സ്ത്രീബോധോദയത്തിന്റെ വഴിയെ തൊഴിലിടങ്ങളിലും പെൺപാദമുദ്രകൾ

സ്ത്രൈണ പ്രതിഭയെ കൂടുതൽ ശോഭയാർന്ന തലത്തിലേക്കു ക്ഷണിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ 2024-ലെ വനിതാദിന പ്രമേയം തിരഞ്ഞെടുത്തത്: സ്ത്രീയിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക. (Invest in woman, Accelerate progress). ഈ ചിന്ത സ്ത്രീയുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ടതാണ്. തുല്യ ലിംഗ പദവിയിലേക്കുള്ള ഒരു പ്രയാണമാണത്.

സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ ആയിരക്കണക്കിനാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞവയാണ്. മതങ്ങളും രാഷ്ട്രീയ സ്ഥാപനങ്ങളും ഭാഷയും സാഹിത്യവും കലകളും സാങ്കേതികവിദ്യകളുമെല്ലാം ഇതിൽ പങ്കായിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടുകൾ തിരുത്തുവാൻ ബോധപൂർവ്വവും ആസൂത്രിതവുമായ എത്രയേറെ ശ്രമങ്ങൾ ആവശ്യമാണ് എന്ന് അത് ഓർമിപ്പിക്കുന്നു. വ്യക്തികളെന്ന നിലയ്ക്ക് തങ്ങളെ അടിച്ചമർത്താനുപയോഗിക്കപ്പെട്ട പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മൂല്യങ്ങളെയും വ്യക്തികൾതന്നെ തിരിച്ചറിയേണ്ടതുണ്ട്.

അതേസമയം, സ്ത്രീയുടെ മോചനം എന്നത് സമൂഹത്തിന്റെ മോചനമാണ്. സാമൂഹികാവസ്ഥയുടെയും വ്യവസ്ഥകളുടെയും പരിണാമാത്മകമായ പരിവർത്തനമാണത്. അതുകൊണ്ടുതന്നെ, അവയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ബഹുജന കൂട്ടായ്മകളുടെതന്നെ ഉത്തരവാദിത്തമാണ്. അതേസമയം, സമൂഹത്തിൽ സ്ത്രീകൾക്കു തുല്യമഹത്വവും തുല്യനീതിയും ലഭിക്കണമെങ്കിൽ, തുല്യതയിൽ പരസ്പരപൂരകമാവുന്ന സ്ത്രീപുരുഷ ബന്ധം സൃഷ്ടിക്കപ്പെടണമെങ്കിൽ, സ്ത്രീകളുടെതന്നെ കരുത്താർജ്ജിക്കലും സംഘംചേരലുകളും അതിനു മുന്നുപാധിയുമാണ്.

സ്ത്രീയും മനുഷ്യൻ

സ്ത്രീകളും പുരുഷന്മാരും ഇതരലിംഗവിഭാഗങ്ങളും ചേരുന്ന സമൂഹത്തിൽ തങ്ങൾ മറ്റാരെയുംപോലെ മനുഷ്യർതന്നെ എന്ന നിലയ്ക്കുള്ള ബോധോദയത്തിന്, പൊതുബോധത്തിൻ്റെ ഉണർവിന്, സ്ത്രീകളുടെ ആത്മബോധം ഉണരുക – അത് അതിപ്രാധാനംതന്നെ. അമർത്തപ്പെട്ടതോ അടിച്ചേല്പിക്കപ്പെട്ടതോ ആയ ഒരു ബോധവുമായി നിന്നിരുന്ന സ്ത്രീ, തൻ്റെ ഉള്ളിലെ തുല്യ മനുഷ്യത്വം തിരിച്ചറിയുന്നിടത്ത്, ആ നിലയ്ക്ക് അവൾ പ്രവർത്തിച്ചു തുടങ്ങുന്നിടത്ത്, പുരുഷൻ്റെ സാമൂഹികബോധവും പരിണാമത്തിനു വിധേയമാകുന്നു. ഈ തിരിച്ചറിവ് ഒരു സാമൂഹിക പരിണാമത്തിന് വഴിയൊരുക്കുന്നു. സ്ത്രീയുടെ ബോധവും സ്ത്രീയെക്കുറിച്ചുള്ള ബോധവും സമൂഹത്തിൽ അതിദ്രുതം പരിണമിച്ചു വികസിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.

