വ്യൂസ്പേപ്പർ ടീം
(രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നു മെത്രാന്മാരും രണ്ടു ഡസൻ വൈദികരും പങ്കെടുത്ത 2022 ഫെബ്രുവരി 9-ലെ വ്യൂസ്‌പേപ്പർ സെഷനിൽ പാരഡൈം ഷിഫ്റ്റ് ഫെസിലിറ്റേറ്റർ പ്രഫ. ലീന ജോസ് ടി. നടത്തിയ അവതരണത്തെ ആധാരമാക്കി)
”ഒരു ആശയത്തിന്റെ സമയം ആഗതമായാൽ എല്ലാ സൈന്യങ്ങളെയുംകാൾ അതു ശക്തമാണ് ” എന്ന് വിക്ടർ യൂഗോ.
നിരുപാധികസ്‌നേഹം (Unconditional Love) ആണു ദൈവം. എല്ലാവരെയും ഭയത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്ന നിരുപാധിക സ്നേഹത്തിന്റെ ആ സത്യമാണു യേശുവിൽ സമ്പൂർണ്ണമാക്കപ്പെട്ട ദൈവാവിഷ്‌കരണം. ഇതു വിശ്വസിക്കാൻ സമയമായി. കാരുണ്യംതന്നെയാണു ദൈവം എന്ന വിശ്വാസബോധ്യം ഏറ്റുപറയാൻ സമയമായി.
ഭയത്തിൽനിന്നു ഭയത്തിന്റെ അഭാവത്തിലേക്കുള്ള മനുഷ്യവംശത്തിന്റെ പരിണാമത്തിലെ ഒരു സവിശേഷഘട്ടത്തിലാണു നമ്മുടെ ലോകം.
പുതുതലമുറകൾതന്നെയാണ് അതിന്റെ തെളിവ്.
ഭയത്തിന്റെ സമ്പൂർണ അഭാവം തന്നെയാണു നിരുപാധികസ്‌നേഹം. പുതുമനുഷ്യരാൽ പുതിയ മനുഷ്യരാശി രൂപംകൊള്ളുന്ന ഈ പുതുയുഗത്തിൽ പുതുതലമുറ നിരുപാധികസ്‌നേഹത്തിന്റെ പാരഡൈമിൽ (വിചാരമാതൃകയിൽ) ദൈവത്തെ വിചാരിക്കുന്നു, മനസ്സിലാക്കുന്നു, അനുഭവിക്കുന്നു. ഇതിനു വിപരീതമായ പ്രഘോഷണങ്ങൾ ഇനി നിലനിൽക്കില്ല. അത്തരം പ്രഘോഷണങ്ങളുടെ സൈനികശക്തി ഇനി നിലനിൽക്കില്ല.
പുതുതലമുറയ്ക്കു ദൈവത്തിൽ വിശ്വാസമില്ലാതാകുകയല്ല, പഴയ തലമുറകൾ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച ചില സ്വഭാവങ്ങളോടുകൂടിയ ഒരു ദൈവത്തെ അവർ അവിശ്വസിക്കുകയാണ്. ദൈവത്തിന്റെ സ്‌നേഹം സോപാധികം (Conditional) ആണെന്ന പഠിപ്പിക്കലുകളെയാണ് അവർ അവിശ്വസിക്കുന്നത്. കണ്ടീഷൻവച്ചു സ്‌നേഹിക്കുന്ന ഒരു ദൈവമോ? എങ്കിൽ ആ ദൈവം ദൈവമല്ല. അതാണവർ പറയാതെ പറയുന്നത്. കുറവു കുഞ്ഞുങ്ങൾക്കല്ല, നാം പ്രസംഗിച്ചിരുന്ന ദൈവബോധത്തിനാണ്.
നമ്മുടെ അപര്യാപ്തമായ ദൈവാനുഭവത്തിൽനിന്നു വരുന്നതാണ് ആ അപൂർണ ബോധം (അതു വരുന്നത്, നമുക്കുമുമ്പേ പോയവർ കൈമാറിയ അപര്യാപ്ത സ്‌നേഹാനുഭവത്തിന്റെ പാഠശാലകളിൽനിന്നുമാവാം). മുതിർന്ന തലമുറ എത്ര തടയാൻ നോക്കിയാലും പുതുതലമുറകളിൽ സംഭവിക്കുന്ന സമ്പൂർണ ദൈവാവിഷ്‌കരണത്തെ, നിരുപാധിക കരുണക്കടലിലേക്കുള്ള കുത്തൊഴുക്കിനെ, ആർക്കും ഒന്നിനും തടയാനാവില്ല. സർവ്വശക്തമാണത്.
ഇപ്പോൾ നടക്കുന്നതായി ഫ്രാൻസീസ് മാർപാപ്പ പറയുന്ന യുഗമാറ്റത്തിന്റെ ഒരു പ്രധാന സവിശേഷതയാണു ദൈവവിചാരത്തിലെ ഈ മാറ്റം. കണ്ടീഷൻവച്ചു സ്‌നേഹിക്കുകയും കണ്ടീഷൻ തെറ്റിയാൽ ദുരിതം തന്നു നശിപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ദൈവം എന്ന് എന്തിനു വിളിക്കണം? ഇതു പഴയമട്ടിലുള്ള ദൈവവിചാരവുമായി പോകുന്നവരോട് പുതിയയുഗം ഉന്നയിക്കുന്ന നിർണായക ചോദ്യമാണ്. ഇതാണ് ഈ യുഗസന്ധിയുടെ ചോദ്യം.
