ജോബി താരാമംഗലം ഒ.പി.

ഇല്ലാത്ത വിശുദ്ധിയുടെ വിശുദ്ധ പരിവേഷങ്ങൾ ഫലത്തിൽ അശുദ്ധമാണ്. ദൈവാനുഭവത്തിലേക്കും ആന്തരിക വിശുദ്ധിയിലേക്കുമാണ് ഓരോ വിശ്വാസിയും ആഗ്രഹിച്ചടുക്കുന്നത്. എന്നാൽ വിശ്വസനീയമായി കരുതപ്പെടുന്നവ ശിഥിലതയാണ് സൃഷ്ടിക്കുന്നതെങ്കിലോ?

കെട്ടുകഥകളിലെ കാര്യകാരണവിശദീകരണങ്ങൾ വെളിപാടുകളായി ഇന്ന് അവതരിപ്പിക്കപ്പെടുമ്പോൾ, ഒരിക്കൽ അന്ധവിശ്വാസങ്ങളായി കരുതപ്പെട്ടിരുന്നവ മാമോദീസ നൽകപ്പെട്ട് വിശ്വാസത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്. അനാവശ്യമായ ഭീതിയും, ദൈവത്തെയും മനുഷ്യനെയും കുറിച്ച് വിചിത്രമായ ധാരണകളും ഇവ വിശ്വാസികൾക്കിടയിൽ സൃഷ്ടിക്കുന്നുണ്ട്.

ജനപ്രിയരായ പ്രഘോഷകരിൽ പലരും ഉന്നതിയുടെ സുവിശഷകരും, രാഷ്ട്രീയതാല്പര്യങ്ങൾ ഉൾപ്പെടുത്തി വിശ്വാസമെന്ന പേരിൽ ധ്രുവീകരണം നടത്തുന്നവരും, അതേ തരംഗത്തിൽ അന്ത്യകാലപ്രവചനങ്ങൾ ഉൾപ്പെടുത്തുന്നവരുമാണ്. അവയിൽത്തന്നെ ചൂഷണസാധ്യതകൾ ഒളിഞ്ഞുകിടക്കുന്നുമുണ്ട്. വിശ്വാസികളുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന സമീപനങ്ങൾ ഏതായാലും പരിശുദ്ധാത്മാവിൽനിന്നാവില്ല. ചില കേന്ദ്രങ്ങൾ Youtube ‘വീട്ടുനുറുങ്ങുകൾ’ വീഡിയോ പോലെയാണ് വിശ്വാസത്തെയും പ്രാർത്ഥനയെയും അവതരിപ്പിക്കുന്നത്. കുറുക്കുവഴി തേടുന്നവരെ സൂത്രവിദ്യകൾകൊണ്ട് തൃപ്തരാക്കാൻ ശ്രമിക്കുന്നവർ സുവിശേഷം നൽകുന്ന സ്വാതന്ത്ര്യമല്ല വിളംബരം ചെയ്യുന്നത്.

