സ്ത്രീശുദ്ധി: ലേവ്യപുസ്തകത്തിൽനിന്നു മുന്നോട്ട്

ഈപ്പൻ മാത്യു, കോഴഞ്ചേരി

സ്ത്രീയുടെ അശുദ്ധിയെച്ചൊല്ലി കേരളം മുഴുവൻ വികാരംകൊണ്ട ചില മാസങ്ങളാണ് കടന്നു പോയത്. ആചാര- അനാചാര ചർച്ചകളും ഉയർന്നു. വികാരങ്ങൾക്കു തീ പിടിക്കുകയും വ്രണപ്പെടാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്നിടത്ത് യുക്തിസഹവും ശാസ്ത്രീയവുമായ നിലപാടുകൾ പോലും വാശിയും കക്ഷിരാഷ്ട്രീയവും മാത്രമായി പരിഗണിക്കപ്പെടാം. എങ്കിലും തുറന്നുപറയാൻ മടിച്ചിരുന്ന പല പദങ്ങളും കാര്യങ്ങളും പ്രായഭേദമെന്യേ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കത്തക്കവിധത്തിൽ പരസ്യസംവാദങ്ങളായി മാറിയതു നന്നായി.

ഒരു മതനിരപേക്ഷസമൂഹത്തിൽ എല്ലാവരുടേയും വിശ്വാസങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബാദ്ധ്യതയെന്ന നിലയിലാണ് ലിബറൽ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ അത് സംഘടിത പൗരോഹിത്യവിധേയ മതങ്ങളുടെ വിശ്വാസസമീപനങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമായാൽ മതിയോ എന്ന ചോദ്യവും പ്രസക്തമാണ്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും, അതുപോലെതന്നെ മാനവികതയെ വിശ്വാസാടിത്തറയായി കാണുന്ന മതവിശ്വാസികളുടേയും വിശ്വാസത്തോടും ആദരവു പുലർത്തേണ്ടതല്ലേ? ഒരുപക്ഷേ ഒരു വിധത്തിലുമുള്ള ലിബറൽ ചിന്താഗതിക്കാരുടേയും ആദരവു ലഭിക്കാതെ പോയ കൂട്ടരാണ്, യാന്ത്രിക മതവാദികളുടെ ദൃഷ്ടിയിൽ അവിശ്വാസികളെന്നും മതനിന്ദകരെന്നും ദൈവനിന്ദകരെന്നും മുദ്രകുത്തപ്പെട്ട വിശ്വാസികൾ. മതനിരപേക്ഷസമൂഹം ഏറ്റവും ഉയർത്തിപ്പിടിക്കേണ്ടത് മാനവികതയുടെ മൂല്യങ്ങളാണെങ്കിൽ, ആ മൂല്യങ്ങൾക്ക് ദൈവനീതിയുടെ പിന്തുണ നൽകുമ്പോഴാണ് മതവിശ്വാസം മതനിരപേക്ഷസമൂഹത്തിൽ പ്രസക്തമാകുന്നതും വൈവിദ്ധ്യങ്ങളുടെ സമഞ്ജസസമ്മേളനം (harmony) സാദ്ധ്യമാകുന്നതും.

വിശ്വാസവും വിശ്വാസസംരക്ഷണവുമാണു മതവികാരങ്ങൾക്കു പിന്നിൽ ഉയർത്തിപ്പിടിക്കുന്നത് എന്നതിനാൽ, ‘വിശ്വാസം രക്ഷിക്കട്ടെ’ എന്ന അയഞ്ഞ സമീപനം ക്രിസ്തീയ വേദപുസ്തക സന്ദേശത്തിന്റെ വെളിച്ചത്തിൽ പരിശോധനാവിഷയമാക്കുന്നതിനുള്ള ഒരെളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇക്കാര്യത്തിൽ, വേദപുസ്തകത്തോടു വിശ്വാസികൾ പുലർത്തേണ്ട സമീപനം എന്ന വിഷയവും ഗൗരവതരമായി ഉൾച്ചേർന്നിട്ടുണ്ട്. [സമാനമായ ദൈവശാസ്ത്ര വിശകലനങ്ങൾ വിവിധ മതഗ്രന്ഥങ്ങളെയും വിശ്വാസധാരകളെയും ആസ്പദമാക്കി നടത്തിയാൽ വിശ്വാസസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന വളരെയേറെ കോലാഹലങ്ങളുടെ നിരർത്ഥകത ബോദ്ധ്യപ്പെടാവുന്നതാണെന്നു തോന്നുന്നു.]