സാമൂഹിക-സാമ്പത്തിക വികസന പ്രക്രിയകളിൽ സ്ത്രീകൾ വഹിച്ചിരുന്ന പങ്കിന് ദൃശ്യതയും അംഗീകാരവും ഉണ്ടായത് 1975 മുതലുള്ള യു എൻ വനിതാ ദശകാചരണത്തോടനുബന്ധിച്ചു നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും വഴിയാണ്. അതുവരെ സ്ത്രീയുടെ പര്യായമായി ‘വീട്ടമ്മ’ എന്ന പദവി മാത്രം ഉണ്ടായിരുന്ന കാലം മാറി, സാമൂഹികോല്പാദനത്തിലും തൊഴിൽ മേഖലയിലുമുള്ള അവരുടെ പങ്കാളിത്തത്തിന്റെ സങ്കീർണ്ണതകൾ വിശകലനം ചെയ്യപ്പെട്ടു തുടങ്ങി. അങ്ങനെ സ്ത്രീകൾ സമൂഹത്തിൻ്റെ അതിജീവനത്തിനു വേണ്ടി സംഘടിത-അസംഘടിത മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വൈവിധ്യവും പ്രാധാന്യവും മനസ്സിലാക്കപ്പെട്ടു. കുടുംബകേന്ദ്രീകൃത ക്ഷേമ പരിപാടികളിൽ സ്ത്രീകൾ നടത്തുന്ന ഉല്പാദന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടികളിലേക്ക് മാറ്റം ഉണ്ടായി. വികസന പ്രക്രിയകളിൽ സ്ത്രീയെ പരിഗണിക്കുകയും ഉൾച്ചേർക്കുകയും ചെയ്യുക എന്ന സമീപനം അന്താരാഷ്ട്ര ഏജൻസികളുടെ ഔദ്യോഗിക സമീപനമായി അവതരിപ്പിക്കപ്പെട്ടു.

1990- കളിൽ കുടുംബശ്രീ വഴി സാമ്പത്തിക
ശാക്തീകരണം നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ, അന്നത്തെ മുദ്രാവാക്യം “സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്; കുടുംബത്തിലൂടെ സമൂഹത്തിലേക്ക്” എന്നതായിരുന്നു. അതു ശരിയാണെന്നു കാലം തെളിയിച്ചു. കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവ വഴി ദൃശ്യമായ വളർച്ച ഉണ്ടായി.
HOME MAKER- ൽ നിന്ന് BREADWINNER- ലേക്കുള്ള സ്ത്രീകളുടെ വളർച്ചയ്ക്കടിയിൽ, തങ്ങളും തുല്യ മനുഷ്യമഹത്വം ഉള്ളവർ എന്നുള്ള അവബോധത്തിൻ്റെ വളർച്ചയുണ്ട്. ചരിത്രത്തിൽ സ്ത്രീ സ്വന്തം മഹത്വം തിരിച്ചറിഞ്ഞു വരികയാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിലേക്കുള്ള വളർച്ചയാണത്.

ആസൂത്രണത്തിലും

വികസനപ്രക്രിയയിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതു സൃഷ്ടിക്കുന്ന സാമൂഹിക മാറ്റത്തെക്കുറിച്ചും ഇന്ന് വളരെയധികം അവബോധമുണ്ടെങ്കിലും ആസൂത്രണപ്രക്രിയകളിൽ ഒരു സ്ത്രീവാദ സമീപനം മെല്ലെ ഉയർന്നുവരുന്നതേയുള്ളൂ. വികസനത്തെക്കുറിച്ചുള്ള സമീപനങ്ങളിൽ സ്ത്രീ അദൃശ്യയാകാതിരിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നർഥം.