ഓരോ ചാക്രികലേഖനവും വിശ്വാസത്തെ മാത്രമല്ല, കാലത്തിനനുസരിച്ചു വിശ്വാസത്തിന്റെ സാമൂഹികപ്രതിബദ്ധത കൂടി കാണിച്ചുതരുന്നുണ്ട്. അവ പരിചയപ്പെടാനും ഉചിതമായ രീതിയിൽ സ്വന്തം ബോധ്യങ്ങളാക്കുവാനും അങ്ങനെ സമൂഹത്തെ സഹായിക്കുവാനും ശ്രമിക്കുന്നില്ല എന്നത്, ജനപ്രിയപ്രവാചകരുടെ പരാജയം മാത്രമല്ല വിശ്വാസിസമൂഹത്തോടുള്ള അനീതി കൂടിയാണ്. പകരം ധ്രുവീകരണ സ്വഭാവമുള്ള ആശയങ്ങൾ പകർന്നു നൽകി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. സഭയുടെ കാഴ്ചപ്പാടുകൾ അവർക്ക് ബോധ്യങ്ങളായിരുന്നെങ്കിൽ ‘സമുദായ’ നിർമ്മിതിക്കും സംരക്ഷണത്തിനും തുനിയില്ലായിരുന്നു, വേർതിരിവുകളിൽ അഭിമാനിക്കുന്നതിൽനിന്നും യഥാർത്ഥ സ്‌നേഹം നമ്മെ പിന്തിരിപ്പിക്കുമായിരുന്നു, മറ്റുള്ളവരെയും അവരുടെ വിശ്വാസങ്ങളെയും പുച്ഛത്തോടെയും വിധിയോടെയും സമീപിക്കില്ലായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മുതലെങ്കിലും ഉള്ള എത്രയോ മാർഗരേഖകൾ ആധുനിക കാലത്തെ സഭയെക്കുറിച്ചും സമൂഹങ്ങളുടെ പരസ്പരബന്ധത്തെക്കുറിച്ചും സാമൂഹികപ്രതിബദ്ധതയെക്കുറിച്ചും അതു പ്രാവർത്തികമാക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അവ അവയിൽത്തന്നെ അവസാനവാക്കല്ലെങ്കിലും, ഓരോ കാലഘട്ടത്തിലേക്കും അവ വിശ്വാസയാത്രയിൽ പ്രചോദനങ്ങളാണ്. അവ സഭയുടെ വാക്കുകളാണ്. അവ ഇനിയും വിശ്വാസത്തിന്റെയോ ആത്മീയതയുടെയോ സാന്മാർഗികതയുടെയോ ഭാഗമായിട്ടില്ല. പകരം വൈകാരികമായി ആളുകളെ നിയന്ത്രിക്കാവുന്ന ബൈബിൾ വ്യാഖ്യാന ശൈലിയാണ് അറിഞ്ഞോ അറിയാതെയോ പ്രബലമാകുന്നത്. വിശ്വാസപ്രബോധനം എന്നത് ജനപ്രിയരായ ചിലരുടെ പ്രസംഗങ്ങളിലേക്കു ചുരുങ്ങിപ്പോയി എന്നതാണ് സത്യം.

എന്തുകൊണ്ടാണ്, വിശ്വാസത്തിന്റെ നിധികൾ ഉണ്ടായിട്ടും താത്കാലിക ലാഭം നൽകുന്ന രീതികളിലേക്ക് ചുരുങ്ങുന്നത്? വൈകാരികഭാവങ്ങളെ ഉണർത്താനാവുന്ന സമീപനരീതികൾകൊണ്ടു സന്തുഷ്ടരാകുന്നത്? എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതും സ്വീകാര്യത ലഭിക്കുന്നതുമായതുകൊണ്ടാണോ? അവയിലൂടെയുള്ള പ്രവാചകപ്രതിച്ഛായയുടെ ലഹരിയാണോ? സഭാപഠനങ്ങൾ പഠിക്കേണ്ടത് ശ്രമകരമായതുകൊണ്ടും വേണ്ടവിധം അവതരിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്തതുകൊണ്ടുമാണോ? സങ്കീർണപ്രശ്‌നങ്ങൾ വരുമ്പോൾ ഉചിതമായ ഉത്തരങ്ങളില്ലാത്തതിലുള്ള സങ്കോചാവസ്ഥയാണോ? സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങളെ വേണ്ടവിധം പഠിക്കുവാനും പ്രശ്‌നങ്ങളെ വേണ്ടവിധം വിലയിരുത്തുവാനുമുള്ള താല്പര്യ/കഴിവ് കുറവുകൊണ്ടാണോ? പരിചിതമല്ലാത്തതെന്തും തിന്മയെന്നും പൈശാചികമെന്നും വിധിച്ചുകൊണ്ട് അവയെ !അഭിമുഖീകരിക്കുന്നതിൽനിന്നും വേണ്ടവിധം വിശകലനം ചെയ്യുന്നതിൽനിന്നും ഒഴിഞ്ഞുമാറുകയാണോ?