അശുദ്ധമാക്കപ്പെട്ട ശാരീരികപ്രക്രിയ

സ്ത്രീകളുടെ ആർത്തവം എന്ന ശാരീരികപ്രക്രിയയെ എല്ലാ മതങ്ങളും അശുദ്ധിയായിത്തന്നെ പരിഗണിക്കുകയും തദനുസൃതമായ ആചാരനിഷ്ഠകൾ ബൈബിൾ ഉൾപ്പെടെ എല്ലാ മതഗ്രന്ഥങ്ങളിലും ലിഖിതരൂപത്തിൽത്തന്നെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അലംഘനീയമായ നിയമങ്ങൾ എന്നിടത്തോളം കാർക്കശ്യം ആ അനുശാസനങ്ങളിൽ കാണാം. പൊതുവിൽ എല്ലാ മതങ്ങളും ഏർപ്പെടുത്തിയിരുന്ന ചില നിബന്ധനകളുണ്ട്: ആ ദിവസങ്ങളിൽ സ്ത്രീ ഒരു പ്രത്യേക പുറംവീട്ടിൽ- അതു ഷെഡ്ഡാകാം, കുടിൽ ആകാം, സാമ്പത്തികസ്ഥിതിക്കനുസരിച്ച് ഒരു ചെറിയ വീടു പോലുമാകാം- പാർക്കണം; സ്ത്രീപുരുഷ ശാരീരികബന്ധം പാടില്ല; മറ്റുള്ളവരുമായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പാടില്ല; നേരിൽ ഒരു സാധനവും ആരുമായും കൈമാറാൻ പാടില്ല- ഒരു വസ്തു മറ്റൊരാളെ ഏല്പിക്കണമെങ്കിൽ അത് ഒരു സ്ഥാനത്തു വയ്ക്കുകയും മറ്റെയാൾ അത് അവിടെനിന്ന് എടുത്തുകൊള്ളുകയും വേണം; യാതൊരു പൊതു ചടങ്ങിലും ആ ദിവസങ്ങളിൽ സ്ത്രീ പങ്കെടുക്കാൻ പാടില്ല – അങ്ങനെ പോകുന്നൂ ആ നിബന്ധനകൾ.

കൂടുതൽ കൃത്യമായ നിബന്ധനകൾ ഓരോരോ കാലഘട്ടത്തിലായി വിവിധ മതങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്ത്രീ ആ ദിവസങ്ങളിൽ അപകടകാരിയാണ് എന്നു വിശ്വസിച്ചിരുന്ന സമൂഹങ്ങളുണ്ട്. ആ ദിവസങ്ങളിലെ സ്ത്രീയുടെ നോട്ടമേൽക്കുന്ന മറ്റാളുകൾക്ക് അപകടങ്ങൾ സംഭവിക്കാം, ‘അശുദ്ധിയുടെ ദിവസങ്ങളിലായിരിക്കുന്ന സ്ത്രീ’ രണ്ടു പുരുഷന്മാർക്കിടയിലൂടെ കടന്നുപോയാൽ ആ പുരുഷന്മാർ തമ്മിലുള്ള മൈത്രി തകരും, ഒറ്റയ്ക്കു നിൽക്കുന്ന പുരുഷന്റെ സമീപത്തുകൂടിയാണു കടന്നുപോകുന്നതെങ്കിൽ ആ പുരുഷനു ജീവഹാനിപോലും സംഭവിക്കാം, ആർത്തവദിവസങ്ങളിൽ സ്ത്രീ നഖം വെട്ടിയാൽ തറയിൽ വീണുകിടക്കുന്ന നഖശകലങ്ങളിൽ അറിയാതെ ചവിട്ടാനിടയാകുന്നവർക്കു മരണം സംഭവിക്കാം, ആർത്തവമുള്ള സ്ത്രീ നിൽക്കുന്ന പരിസരങ്ങളിലാകെ മലിനീകരണം പടർന്നുപിടിക്കും എന്നിങ്ങനെയുള്ള വിവിധ വിശ്വാസങ്ങൾ നിലനിന്നിരുന്നു.

യഹൂദമതത്തിന്റെ വിശ്വാസപ്രമാണങ്ങൾക്ക് അടിസ്ഥാനമായ തോറ പുസ്തകങ്ങളിൽ (ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങൾ) വ്യക്തിഗത-സാമൂഹിക-മത നിയമങ്ങൾ അക്കമിട്ടു പറയുന്നുണ്ട്. ലേവ്യ പുസ്തകത്തിൽ ശുദ്ധാശുദ്ധികളുടെ പ്രമാണങ്ങൾ സൂക്ഷ്മാംശങ്ങളിൽവരെ വിശദീകരിച്ചിരിക്കുന്നു. എന്തു തിന്നാം, എന്തിനെയൊക്കെ തൊടാം, ഏതൊക്കെ ദിവസങ്ങൾ ശുദ്ധവും അശുദ്ധവുമാണ്, ഏതൊക്കെ രോഗങ്ങൾ അശുദ്ധി വരുത്തുന്നു, രോമത്തിന്റെ വളർച്ചയുടെയും കൊഴിച്ചിലിന്റെയും അടിസ്ഥാനത്തിലുള്ള ശുദ്ധാശുദ്ധികൾ, ഒരാളുടെ മരണം മറ്റുള്ളവരിലുണ്ടാക്കുന്ന അശുദ്ധി എന്നിങ്ങനെ ഓരോന്നും അവയ്ക്കുള്ള പരിഹാരങ്ങളും എണ്ണിയെണ്ണി പറയുന്നുണ്ട് (ലേവ്യ പുസ്തകം 11-ാം അദ്ധ്യായം). ഇങ്ങനെ പറഞ്ഞുപോകുന്ന കൂട്ടത്തിലാണ് ‘ആർത്തവ അശുദ്ധി’ അതിവിശദമായി പരാമർശിക്കുന്നത് (ലേവ്യ പുസ്തകം 15). നൂറ്റാണ്ടുകൾകൊണ്ട് കൈമാറിക്കിട്ടിയ ആ യഹൂദ മതവീക്ഷണത്തിന്റെ അംശങ്ങൾ തന്നെയാണ് സെമറ്റിക് മതങ്ങളായ ഇസ്ലാമിലെയും ക്രിസ്തുമതത്തിലെയും വിശ്വാസികളുടെ ഉള്ളിന്റെ ഉള്ളിൽ കുടികൊള്ളുന്നത്.


