുത്തി അമിതസംരക്ഷണം നൽകി ആശ്രിതത്വം നിലനിർത്തുന്ന ഒരു പിതാവിനാലോ മാതാവിനാലോ അനുയാത്ര ചെയ്യപ്പെടാനല്ല നിങ്ങൾ ആഗ്രഹിക്കുന്നത്, മറിച്ച് തന്റെ ദൗർബല്യത്തെ ഭയപ്പെടാത്ത ആരെങ്കിലും ഒരാളാൽ അനുയാത്ര ചെയ്യപ്പെടാൻ നിങ്ങളാഗ്രഹിക്കുന്നു.

[2 കോറിന്തോസ് 4:7 ഓർമിപ്പിച്ചുകൊണ്ട് മാർപാപ്പ തുടരുന്നു] തന്റെ മടിത്തട്ടിൽ ഒരു മൺപാത്രത്തിലെന്നോണം ഇരിക്കുന്ന നിധി പോഷിപ്പിക്കുവാനറിയുന്ന ആരെങ്കിലും നിങ്ങളോടൊത്തു നടക്കുവാൻ നിങ്ങളാഗ്രഹിക്കുന്നു.

ഇവിടെ ഇന്നു ഞാൻ ഇതു നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു: നിങ്ങൾ കരയുന്നുവെങ്കിൽ നിങ്ങളോടൊത്തു കരയുവാൻ ഞാനാഗ്രഹിക്കുന്നു. കർത്താവിനെ പിന്തുടർന്നു ജീവിക്കുവാൻ നിങ്ങളെ സഹായിക്കേണ്ടതിന് നിങ്ങളുടെ സന്തോഷങ്ങളെ കരഘോഷവും പൊട്ടിച്ചിരിയുംകൊണ്ട് അനുധാവനം ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നു.

പ്രിയപ്പെട്ട ചെറുപ്പക്കാരേ, ഒരു ക്രൈസ്തവസമൂഹം ശരിക്കും ക്രൈസ്തവമായിരിക്കുമ്പോൾ അതു മതപരിവർത്തനത്തിനു ശ്രമിക്കില്ലെന്നു നിങ്ങൾക്കറിയാം. ക്രൈസ്തവസമൂഹം മറ്റുള്ളവരെ ശ്രവിക്കുകയും സ്വാഗതമോതുകയും അനുയാത്രചെയ്യുകയും സഞ്ചരിക്കുകയുമേയുള്ളൂ; ഒന്നും അടിച്ചേല്പിക്കില്ല.

തർക്കിക്കാനാവാത്ത ഒരു യാഥാർത്ഥ്യത്തിനു മുന്നിൽ ഞങ്ങൾ ഞങ്ങളെത്തന്നെ കൊട്ടിയടയ്ക്കുമ്പോൾ നിഷ്‌കളങ്കരായി നിങ്ങൾ ചോദിക്കുന്നു: ”ഇതു നിങ്ങൾ കാണുന്നില്ലേ?” നിങ്ങളിൽ കുറേക്കൂടി തന്റേടമുള്ളവർ ചോദിക്കും: ”ഇനിമേൽ ആരും നിങ്ങളെ കേൾക്കില്ലെന്നും വിശ്വസിക്കില്ലെന്നും നിങ്ങൾക്കു മനസ്സിലാവുന്നില്ലേ?”

കുഞ്ഞുങ്ങളേ, ആത്യന്തികമായി നിങ്ങളെ അകറ്റിക്കൊണ്ടുപോകുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഞങ്ങൾ തിരുത്തിയെങ്കിലേ നിങ്ങളുടെ പക്ഷത്താകാൻ കഴിയൂ. അതു തിരിച്ചറിയുന്നതിന് ഞങ്ങൾ യഥാർത്ഥത്തിൽ ഞങ്ങളെത്തന്നെ മാനസാന്തരപ്പെടുത്തേണ്ടതുണ്ട്.

[തുടർന്ന് മാർപാപ്പ ലോകത്തെല്ലായിടത്തും സഭകളിൽ കാണുന്ന ദുഷ്പ്രവണതകളെ പരാമർശിക്കുന്നു. എന്നിട്ട് തുടരുന്നു:] ഭയങ്ങൾ ഞങ്ങളെ അടച്ചുകളയുന്നു. ഭയങ്ങൾ ഞങ്ങളെ മതപരിവർത്തനവാദികളാക്കുന്നു. സാഹോദര്യം മറ്റൊന്നാണ്: തുറന്ന ഹൃദയവും സഹോദരനിർവിശേഷമായ ആശ്ലേഷവും.

[……………..]നിങ്ങൾ ഇമേജുകളുടെ തലമുറയാണ്. സിദ്ധാന്തത്തിന്റെയും സിദ്ധാന്തീകരണത്തിന്റെയും എന്നതിനേക്കാൾ പ്രവൃത്തിയുടെ തലമുറ.
മറ്റുള്ളവരിലേക്കു സുവിശേഷം കൊണ്ടുചെല്ലാൻ ക്രിസ്തുശിഷ്യന്മാരുടെ ധീരതയ്ക്കായി നമുക്കു പ്രാർത്ഥിക്കാം. എന്നാൽ ആ ധീരത സുവിശേഷം മുന്നോട്ടുവയ്ക്കാനാണ്, അടിച്ചേല്പിക്കാനല്ല.

ഓർമകളുടെ ഒരു മ്യൂസിയമായി നമ്മുടെ ക്രൈസ്തവജീവിതത്തെ കാണാനുള്ള പ്രവണതയെ ചെറുക്കാൻ ധൈര്യം വേണം. ആ ധൈര്യത്തിനായും നമുക്കു പ്രാർത്ഥിക്കാം. ക്രൈസ്തവജീവിതം ജീവനാണ്, ഭാവിയാണ്, പ്രത്യാശയാണ്. അതൊരു മ്യൂസിയമല്ല!

അതുകൊണ്ടു നമ്മുടെ മ്യൂസിയങ്ങൾക്കു പുറത്തുകടന്ന് സഭകൾ നമ്മുടെ ചെറുപ്പക്കാരോടു ചേരട്ടെ. സുവിശേഷത്തിന്റെ ആനന്ദം നമുക്കു പങ്കുവയ്ക്കാം. ആനന്ദിച്ചാലും! ആഹ്ലാദിച്ചാലും!

Photo: Vatican Media

Leave a comment

Your email address will not be published. Required fields are marked *