വികസന പദ്ധതികളും പരിപാടികളും റോഡ്, പാലം, കെട്ടിടം, വിമാനത്താവളം എന്നിങ്ങനെ ചുരുക്കം ചില ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഒതുങ്ങുന്നതല്ല. സ്ത്രീകളുടെ ശാക്തീകരണം (empowerment) ഒരു മുഖ്യപരിഗണനയാകാത്ത വികസനം വികസനമേയല്ല. സ്ത്രീശാക്തീകരണം കുടുംബത്തിന് എതിരല്ല, പുരുഷനെതിരല്ല, പുരുഷർക്കിടയിലെ സ്വാർത്ഥരും അഹംഭാവികളുമായ ചിലരെപ്പോലെ സ്വാർത്ഥരും അഹംഭാവികളുമായ കുറെ സ്ത്രീകളെ ഉണ്ടാക്കിയെടുക്കലല്ല. സ്വയാവബോധം സ്ത്രീകൾക്കും ഉണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്. വർഷങ്ങളായുള്ള പരുവപ്പെടുത്തലുകൾ വഴി പലപ്പോഴും അപകർഷതാബോധവും ആത്മവിശ്വാസമില്ലായ്മയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, തങ്ങളുടെ കഴിവുകൾ തിരിച്ചറിയാനും ആത്മാഭിമാനത്തോടെ കുടുംബകാര്യങ്ങൾക്കപ്പുറവും സാമൂഹികകാര്യങ്ങളിൽ ഇടപെടാനുമുള്ള ഉണർവുണ്ടാകലാണിത്. സ്ത്രീയിലും പുരുഷനിലുമുള്ള ആത്മാവിൻ്റെi ഒരേ സാന്നിദ്ധ്യം തിരിച്ചറിയലാണത്. ആന്തരിക ശക്തി അറിയുന്നതും അതു സാക്ഷാത്കരിക്കുന്നതുമാണത്. അതാണ് അടിസ്ഥാനപരമായ ശാക്തീകരണം. നമുക്കതിനെ വനിതാ ജ്ഞാനോദയം (woman enlightment) എന്ന് വിളിക്കാം. പുരുഷന്മാർ കൂടി അടങ്ങുന്ന പൊതുസമൂഹത്തിനു നേതൃത്വശൈലി, സംഘാടനം എന്നിവയിൽ അതുവഴി പുതുമാതൃകകൾ സൃഷ്ടിക്കപ്പെടുന്നു.

നമ്മൾ ഇന്നനുഭവിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങൾക്കെല്ലാം ഒരു ആഗോളതലമുണ്ട്. സൂഷ്മമായ സാമൂഹിക വിശകലനത്തിൻ്റെ രീതി പരിശീലിക്കുന്നതുവഴി/ പരിശീലിപ്പിക്കുന്നതുവഴി പ്രശ്നങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കാനും പരസ്പരബന്ധം കാണാനും അങ്ങനെ പ്രശ്നങ്ങളെയും സാധ്യതകളെയും അവയുടെ സമഗ്രതയിൽ കണ്ടുകൊണ്ട് അടിസ്ഥാനമാറ്റത്തിനാവശ്യമായ പ്രവർത്തനങ്ങളുമായി സ്ത്രീസംഘടനാ പ്രവർത്തനങ്ങളെ കണ്ണിചേർക്കാനും നമുക്കു കഴിയും, വനിതാജ്ഞാനോദയത്തിലൂടെ.

സ്ത്രീയും കടം വീട്ടും

യു.എൻ ലക്ഷ്യം നേടാൻ സ്ത്രീകളുടെ ഉല്പാദന-വിതരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ‘കടം വലിച്ചുവയ്ക്കാതെ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കുക’ എന്ന് വീട്ടിലുള്ള പുരുഷന്മാർ പറയാതിരിക്കുക. അവർ വായ്പകൾ എടുക്കട്ടെ. തിരിച്ചടയ്ക്കുവാനുള്ള സാമ്പത്തിക അച്ചടക്കം സ്ത്രീകൾക്കുണ്ട്.

കുടുംബത്തിൽ ജീവന്റെ നിലനില്പിനായും ജീവസന്ധാരണത്തിനായുമുള്ള പ്രവർത്തനങ്ങളിൽ ‘ഉല്പാദകരെന്ന നിലയിൽ’ സ്ത്രീകൾ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന് സ്ത്രീകൾക്ക് തന്നെ ബോധ്യം വരിക പ്രധാനമാണ്. ഈ റോൾ തിരിച്ചറിഞ്ഞ് ആത്മാഭിമാനത്തോടെ നീങ്ങാനാകും, സംഘങ്ങളിലും സംഘടനകളിലുംo പ്രവർത്തിക്കാത്തവർക്കുപോലും.