അരിപ്പ കടന്ന അശുദ്ധികൾ

ഇപ്പറഞ്ഞ തലനാരിഴകീറിയ നിയമങ്ങൾ തടസ്സംകൂടാതെ കടന്നുപോയ വിശ്വാസ അരിപ്പയിൽ തടഞ്ഞുനിന്നത് ആർത്തവാശുദ്ധി മാത്രമാണ്; മറ്റ് അനേകം നിയമങ്ങൾ ഒരു തടസ്സവുംകൂടാതെ അറിയാതെ തള്ളിക്കളഞ്ഞു കടന്നുപോയി. അതിൽ രണ്ട് ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടട്ടെ:

ഒന്ന്: അശുദ്ധികളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്വക്‌രോഗങ്ങൾ. അതിൽ കുഷ്ഠരോഗം മാത്രം കുറെയേറെക്കാലം അശുദ്ധിയായി തുടരുകയും കല്ലെറിഞ്ഞുകൊല്ലൽ പോലെയുള്ള പ്രാകൃതശിക്ഷകൾ അർഹിക്കുന്ന കുറ്റമായിപ്പോലും അതു കരുതപ്പെടുകയും ചെയ്തു. എന്നാൽ ചൊറി, ചിരങ്ങ്, ചുണങ്ങ്, വടു തുടങ്ങിയ പല ത്വക്‌രോഗങ്ങൾക്കും ശാപമോക്ഷം കിട്ടി.  ലേവ്യപുസ്തകം 13-ൽത്തന്നെ അതിനൊരു മാനദണ്ഡം പറയുന്നുണ്ട്. പകരുന്നത് എന്ന നിലയിലാണ് ഒരു ത്വക്‌രോഗം അശുദ്ധമെന്നു വിധിക്കപ്പെടുന്നത്. കുഷ്ഠമാണ് അശുദ്ധരോഗങ്ങളുടെ രാജവെമ്പാല! യേശുവിന്റെ കാലത്തും പിന്നെയും കുറേനാൾകൂടിയും കുഷ്ഠത്തിന് ഈ പദവി നഷ്ടപ്പെട്ടിരുന്നില്ല. ഇന്നും ഒരു കുഷ്ഠരോഗിയോടു ചിലർക്ക് അറപ്പു തോന്നാമെങ്കിലും അതു വ്യക്തിശുചിത്വത്തിന്റെ മാത്രം തലത്തിലുള്ള അറപ്പാണ്. കുഷ്ഠരോഗിയാകണമെന്നില്ല, സ്വന്തം കുഞ്ഞിന്റെ ഛർദ്ദിയോ മുറിവിലെ പഴുപ്പോ കണ്ടാൽപ്പോലും അടുക്കാൻ തോന്നാത്തവിധം അതിനോടൊക്കെ അറപ്പുള്ള അമ്മമാർ പോലുമുണ്ട്.

രണ്ട്: പുരുഷന്മാരുടെ ബീജസ്ഖലനം എന്ന അശുദ്ധി (ലേവ്യ പുസ്തകം 15: 1-18). ആർത്തവമുള്ള സ്ത്രീക്കു കൽപ്പിച്ചിരുന്ന എല്ലാ അശുദ്ധിയും ബീജസ്ഖലനം സംഭവിച്ച പുരുഷനും കൽപ്പിച്ചിരുന്നു. ആർത്തവം കുറേ ദിവസത്തേക്കു നീണ്ടുനിൽക്കുന്നതായതിനാൽ അശുദ്ധിയുടെ കാലാവധിക്കു വ്യക്തമായ മാനദണ്ഡമുണ്ടായെന്നുമാത്രം. എന്നാൽ മാസത്തിന്റെ ഏതു ദിവസങ്ങളിലും  സംഭവിക്കാവുന്നതും എപ്പോൾ വേണമെങ്കിലും ആവർത്തിക്കാവുന്നതുമായ ‘ബീജസ്ഖലന അശുദ്ധി’യെക്കുറിച്ച്  ഒരു മതത്തിനും ഇന്നു മിണ്ടാട്ടമില്ല. ആക്ഷരികമായി വേദവചനം കാത്തുസൂക്ഷിച്ചാൽ പുരുഷന് അശുദ്ധിയൊഴിഞ്ഞൊരു ദിവസമുണ്ടാവില്ല എന്നിരിക്കെ അക്കാര്യത്തിൽ ആചാരം മറികടക്കാൻ കഴിഞ്ഞതിനു കാരണം പുരുഷന്റെ അശുദ്ധിക്കു പുരുഷമേധാവിത്വസമൂഹങ്ങളിൽ പരിഹാരവും നിവൃത്തിയുമുണ്ടായതുതന്നെ.


