പ്രൊഫ. ലീന ജോസ് ടി.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്ന് ക്രിസ്ത്യൻ സ്‌കൂൾ മതിലുകളിൽ എഴുതിവച്ചതു കണ്ടാണ് ഞാൻ വളർന്നുവന്നത്. ‘ദൈവം സ്‌നേഹമാകുന്നു’ എന്നു
പഠിക്കുമ്പോഴും ‘ദൈവഭയം’ ‘ദൈവകോപം’ എന്നീ വാക്കുകൾ എന്നിൽ ഏറെക്കാലം ചിന്താക്കുഴപ്പം സൃഷ്ടിച്ചു.

പഠിച്ചുപോന്നത് അഴിച്ചുപണിതു കിട്ടിയപ്പോഴാണ് ആശ്വാസമായത്. നെഞ്ചിൽനിന്നു ഭാരമിറങ്ങിയതുപോലുള്ള ആശ്വാസം. ഭയത്തിൽനിന്നുള്ള മോചനം, വിടുതൽ, രക്ഷ.

പഞ്ചഗ്രന്ഥിയിലും (Torah) മറ്റു പഴയനിയമ ഗ്രന്ഥങ്ങളിലും ജനതകൾ ഇസ്രയേലിന്റെ ദൈവത്തെ ഭയപ്പെടുന്നതായി പറയുന്നു. അതോടൊപ്പം ‘Fear of God is the beginning of Wisdom’, ‘The beginning of knowledge’, ‘The foundation of life’ എന്നിങ്ങനെ ബൈബിൾ ജ്ഞാനഗ്രന്ഥങ്ങളിലുണ്ട്. ‘ദൈവഭയം’ എന്നു പരിഭാഷപ്പെടുത്തുന്ന ഈ ‘Fear of God’ മനുഷ്യർക്കുണ്ടാവേണ്ട ഒരു നല്ലകാര്യംപോലെ അവിടെ കടന്നുവരുന്നു.

അതേസമയം, ‘ഭയപ്പെടേണ്ട’ എന്നതാണ് ബൈബിളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചുവരുന്ന ദൈവവചനം. മുന്നൂറ്ററുപത്തഞ്ചു തവണ അതു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതായി എണ്ണിയവരുണ്ട്. പഴയനിയമത്തിൽ യഹോവയോ പുതിയനിയമത്തിൽ യേശുവോ പറയുന്നതായി എഴുതിയിരിക്കുന്നതാണ് അതിൽ മുക്കാൽ പങ്കും. ഒറ്റ ക്ലിക്കിൽ ഗൂഗിൾ സേർച്ചിൽ അതെല്ലാം വായിക്കാം.

ആണ്ടിൽ എല്ലാ ദിവസവും ഒന്നുവീതം വായിക്കാൻ പാകത്തിൽ 365 വട്ടം ”ഭയപ്പെടേണ്ട” ഉണ്ടെങ്കിലും, ലോകമെമ്പാടും ”ദൈവത്തെ ഭയപ്പെടുക” എന്ന പ്രസംഗം ബൈബിൾ ഉദ്ധരിച്ച് പ്രതിദിനം നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?

രാഷ്ട്രീയം, സാമ്പത്തികം, നിയമപരം, പെരുമാറ്റശാസ്ത്രപരം, മനശ്ശാസ്ത്രപരം, വിദ്യാഭ്യാസ മനശ്ശാസ്ത്രപരം എന്നിങ്ങനെ ഇതിന് ഉത്തരം പലതുണ്ടാകാം. എന്തായാലും എനിക്ക് ഈ കുരുക്ക് അഴിഞ്ഞുകിട്ടിയത് പണ്ടു പഠിച്ച ബൈബിൾ പ്രയോഗത്തിന്റെ മൂലാർത്ഥം തെളിഞ്ഞുകിട്ടിയപ്പോഴാണ്.

‘ദൈവഭയം’ നല്ല കാര്യമായി പ്രത്യക്ഷപ്പെടുന്ന ബൈബിൾ ഗ്രന്ഥങ്ങളുടെ രചനാകാലത്ത് (ബി.സി. ആദ്യ സഹസ്രാബ്ദത്തിന്റെ പകുതി മുതലുള്ള നൂറ്റാണ്ടുകൾ) ഇസ്രായേലിലെ ലേഖകർ ഭാരതീയ ഭാഷകളിലെ ‘ധർമ’ത്തിനു സമാനമായി ഉപയോഗിച്ച ഒരു ഹീബ്രു ഭാഷാപദമുണ്ട്. അതാണ് ഇന്നത്തെ ബൈബിൾ പരിഭാഷകളിൽ ‘Fear of God’ ആയും ‘ദൈവഭയം’ ആയും പ്രത്യക്ഷപ്പെടുന്നത്. ദൈവത്തെ സ്‌നേഹിക്കുകയും സേവിക്കുകയും യഹൂദധർമം ആചരിക്കുകയും ചെയ്തുകൊണ്ട് യഥാർത്ഥ മതാനുയായി ആകുക – ഇതാണ് മൂലഗ്രന്ഥകാരന്മാർ അർത്ഥമാക്കിയതെന്നു ബൈബിൾ ഗവേഷകർ തെളിയിച്ചിരിക്കുന്നു. അപ്പോൾ, വിഷപ്പാമ്പിനെയോ പ്രകൃതിക്ഷോഭത്തെയോ കള്ളനെയോ സർക്കസിലെ ശിക്ഷകനെയോ ഭയപ്പെടുന്നതുപോലെ ദൈവത്തെ ഭയപ്പെടുന്നതല്ല, ധർമം ആചരിക്കുന്നതാണു ജ്ഞാനത്തിന്റെ ആരംഭം എന്നു വരുന്നു. ഭയമെവിടെ, യഥാർത്ഥ ധർമാചരണമെവിടെ!