പ്രഘോഷകർ സ്വർഗ്ഗരാജ്യത്തെയും പരിശുദ്ധാത്മാവിനെയും സ്വന്തം കുത്തകയാക്കി മാറ്റുന്ന മനോഭാവങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ. വെല്ലുവിളികൾ കേൾക്കാനും അവയിലുള്ള സന്ദേശം അറിയാനും കഴിഞ്ഞെങ്കിലേ സുവിശേഷം കേൾക്കുന്നവർ കൂടി ആകുവാൻ കഴിയൂ. കേൾപ്പിക്കുന്നവർ ആദ്യം, കേൾക്കുന്നവരാകണം. വിവിധ മാനങ്ങളുള്ള പുതിയ സാംസ്‌കാരികപ്രവണതകളെ മനസ്സിലാക്കാൻ വിശാലമായ വായനയും ആളുകളുമായുള്ള സംഭാഷണങ്ങളും (പ്രത്യേകിച്ച് അത്തരം മേഖലകളിൽ പ്രത്യേകം അറിവുള്ളവരുമായി) ആവശ്യമാണ്. ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും പുച്ഛിക്കുന്നത് സഭയുടെ ശൈലിയല്ല. എന്തിനും ഉത്തരം നൽകേണ്ട സർവ്വവിജ്ഞാനകോശമാകേണ്ടതില്ല പ്രഘോഷകനും കൗൺസിലറും. ആളുകൾക്ക് കരുത്തും പ്രോത്സാഹനവുമേ ആവശ്യമായുള്ളു, വെളിച്ചവും ഉത്തരവും ദൈവം നൽകിക്കൊള്ളും.

എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള ഒരു സ്വർഗ്ഗരാജ്യസങ്കല്പമല്ലല്ലോ സഭയ്ക്കുണ്ടായിരുന്നത്. ചിലരുടെ അവകാശവാദങ്ങൾ, തങ്ങളാണ് ദൈവരാജ്യം സൃഷ്ടിക്കുന്നത് എന്നതുപോലെയാണ്. സങ്കീർണതകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അതിനു നൽകാൻ കഴിയുന്ന ഒറ്റ ഉത്തരമല്ല ദൈവരാജ്യം. അനിശ്ചിതങ്ങൾക്കിടയിൽ ഒറ്റയ്ക്കും കൂട്ടായും അന്വേഷിച്ചു കണ്ടെത്തേണ്ട നിധിയാണത്. അതിനായി പരസ്പരം താങ്ങി നിർത്താനുള്ള മാർഗ്ഗരേഖകളാണ് സഭ പകർന്നുനൽകുന്നത്. അവ മനസ്സിലാക്കുന്നത് വിശ്വാസവളർച്ചയുടെ ഭാഗമാണെന്നും, അവയുടെ കാലികപ്രസക്തി പ്രവാചകദൗത്യത്തിന്റെ കനലാണെന്നും നേതൃത്വത്തിലുള്ളവർ പോലും ധ്യാനിക്കുന്നില്ലെങ്കിൽ സഭാസമൂഹങ്ങൾ ശുഷ്‌കമാവുകയാണ്, മലമുകളിലെ വിളക്കാകാൻ കഴിയാതെ മങ്ങി നിൽക്കുകയാണ്.’


ലേഖകന്റെ കൂടുതൽ രചനകൾക്ക്:
tharamangalammalayalam.blogspot.com

Photo by Shane Rounce

Join the Conversation

1 Comment

  1. Liked your comments about being sensitive to the human reality.
    Yes,
    The Church needs to grow much in social awareness and genuine love.
    Thanks and congratulations

Leave a comment

Your email address will not be published. Required fields are marked *