പഴയനിയമ തോറയുടെ പശ്ചാത്തലം

സൂക്ഷ്മാംശങ്ങൾവരെ അക്കമിട്ടു നിരത്തുന്ന നിബന്ധനകളുടെ വിവരണം കാണുമ്പോൾ ഓർക്കേണ്ട ചില പശ്ചാത്തലവസ്തുതകളുണ്ട്. തോറ രചിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇസ്രയേല്യർ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു  ജനവിഭാഗമെന്ന നിലയിൽനിന്ന് ഒരു ജനതയായി രൂപപ്പെട്ടു വരികയായിരുന്നു. മരുഭൂമിയിലൂടെ നാൽപ്പതുവർഷം സഞ്ചരിക്കേണ്ടിവന്ന വലിയൊരാൾക്കൂട്ടം. തുറന്ന ആകാശത്തിനു കീഴിലെ കൂടാരങ്ങളിൽ അന്തിയുറക്കം. അതിനിടയിലും പിറുപിറുക്കലുകളും പരാതികളും കലഹങ്ങളും പോർവിളികളുമെല്ലാമായി തൊഴുത്തിൽക്കുത്ത് സജീവം. അങ്ങനെയൊരാൾക്കൂട്ടത്തെ ശിക്ഷണമുള്ള ജനതയുടെ അവസ്ഥയിലേക്കു വളർത്തിയെടുക്കുന്നതിന് കുറഞ്ഞ പ്രയത്‌നമൊന്നും മതിയാകുമായിരുന്നില്ല. സകല ജീവിതപ്രമാണങ്ങളും സൂക്ഷ്മാംശങ്ങൾവരെ കൃത്യതയോടെ നിയമങ്ങളായി അക്കമിട്ടു പറഞ്ഞ് ശിക്ഷണം നടപ്പിലാക്കുന്നതിനുള്ള പരീക്ഷണമാണ് പിന്നെ നടന്നത്. കാഹളമൂതിയാലുടൻ യുദ്ധസന്നദ്ധരായി ചാടിയിറങ്ങുന്ന സേനയായി അവർ വളർന്നത് അങ്ങനെയാണ്.

അന്നു നൽകപ്പെട്ട വേദപ്രമാണങ്ങൾ, എല്ലാ സൂക്ഷ്മ അംശത്തിലും കൃത്യതയോടെ പാലിച്ചു നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉള്ളതായിരുന്നു. അനുഷ്ഠാനത്തിൽ നേരിയ വ്യതിചലനമെങ്കിലുമുണ്ടായാൽ കഠിനമായ ശിക്ഷ നൽകുന്നതിനും വ്യവസ്ഥ ചെയ്തു. അവരുടെ ആരോഗ്യപരിപാലന നിർദ്ദേശങ്ങൾ, സാമൂഹികബോധവും സമൂഹത്തിലെ ഇടപെടലും സംബന്ധിച്ച രൂപരേഖ, സ്ത്രീപുരുഷബന്ധവും വിവാഹവും സംബന്ധിച്ച നിർദ്ദേശങ്ങളും നിയമങ്ങളും എല്ലാം ഈ മതഗ്രന്ഥത്തിൽത്തന്നെയായിരുന്നു. യഥാർത്ഥത്തിൽ അന്നതൊരു മതഗ്രന്ഥംപോലുമായിരുന്നില്ല. ആരോഗ്യരംഗത്ത് അന്നുണ്ടായ കണ്ടെത്തലുകളും ധാരണകളും അന്ധവിശ്വാസങ്ങളുമെല്ലാം ദൈവികകല്പനകളായി സ്ഥാനം പിടിച്ചു. ആൾക്കൂട്ട നേതൃത്വത്തിന്റെ മുഖ്യ ആരോഗ്യ പരിഗണന, രോഗങ്ങൾ പടർന്നുപിടിക്കരുത് എന്നതായിരുന്നു. അതിനനുസൃതമായ ആരോഗ്യനിഷ്ഠകൾ ശുചിത്വനിയമങ്ങളായി (ലേവ്യ 13: 57). മുഖ്യ സാമൂഹികപരിഗണനയായിരുന്നത്, മരുഭൂമിയിൽ അനിയന്ത്രിതമായി ജനം പെറ്റുപെരുകരുത് എന്നതും ഒരു നിയന്ത്രണവുമില്ലാത്തവിധം ലൈംഗിക അരാജകത്വം പടർന്നുപിടിക്കരുത് എന്നതുംതന്നെ. അങ്ങനെ അന്നത്തെ സദാചാരനിയമങ്ങൾ രൂപം കൊണ്ടു.