പ്രാചീന ഉറവിടങ്ങൾ മുഴുവൻ സൂക്ഷ്മമായി പരിശോധിച്ച വിദഗ്ധർ മൂലഭാഷകളിൽനിന്നു നേരിട്ടു പരിഭാഷപ്പെടുത്തി യു.എസ്. കത്തോലിക്കാ മെത്രാൻ സമിതിയുടെ അനുമതിയോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് ‘ദ് കാത്തലിക് സ്റ്റഡി ബൈബിളിൽ’ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ന്യൂ അമേരിക്കൻ ബൈബിളിന്റെ പുതിയ പതിപ്പിൽ പഴയ ‘ദൈവഭയ’വാക്യങ്ങളുടെയെല്ലാം അടിക്കുറിപ്പുകളിൽ ഈ ചരിത്രസത്യം എടുത്തുപറഞ്ഞിട്ടുണ്ട്.

”ദൈവത്തോട് ആദരസമന്വിതവിസ്മയത്തോടെയും (reverential awe and respect) ദൈവേഷ്ടത്തോട് വിധേയത്വത്തോടെയും ജീവിക്കുക” എന്ന സ്‌നേഹസന്ദേശമാണ്, തലമുറകൾ കുറെ കഴിഞ്ഞപ്പോൾ ”ദൈവത്തെ ഭയപ്പെടുക” എന്ന ഭീഷണിയായി തലതിരിഞ്ഞത്. ദൈവേഷ്ടത്തിനു വിധേയപ്പെട്ടു ജീവിക്കുന്നതാണ് ഉത്തമ ധർമാചരണം. ദൈവസ്‌നേഹം അനുഭവിച്ച് സ്‌നേഹം അനുഷ്ഠിക്കുക. അങ്ങനെവരുമ്പോൾ ഇംഗ്ലീഷുകാർക്ക് ‘religion’-ഉം ഭാരതീയർക്ക് ‘ധർമവും’ ആകുന്നൂ ജ്ഞാനത്തിന്റെ ആരംഭം.

ഇത്രയും ഗവേഷണം നടക്കാതിരുന്ന കാലത്ത് ‘fear of God’ ആണു ജ്ഞാനത്തിന്റെ കവാടം എന്നു പഠിപ്പിക്കപ്പെട്ടു. ദൈവത്തെ പേടിച്ചുപോയവരല്ലേ പഴയ തലമുറക്കാർ? അവർക്കു പുതുതലമുറക്കാരെ മനസ്സിലാക്കി അവരോടൊത്തു
സന്തോഷപൂർവം കഴിയാൻ, പണ്ടു പഠിച്ചുവച്ചത് അഴിച്ചെടുത്തു പുതിയതു പഠിച്ചേ തീരൂ. Learn, Unlearn and Re-learn.

പഠിക്കുകയും പണ്ടു പഠിച്ചത് അഴിച്ചുപണിതു പുതിയതു പഠിക്കുകയും ചെയ്യുക – ഈ നിരന്തര പ്രക്രിയ കൂടാതെ ഇനിയുള്ള കാലത്ത് ജീവിതമില്ല. അത്രവേഗത്തിലാണ് അറിവിന്റെ – മനുഷ്യബോധത്തിന്റെ – വികാസ പരിണാമങ്ങളുടെ വേഗം.  (അതു വെറും സ്പീഡ് അല്ല, acceleration തന്നെയാണ്).

പഴയ സ്‌കൂൾ മതിലുകളിലെ ‘ദൈവവചനം’ എന്തുമാകട്ടെ, നമ്മുടെ ഹൃദയഫലകങ്ങളിൽ ‘സ്‌നേഹംതന്നെയായ ദൈവത്തെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന തിരിച്ചറിവു നമുക്കിന്നു കൊത്തിവയ്ക്കാം. സ്വാതന്ത്ര്യം തരുന്ന ആ തിരിച്ചറിവിന്റെ ആനന്ദത്തിൽ നമ്മുടെ ഉള്ളിൽ കരുണാർദ്രമായ നിരുപാധികസ്‌നേഹം നാം അനുഭവിച്ചുതുടങ്ങും; അപ്പോൾ സഹജീവികളുമായി നിരുപാധിക സ്‌നേഹബന്ധത്തിൽ നമുക്കു ജീവിക്കാൻ കഴിയും. അതു രക്ഷാനുഭവമാണ്.

‘പഴയ മനുഷ്യനെ ഉരിഞ്ഞുകളയുക’ എന്ന വേദവാക്യം എങ്ങനെ പാലിക്കാൻ കഴിയും എന്നു സംഭ്രമിച്ചിരിക്കേണ്ട, പഴയ ധാരണകൾ അഴിച്ചുപണിയാൻ സന്നദ്ധരാവുകയേ വേണ്ടൂ.

പുതിയ ധാരണ മനോഭാവത്തെ മാറ്റിക്കൊള്ളും. മനോഭാവം മാറുമ്പോൾ നാം തനിയെ പുതിയ മനുഷ്യരാകുന്നു.


Photo by Hans-Peter Gauster

Join the Conversation

2 Comments

Leave a comment

Your email address will not be published. Required fields are marked *