ഇതിനെക്കാൾ പ്രധാനമാണു സ്ത്രീവിരുദ്ധമായ പഴമൊഴികളിൽനിന്നുള്ള ബോധവിമോചനം. “സ്ത്രീ സഹിക്കാൻ വിധിക്കപ്പെട്ടവളാണ്; ഒരു പുരുഷന്റെ സംരക്ഷണയിലേ സ്ത്രീക്ക് ജീവിതമുള്ളൂ” തുടങ്ങിയ ‘ആപ്തവാക്യ’ങ്ങളുടെ ആപത്ത് തിരിച്ചറിയുക. ഇത്തരം വർത്തമാനങ്ങൾ വേദവാക്യമാക്കാത്ത പെൺകുഞ്ഞുങ്ങളുടെ പുതുതലമുറകൾ വരികയാണ്. സ്ത്രീ ‘രണ്ടാംകിട’ എന്ന ധാരണ നിലനിർത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും മതങ്ങളും രാഷ്ട്രീയ കക്ഷികളുമെല്ലാം വലിയ പങ്കു വഹിച്ചുപോന്നു എന്ന് തിരിച്ചറിയുക. നമ്മുടെ കണ്ണിലെ തിമിരം നീക്കുക എന്നുതന്നെയാണ് അതിനർത്ഥം. അപ്പോൾ മനുഷ്യയഥാർഥ്യത്തിന്റെ നല്ല കാഴ്ച – തുല്യ മനുഷ്യത്വത്തിൻ്റെ കാഴ്ച – ഈ പുതിയ ‘പെൺകുഞ്ഞുങ്ങളുടെ നൂറ്റാണ്ടിന്റെ’ കാഴ്ചയാണ്. കുടുംബത്തിലും സഭാസംഘടനകളിലും പണിയിടങ്ങളിലും പൊതുസമൂഹത്തിലും മനുഷ്യരെന്ന നിലയിൽ, ആത്മാവുള്ള സ്വതന്ത്ര വ്യക്തികൾ എന്ന ബോധത്തോടെ ജീവിച്ച്, പരസ്പരം ആദരിച്ച്, പരസ്പരം വിധേയപ്പെട്ടു നമുക്കു ജീവിക്കാം. നീതിയും സമാധാനവും നിറഞ്ഞ ‘അങ്ങേ രാജ്യം’ ഈ ഭൂമിയിൽത്തന്നെ ആരംഭിക്കാൻ ആണും പെണ്ണും കൈകോർക്കുന്ന നൂറ്റാണ്ടുകളാണിനി.

ബൈബിളിൽനിന്നു ധ്യാനിച്ചെടുക്കാം

സഭാംഗങ്ങളായ സ്ത്രീകൾ ചെയ്യേണ്ടത്, യേശുവിന്റെ മനോഭാവം സ്വീകരിക്കുക എന്നതാണ്. അതായത്, നിരുപാധിക സ്നേഹത്തിൻ്റേതായ സമീപനം കൈക്കൊള്ളുക. ദൈവസ്വഭാവം എന്നത് ഉപാധിരഹിത സ്നേഹമാണെന്ന്, കരുണാർദ്ര സ്നേഹമാണെന്ന്, ഗ്രഹിക്കുവാനുള്ള കൃപയ്ക്കായി ദാഹിക്കുക, ജ്ഞാനത്തിനായി ദാഹിക്കുക.

ബൈബിളിലെ എല്ലാ വാക്യങ്ങളും ഒരുപോലെ അക്ഷരാർത്ഥത്തിൽ എടുക്കാതെ, അതിന്റെ സമഗ്രതയിൽ ഊന്നുക. അതിനു യേശുവിൻ്റെ സ്ത്രീസമീപനം ധ്യാനിക്കണം. മനുഷ്യൻ സ്ത്രീയും പുരുഷനും ആണെന്നും അവർ തമ്മിൽ ഉച്ചനീചത്വങ്ങൾ ഇല്ലെന്നും മനസ്സിലാക്കുക. എല്ലാവരെയും ദൈവാത്മാവുള്ളവരായി കണ്ട് ആ സത്യത്തിന്റെ സ്വാതന്ത്ര്യത്തിൽ ധൈര്യവതികളായി ജീവിക്കുക. കൊച്ചുകുഞ്ഞുങ്ങളും സ്വതന്ത്ര വ്യക്തിത്വമുള്ളവരാണെന്നു കണ്ട് അവരെയും മാനിക്കുക. പരസ്പരം പഠിക്കാൻ തയ്യാറാവുക. മുലപ്പാൽ കുടിക്കുന്ന പ്രായം മുതൽ കുഞ്ഞുങ്ങൾക്കു തുല്യ മനുഷ്യമഹത്വത്തിന്റെ ചിന്തകൾ ഉള്ളിൽ നിറച്ചുകൊണ്ട് പാലൂട്ടുക.