അങ്ങനെ രൂപംകൊണ്ട നിയമങ്ങൾ പ്രധാനമായും മൂന്നുതരത്തിലുള്ളവയായിരുന്നു:

1. ധാർമ്മിക നിയമങ്ങൾ
2. ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച നിയമങ്ങൾ
3. നീതിന്യായ നിയമങ്ങൾ

ഈ മൂന്നുതരം നിയമങ്ങളും പരസ്പരം ബന്ധപ്പെട്ടവതന്നെയാണ്. എന്നാൽ ആചാരാനുഷ്ഠാന നിയമങ്ങൾ, അതു ധാർമ്മികതയുമായി ബന്ധപ്പെട്ടവ ആയാലും നീതിന്യായവുമായി ബന്ധപ്പെട്ടവയായാലും, രൂപപ്പെട്ടത് പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയാണ്. ശാസ്ത്രീയ തത്ത്വങ്ങൾ നേരിൽപ്പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പ്രയാസമായ ആളുകളെയും ആൾക്കൂട്ടങ്ങളെയും അല്പം ഭയപ്പെടുത്തിയോ തന്ത്രപരമായോ അനുസരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിലവിൽ വന്നവയാണ്  ആചാരാനുഷ്ഠാനനിയമങ്ങൾ. അവ നിലവിൽ വന്നു കഴിഞ്ഞാൽ, പിന്നീടൊരിക്കലും പിന്നിലുള്ള ഉദ്ദേശ്യം  അപഗ്രഥനവിധേയമാകില്ല. ആചാരത്തിനുമേൽ ആചാരം കൂട്ടിവയ്ക്കപ്പെട്ട്, കാലങ്ങൾ കഴിയുന്നതോടെ അനാചാരമായി മാറും. ഏതു കാലത്തു നോക്കിയാലും ആദ്യം എഴുതിവച്ച നിയമങ്ങൾ തെളിമയോടെ വേദഗ്രന്ഥങ്ങളിൽ കിടക്കും; വേദപുസ്തകപ്രകാരം ജീവിക്കണമെന്ന പ്രാഥമികതത്ത്വം  മാത്രം പഠിക്കുകയും ശീലിക്കുകയും ചെയ്ത നിഷ്‌കളങ്കവിശ്വാസികൾ ആചാരസംരക്ഷകരായ പോരാളികളായി മാറുകയും ചെയ്യും. പ്രത്യേകിച്ചും അനുഷ്ഠാന നിയമങ്ങൾ പുരോഹിതമേധാവിത്വത്തിൻ കീഴിലാകുന്നതോടെ ധാർമ്മികതയെക്കാളും, രൂപപ്പെട്ട സാഹചര്യത്തേക്കാളുമെല്ലാമേറെ പ്രാധാന്യം ആക്ഷരികനിയമങ്ങൾക്കു കൈവരികയും തല്ലാനും കൊല്ലാനും തയ്യാറുള്ള ആചാരസംരക്ഷകരെ സൃഷ്ടിച്ചെടുക്കുകയും ചെയ്യും.


കാവുകളും സർപ്പകോപവും

കാവു തെളിച്ചാൽ സർപ്പകോപം വരും എന്ന വിശ്വാസം പരിശോധിക്കാം. ഓരോ വീട്ടിലും ഒരു ചെറു വനം; അതാണ് കാവ്. വനസംരക്ഷണത്തിന്റെ പ്രാധാന്യമാണ് കാവുസംരക്ഷണത്തിലൂടെ ഉയർത്തിപ്പിടിക്കുന്നത്. വനസംരക്ഷണത്തിന്റെ പ്രാധാന്യം ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പമാണ് കാവുസംരക്ഷണം എന്നൊരു അനുഷ്ഠാനം ഏർപ്പെടുത്തുന്നത്.  ഇതൊരു ആധുനിക വിദ്യാഭ്യാസമനഃശാസ്ത്ര സമീപനംകൂടിയാണ്. ഇത് അന്നേ മനസ്സിലാക്കിയവർ ഒരു വിശ്വാസംകൂടി പ്രചരിപ്പിച്ചു: കാവു തെളിച്ചാൽ സർപ്പകോപം വരും ഇതു സദുദ്ദേശ്യപരമായ ഒരു അന്ധവിശ്വാസമാണ്. വെറും അന്ധവിശ്വാസവുമല്ല. കാവു തെളിക്കുന്നതോടെ കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന പാമ്പുകൾക്ക് അഭയം നഷ്ടപ്പെടുകയും അതു ചിലപ്പോൾ വീട്ടിൽ കയറിവരികയും ചെയ്യും. പിന്നെ തല്ലിക്കൊല്ലണം… അതിനിടെ പാമ്പുകടിയേറ്റെന്നു വരാം… എന്തെല്ലാം പൊല്ലാപ്പുകൾ! ഈ പൊല്ലാപ്പുകളുടെ ആകെത്തുകയുടെ പേരാണു ‘സർപ്പകോപം’.