ദൈവകോപം, ദൈവപ്രീതി, പ്രതികാരം, ശിക്ഷ, ശിക്ഷണം, ന്യായവിധി, സ്വർഗനരകങ്ങൾ എന്നീ പദങ്ങളെല്ലാം യേശുവിന്റെ നിരുപാധിക സ്‌നേഹാവിഷ്‌കരണത്തിന്റെ വെളിച്ചത്തിൽ പുതിയ വിചാരമാതൃകവച്ചു കാണാൻ സമയമായി. The concepts of God and God’s love undergo a paradigm shift in this epochal change.
സഭ ദിവ്യകാരുണ്യ ഒരുമ (communion) ആണെങ്കിൽ അതിന്റെ ഉറവിടം ദിവ്യകാരുണ്യ യേശുവിൽ വെളിപ്പെട്ട നിരുപാധിക സ്‌നേഹമാണ്. നിരുപാധിക സ്നേഹത്തിനു വിപരീതമായ ഭയം സഭയിൽ നീങ്ങുമ്പോളാണ്, ആ സ്‌നേഹം അനുഭവിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായി സഭ ലോകത്തിനു കാണപ്പെടുന്നത്. ദൈവം വെറും കണ്ടീഷണൽ സ്‌നേഹമാണെന്ന അജ്ഞാനവും അവിശ്വാസവും ധ്വനിപ്പിക്കുന്ന സുവിശേഷംപറച്ചിലിലും പഠിപ്പിക്കലിലും മാറ്റംവരുമ്പോഴാണു ഭയം നീങ്ങുക. ഭയം നീങ്ങിയാൽ നിരുപാധിക സ്‌നേഹാനുഭവം വരികയായി. മുന്നുപാധി വയ്ക്കാത്ത സ്‌നേഹത്തിന്റേതായ ആ സാമൂഹികാനുഭവത്തിന്റെ സമയം സമാഗതമായി. സ്‌നേഹരാജ്യസമയമാണിനി.
ഭൂമിയിൽ ദൈവരാജ്യം എന്ന സ്‌നേഹരാജ്യം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിനുനേരെ കണ്ണടച്ചുപിടിച്ചുകൊണ്ട് ”അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ” എന്നു കാണാപ്പാഠം ചൊല്ലുവാൻ പുതിയ തലമുറകൾക്കു കഴിയില്ല. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകുന്നതിനു നന്ദിയും സ്തുതിയും പറയുകയാണവർ. അവർക്കൊപ്പം കണ്ണുതുറക്കേണ്ടേ? പുതിയ കാഴ്ചകളെ പുതിയ വിചാരമാതൃകകൾ വച്ചു വിനിമയം ചെയ്യേണ്ടേ? (രണ്ടു പതിറ്റാണ്ടിലേറെയായി ഞങ്ങൾ ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു).
നിരുപാധികസ്‌നേഹം എന്ന യഥാർത്ഥ സ്‌നേഹത്തിന്റെ സുവിശേഷജ്ഞാനമാണ് ഇനി ലോകത്തിനാവശ്യം. അതിനു വിപരീതമായ വിചാരം, വാക്ക്, ശൈലി, പ്രസംഗം, പ്രവൃത്തി – അതു മാത്രമേ നഷ്ടപ്പെടാനുള്ളൂ. കിട്ടാനുള്ളതോ പൂർണസുവിശേഷത്തിന്റെ പൂർണാനന്ദം. ഘടനകളെക്കുറിച്ചു ആകുലചിത്തരാകേണ്ട. ഭയപ്പെടേണ്ട. ഘടനയ്ക്കുള്ളിൽ, മാറേണ്ടതേ മാറൂ. മാറ്റമില്ലാത്ത യേശുവിനു സ്വന്തമായതൊന്നും തകർന്നുപോവില്ലാത്ത, ഘടനയുടെ രൂപാന്തരം.
സിമ്പിൾ ഫെയ്ത്തിന്റെ യുഗമാണു വരുന്നത്. യേശു ജീവിച്ചു വെളിപ്പെടുത്തിയ ഉപാധിവയ്ക്കാത്ത സ്‌നേഹം എന്ന സിമ്പിൾ സത്യത്തിലുള്ള സിമ്പിൾ ഫെയ്ത്തിന്റെ യുഗം. ആ ഫെയ്ത്ത് ആണു പുതുയുഗത്തിൽ ലോകത്തിനു ജീവദായകമാവുക, ജീവപോഷകമാവുക. മാനുഷികപരിമിതികളുള്ള സിദ്ധാന്തങ്ങളിലും വേദശാസ്ത്ര തത്ത്വങ്ങളിലുമല്ല, യേശുജീവിതത്തിന്റെ ചുരുക്കെഴുത്തായ നിരുപാധിക സ്‌നേഹത്തിലാണ് ആ ഫെയ്ത്ത് നങ്കൂരമുറപ്പിക്കുക.