വെറും ‘ഭക്തസ്ത്രീ’ ആവേണ്ട

നിരുപാധികസ്നേഹത്തിൽ പ്രവർത്തനനിരതമായ വിശ്വാസബോധത്തോടെ സമൂഹത്തിൽ ഇടപെടുക. നീതിയും അതുവഴി സമാധാനവും നിറഞ്ഞ ലോകത്തിനായി കുടുംബത്തിലും സഭയിലും സമൂഹത്തിലും ഭാഗഭാക്കാകുക. തൊഴിൽവഴികളിലെ പെൺപാദമുദ്രകൾ അഭിമാനത്തോടെ പതിക്കുക. ഇതിനെല്ലാമുള്ള അവബോധം നമ്മിൽ നിറയുന്നതാണ് ആത്മബോധോദയം വഴിയുള്ള ശാക്തീകരണം. സ്നേഹശക്തിയുടെ ആവാഹനവും ആവാസവും പള്ളിയിലും സഭാ സംഘടനകളിലും വെറും ‘ഭക്തസ്ത്രീകൾ’ ആകാതെ, സ്നേഹാവബോധമുള്ള, ആത്മബോധമുള്ള സ്ത്രീകളാകുക.

സ്വയംസാക്ഷാത്കാരത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളെയും മാറ്റിവച്ചു കുടുംബത്തിന്റെയും കുട്ടികളുടെയും അഭ്യുന്നതിക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കായിരുന്നൂ സ്ത്രീയെ പരുവപ്പെടുത്തിയിരുന്നത്. വരുമാനമുണ്ടാക്കുന്ന ഒരു തൊഴിൽ സ്ത്രീയ്ക്കുണ്ടാവേണ്ടത് ഇനി മുന്നോട്ട് ആവശ്യമാണ്. അതിനുവേണ്ട skill (വൈദഗ്ധ്യം) നേടുക എന്നത് അത്യാവശ്യവുമാണ് ഇനി. സാധാരണ നമ്മുടെ സാമൂഹിക വികസന പദ്ധതികളിലൂടെ നടത്തപ്പെടുന്ന മാതൃ-ശിശു സംരക്ഷണ പരിപാടികൾ സ്ത്രീകളുടെ മാതൃത്വത്തിന്‌ പ്രാധാന്യം നൽകി അവരെ നല്ല ശിശു പരിരക്ഷകരും മെച്ചപ്പെട്ട പോഷകാഹാരം നൽകാൻ കഴിവുള്ളവരും ആക്കുന്നുണ്ട്. അതേസമയം സ്ത്രീകളുടെ സ്വന്തം ആവശ്യങ്ങളുടെ പൂരണമോ അതിനു സ്വന്തമായി ഒരു വരുമാനമാർഗ്ഗം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയോ ഇത്തരം പരിപാടികളിൽ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല.

ഈ സാഹചര്യങ്ങളിൽ, മുമ്പു പറഞ്ഞതുപോലെ ‘ആണിനൊപ്പം മനുഷ്യൻ’ എന്ന വനിതാ ആത്മബോധത്തിന്റെ ജ്ഞാനോദയം സംഭവിക്കുകയാണു സമഗ്രപരിഹാരം. ക്രിസ്ത്യൻ വനിതയ്ക്ക് ഉത്പത്തിയുടെ പുസ്തകത്തിൽ നിന്ന്, ഒരേ ദൈവികഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ എന്ന ആത്മബോധം ധ്യാനിച്ചെടുക്കാവുന്നതേയുള്ളൂ – ധ്യാനം ഒരു informed retreat ആണെങ്കിൽ. പഴയനിയമം മുഴുവൻ ആ വെളിച്ചത്തിൽ വായിക്കാം. നിരുപാധിക സ്നേഹം എന്ന യേശുവിന്റെ പുതുനിയമം കൊണ്ട് ആ പഴയനിയമത്തെ പൂർത്തിയാക്കുകയും ചെയ്യാം. ഇത് രണ്ടും വായിച്ചെടുക്കുന്നവൾ, ധ്യാനിച്ചെടുക്കുന്നവൾ, “എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച” മേരിയെപ്പോലെ ഭാഗ്യവതി!

Leave a comment

Your email address will not be published. Required fields are marked *