തോറ രചിച്ച കാലത്തെ ആരോഗ്യധാരണകൾ വച്ച്, സാംക്രമികരോഗങ്ങൾ പരത്താനെങ്കിലും കെൽപ്പുള്ള ഒരു മാലിന്യമായിരുന്നു ആർത്തവത്തിൽ നിന്നുത്ഭവിക്കുന്നത്. കക്കൂസിൽ പോയാൽ കൈകഴുകണം എന്ന ‘ഹെൽത്ത് ടിപ്പ്’ പോലെ അവരുണ്ടാക്കിയ ചില നിയമങ്ങളാണ്, പുറംവീടുവാസവും തൊട്ടുകൂടായ്മയുമെല്ലാം. പൗരോഹിത്യമേധാവിത്വത്തിന്റെ കാലത്ത് ആഢ്യരുടെ എല്ലാത്തരം അയിത്ത, തീണ്ടൽ ചിന്തകളോടും പുരുഷമേധാവിത്വചിന്തകളോടും ആർത്തവ അശുദ്ധിയെ കൂട്ടിയിണക്കി. സാമാന്യജനത്തിന്റെ  മനസ്സിൽ ഏറ്റവും പ്രധാനപ്പെട്ട ആചാരമായിത്തീർന്നൂ, ആർത്തവകാല ദേവാലയ ബഹിഷ്‌കരണം. ആർത്തവദിവസങ്ങളിൽ കുർബ്ബാന കൊള്ളാത്ത ക്രിസ്ത്യാനിസ്ത്രീകൾ ആർത്തവദിവസങ്ങളിൽ അമ്പലത്തിൽ പോകാത്ത ഹിന്ദു സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ചു. പരസ്പരബഹുമാനത്തിന്റെ ഉത്തമമാതൃകയായി അതു മാറി. ശബരിമലയിലേത് ആചാരമല്ലേ, നമ്മൾ അതിലിടപെടേണ്ട എന്നു പറയാൻ ഹൈന്ദവേതര മതവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് ഉത്സാഹമായി.


രാത്രിയോഗ വിലക്ക്

ഇനി, നേരിട്ട് ആർത്തവകാര്യമൊന്നും പറയാത്ത ഒരു കൂട്ടരുണ്ട്. മനസ്സിലിരിപ്പ് ആർത്തവാധിഷ്ഠിതമാണെന്ന് അവർതന്നെ അറിയുന്നില്ല. എന്നാൽ സ്ത്രീ ഒരു പടി പിന്നിലാണെന്നതിൽ അവർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവർ പറയും ”ഞങ്ങൾ പുരോഗമനവാദികളുടെ സഭയാണ്, നവീകരണ സഭയാണ്, ആർത്തവം അശുദ്ധമാണെന്നൊന്നും ഞങ്ങൾ പറയില്ല. പക്ഷേ സ്ത്രീകൾ സന്ധ്യകഴിഞ്ഞാൽ മാരാമണ്ണു നിന്ന് ഇറങ്ങിക്കൊള്ളണം. കാരണം എന്തെന്നു വലിയ നിശ്ചയമൊന്നുമില്ല; പക്ഷേ നിങ്ങൾ ഇറങ്ങിത്തരണം!” പിന്നെയും ചോദിച്ചാൽ കാരണം കണ്ടുപിടിച്ചു തുടങ്ങും: സുരക്ഷിതത്വം, സാമൂഹ്യവിരുദ്ധരുടെ ശല്യം….. മറ്റു കൺവൻഷനുകളിൽ ഈ പ്രശ്‌നങ്ങളില്ലേ, രാവും പകലും സ്ത്രീപുരുഷന്മാർ ഒരുമിച്ചു നടക്കുന്ന മഞ്ഞിനിക്കര, പരുമല, ശിവഗിരി, മലയാറ്റൂർ തുടങ്ങി ഒട്ടനവധി തീർത്ഥാടനങ്ങളിലോ ആലുവാ ശിവരാത്രിയിലോ ഈ പ്രശ്‌നങ്ങളില്ലേ, രാപ്പകൽ ജോലിസ്ഥലങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് ഈ പ്രശ്‌നങ്ങളില്ലേ, പോകട്ടെ, കുടുംബമായി മാരാമണ്ണിൽ വന്ന് ഭർത്താവും ആൺമക്കളും സഹോദരന്മാരും നല്ല ഒന്നന്തരം പകൽപോലെ പ്രകാശിക്കുന്ന വൈദ്യുതദീപങ്ങൾക്കു കീഴിൽ പന്തലിലിരുന്ന് യോഗത്തിൽ പങ്കെടുക്കുമ്പോൾ വേർപിരിഞ്ഞ് അക്കരെയിക്കരെയുള്ള  മൺതിട്ടകളിൽ ഇരുളിന്റെ മറവിലിരുന്ന് യോഗത്തിൽ പങ്കെടുക്കുന്നവരും ഇരുകരകളിലുമുള്ള വൈവിദ്ധ്യമാർന്ന കടകളിലും മറ്റും ഒരു വിജിലൻസിന്റെയും സഹായമില്ലാതെ കറങ്ങിനടക്കുന്നവരുമായ സ്ത്രീകൾക്ക് ഈ സുരക്ഷിതത്വപ്രശ്‌നമില്ലേ എന്നു ചോദിച്ചാൽ അതിനുള്ള മറുപടിക്കുപകരം മറ്റൊരു ചോദ്യം വരും: ‘പെണ്ണുങ്ങൾക്ക് രാത്രിയോഗം കേട്ടാലേ സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ എന്നുണ്ടോ? പകലത്തെ യോഗമെല്ലാം കേട്ടുകഴിഞ്ഞോ?’ രാപ്പകൽ യോഗങ്ങളെല്ലാം കേട്ടുകേട്ട് സ്വർഗ്ഗത്തിൽ പോകാൻ തയ്യാറായിരിക്കുന്ന ആണുങ്ങളാണല്ലോ ചോദിക്കുന്നത്! എന്നാൽ രാത്രിയോഗത്തിന്റെ ഒരു കുറവുകൊണ്ട്, ഞങ്ങൾ പോകുന്ന സ്വർഗ്ഗത്തിൽ പെണ്ണുങ്ങൾ പോകാതിരിക്കേണ്ട എന്നുപോലും ചിന്തിക്കാൻ കഴിയുന്നില്ല. അതെ, അവർപോലും അറിയുന്നില്ല, ലേവ്യ പുസ്തകത്തിൽനിന്നു തുടങ്ങിയ അശുദ്ധിയുടെയും രണ്ടാംകിടക്കാരെന്ന വച്ചംകെട്ടലിന്റെയും ഇരകളായ പെണ്ണുങ്ങളെ മണൽപ്പുറത്തു സന്ധ്യക്കു കയറ്റരുതെന്നല്ലാതെ പ്രത്യേകിച്ചൊരു കാരണവും ഈ വിലക്കിനില്ലെന്നും തങ്ങൾ ചെയ്യുന്നത് വെറുതെ കാരണമുണ്ടാക്കലാണെന്നും. ഒടുവിൽ, ഇനി വിലക്കു നീക്കാതെ പിടിച്ചുനിൽക്കാനാവില്ല എന്ന കാലത്തിന്റെ ചുവരെഴുത്തു ശക്തമായപ്പോഴോ? യോഗമേ അങ്ങു നിർത്തി.


വേദപുസ്തകം കുറിപ്പടിപ്പുസ്തകമല്ല

ലേവ്യ പുസ്തകത്തിൽനിന്ന് നമുക്ക് ഇറങ്ങിവരാം. വേദപുസ്തകം, അതിൽ പറയുന്ന കാര്യങ്ങൾ കാര്യകാരണവിവേചനം കൂടാതെ  വള്ളിപുള്ളി തെറ്റാതെ അനുസരിക്കുന്നതിനുള്ള കുറിപ്പടിപ്പുസ്തകമല്ല. വിശ്വാസികൾ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്കൂട്ടമല്ല. വൈദ്യശാസ്ത്ര പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരം ഇന്നു തോറയിലില്ല. ആർത്തവം ആളെക്കൊല്ലി പകർച്ചവ്യാധിയല്ല. ഒരുപാട് ആചാരങ്ങൾ ക്രിസ്ത്യാനികൾ ലംഘിച്ചുകഴിഞ്ഞു. രക്തസ്രാവമുള്ള സ്ത്രീയേയും കുഷഠരോഗിയേയും സ്പർശിച്ച് അശുദ്ധരെന്ന മുദ്ര നീക്കിയ ഒരുവന്റെ പിന്മുറക്കാർക്ക് എന്ത് ആർത്തവാശുദ്ധി? അപ്പോസ്‌തോലപ്രവൃത്തികൾ 11-ാം അദ്ധ്യായത്തിൽ പത്രോസിനുണ്ടായ ദർശനം, ദൈവം ശുദ്ധീകരിച്ചതിനെ നീ അശുദ്ധമെന്നു പറയരുത് എന്നായിരുന്നുവെന്ന് ഓർക്കാം. 1 കൊരിന്ത്യർ 5:7 ൽ പഴയ പുളിപ്പുകളെ നീക്കിക്കളയുവാനുള്ള ആഹ്വാനമാണു മുഴങ്ങുന്നത്. വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളയുന്ന പുതിയനിയമത്തെക്കുറിച്ച് എഫെസ്യർ 2:14-16 പറയുന്നു. ഭക്ഷണപാനീയങ്ങളോ പെരുന്നാളോ സംബന്ധിച്ച ആചാരങ്ങളാലല്ല വിശ്വാസി വിധിക്കപ്പെടുന്നതെന്നു കൊലോസ്യലേഖനം 2:14 മുതലുള്ള വാക്യങ്ങൾ പഠിപ്പിക്കുന്നു. ന്യയപ്രമാണം, വരുവാനുള്ള കാര്യങ്ങളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ല, ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥഹൃദയത്തോടെ അടുത്തുചെല്ലുക (എബ്രായ ലേഖനം 10: 1-22) എന്ന പ്രബോധനവും വേദപുസ്തകത്തിലാണുള്ളത്.


ഇന്ന് ദൈവം എന്താഗ്രഹിക്കുന്നു

ബൈബിളായാലും ഏതു വിശുദ്ധ ഗ്രന്ഥമായാലും ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ആ സാഹചര്യത്തിന്റെയും എഴുത്തുകാരുടെ മാനുഷിക ഭാഷാശൈലിയുടെയും രചനാത്മകവും നിഷേധാത്മകവുമായ വിവിധ സ്വാധീനങ്ങൾ വിശുദ്ധഗ്രന്ഥങ്ങളിലും അവയെ ആസ്പദമാക്കിയ വിശ്വാസസംഹിതകളിലും(dogma) സംഭവിച്ചിരിക്കും. ഈ കാലഘട്ടത്തിന്റെ മാനവികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ സവിശേഷസാഹചര്യങ്ങളിൽ ദൈവനീതിയുടെ എന്ത് ആഹ്വാനമാണ് ഉയരുക എന്ന് വിവേകത്തോടെയും പ്രവാചകതുല്യമായ ദർശനത്തെളിമയോടെയും ശ്രദ്ധിക്കാനും അവയെ സധൈര്യം പ്രഖ്യാപിക്കാനുമുള്ള സമർപ്പണബോധമാണ് വിശ്വാസികളെ ഭരിക്കേണ്ടത്.

[മാർത്തോമ്മാസഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ‘നവീകരണവേദി’ യുടെ മുഖപത്രമായ ‘ജീവിത ദൗത്യം’ ത്രൈമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്‌കരിച്ച രൂപം]

Join the Conversation

4 Comments

  1. എഴുത്തുകാരൻറ്റെ നല്ല വീക്ഷണം ഈ ലേഖനത്തിൽ വൃക്തമായീ കാണാൻ കഴിയുന്നു.പക്ഷേ ഇതൊക്കെ പുസ്തകതാളുകളിൽ മാത്റമായി ഒതുങിനിൽക്കുകയേ ഉളളൂ.പഠിപ്പും വിവരവും ഉളളവർ പോലും ഇതൊന്നും അംഗീകരിക്കാൻ പലപ്പോഴും തയ്യാറാകുന്നില്ല എന്നത് നഗ്നസതൃം ആണ്.

  2. Good effort …but innathe generation ithonnum vayichunokkan polum menakkedilla…pazhaya niyamavumavumaayi thattichunokkiyal oru puthiya matham thanne undakkenda kaalam athikramichirikkunnu….vishvasavum, aathmartha snehavum, karuthalum innu eathrapearkkundu….old generation polum mooliyagal kaymosham vannavarayi maaripoyi😁😁

  3. പുരുഷനു സ്വന്തമായി ആത്മാവുള്ളതുപോലെതന്നെ സ്വന്തമായ ആത്മാവുള്ള ഒരു സ്ത്രീ അവളുടെ സഹജപ്രകൃതി അനുസരിച്ച് ആത്മപ്രകാശനം നടത്തുന്നതിനെ സമൂഹവും മതാധികാരികളും എന്തിനു ഭയപ്പെടുന്നു? സ്ത്രീപുരുഷ തുല്യമഹത്വത്തെ, മനുഷ്യരെന്ന നിലയിലുള്ള അവരുടെ മഹത്വത്തെ, ദൈവത്തിന്റെ സ്വപ്നമായി കണ്ട് അതിന്റെ സാക്ഷാത്കാരത്തിനു സമൂഹത്തെ ഒരുക്കാൻ നിയുക്തരായ മതനേതാക്കളെവിടെ? ഈ 21-ാം നൂറ്റാണ്ടിലും സ്ത്രീയെ മെരുക്കിയെടുക്കാൻ പുരുഷാധിപത്യത്തിന് അവസരവും അധികാരവും നൽകുന്ന മതനേതാക്കൾ ഇനി എന്നാണു മനുഷ്യരുടെ തുല്യമഹത്വം അംഗീകരിക്കുക?

  4. ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസാവിശ്വാസങ്ങളെയുംകുറിച്ചു ‘പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ പ്രളയത്തിന്റെ’ ഏറ്റവും ദാരുണമായ മുഖമാണ് ശ്രീ ഈപ്പൻ മാത്യു ലേഖനത്തിന്റെ രണ്ടാം ഖണ്ഡികയിൽ ഭംഗിയായി ഒതുക്കിപ്പറഞ്ഞത്. വേദഗ്രന്ഥങ്ങളുടെയും ഈശ്വരവിശ്വാസത്തിന്റെയും ആന്തരികസത്തയിൽ -ആധ്യാത്മികസത്തയിൽ- മനുഷ്യർ തമ്മിൽ ശുദ്ധാശുദ്ധിസങ്കല്പനമോ ഉച്ചനീചത്വസങ്കല്പനമോ ഇല്ല. മതജീവിതത്തിനകത്തുതന്നെ നിന്നുകൊണ്ട് അതു ഗ്രഹിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന, വേദമറിയുന്ന വിശ്വാസികളെ -ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും- സംബോധന ചെയ്യാൻ ഭൗതിതവാദികളായ ലിബറലുകളും വിപ്ലവകാരികളും തയ്യാറായില്ല. ഫലത്തിൽ ആ സമീപനം, സ്ത്രീയെ രണ്ടാംകിടയാക്കുന്ന അതതു മതത്തിലെ പൗരോഹിത്യദുഷ്പ്രഭുത്വത്തെ മൗനമായെങ്കിലും തുണയ്ക്കുകയാണു ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *