പ്രഫ. ലീന ജോസ് ടി.
(യുഗസംക്രാന്തിയിലെ വിചാരമാതൃകാ മാറ്റം – രണ്ടാം ഭാഗം)
നിരന്തര നവീകരണം (constant renewal) ആണ് പ്രപഞ്ചത്തിന്റെ താളം. മാറ്റമില്ലാതെ നിലനിൽക്കുന്നത് എന്നുപറയുവാൻ നിരന്തര നവീകരണം മാത്രമേയുള്ളു. പലപ്പോഴും പുതിയ സംഗതികളെക്കുറിച്ചുള്ള അവ്യക്തതകൊണ്ടാണ് അതിലെ നന്മ സ്വീകരിക്കാൻ നാം ബുദ്ധിമുട്ടുന്നത്.
ഉദാഹരണത്തിന്, പഴയ തലമുറ കംപ്യൂട്ടർ വിദ്യയെ സമീപിച്ചത് വളരെ ഉത്കണ്ഠയോടും ഭയത്തോടും കൂടിയായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ interactive world wide web-ന്റെ (Web 2.0) കാലത്ത് പിറന്ന കുട്ടികൾ പുതിയ ലോകത്തിലെ തദ്ദേശവാസികൾ (natives) ആണ്. നമ്മൾ മുതിർന്നവർ ആ ലോകത്തേക്കു കുടിയേറാൻ ശ്രമിക്കുന്നവരും. ഈ പുതിയ വിദ്യകളോടും പ്രയോഗങ്ങളോടുമുള്ള നമ്മുടെ പഴയ തലമുറയുടെ ഭാവം ഒന്ന്; ഇവയിൽ ലയിച്ച് ആസ്വദിച്ച് smart work ചെയുന്ന പുതുതലമുറയുടെ ഭാവം മറ്റൊന്ന്. യുഗമാറ്റത്തിൽ സുപ്രധാന പങ്കുള്ള ആശയവിനിമയ രംഗത്തെ ഈ കുതിച്ചുചാട്ടത്തിനു പിന്നിലുള്ള മികവ്, divine providence-ന്റെ കരുതൽ ആയി നാം ആസ്വദിക്കുന്നുണ്ടോ? കൃപ എന്ന മണ്ഡലത്തിലേക്കുതന്നെ നമുക്കിത് എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ?
മറ്റൊരു ഉദാഹരണം: മനുഷ്യർ എന്ന നിലയിൽ സ്ത്രീപുരുഷന്മാർക്കുള്ള തുല്യ മഹത്വം നമ്മെ അംഗീകരിപ്പിക്കത്തക്കവിധം, തുല്യ അവസരങ്ങൾ പങ്കിടാൻ തക്കവിധം, നമ്മുടെ ഗാർഹിക ഉപകരണങ്ങളിലും യാത്രാസൗകര്യങ്ങളിലും വേഷവിധാനങ്ങളിലും കാലം വരുത്തിയ മാറ്റം നമുക്കോർക്കാം.
ഇങ്ങനെ ജീവിതത്തിന്റെ ഏതു മേഖലയിലും മനുഷ്യോല്പത്തി മുതൽ നിരന്തര നവീകരണം നടക്കുന്നു. ഇത്തരം മാറ്റങ്ങളുടെ നടുവിലെ സാമൂഹികപരിണാമത്തിന്റെ ഡിസൈൻ കാണാൻ ശ്രമിച്ചാൽ, മനുഷ്യരിൽ സ്നേഹബോധം വികസിക്കുന്നതിന്റെ ചിത്രം കാണാൻ കഴിയും. ആ കാഴ്ച കാണാൻ കഴിഞ്ഞാൽ നമുക്കു ചുറ്റുമുള്ള മാറ്റങ്ങളെ ഉത്കണ്ഠയോ ഭീതിയോ കൂടാതെ സമീപിക്കാൻ കഴിയും. ആ കാഴ്ച, അതിന്റെ ഗ്രഹണം (understanding), ഗ്രഹിക്കുമ്പോൾ ഉണരുന്ന ജ്ഞാനം അഥവാ വിവേകം നമ്മെ നന്ദിയുള്ളവരാക്കുന്നു; നമ്മിൽ കൃതജ്ഞതാഭാവം ഉണർത്തുന്നു. കൃതജ്ഞതാഭാവം നിറഞ്ഞ മനസ്സിന് എല്ലാ മാറ്റങ്ങളെയും സസന്തോഷം സമീപിക്കാൻ സാധിക്കുന്നു.
ഭൗതികമാറ്റങ്ങളോടു നന്ദിനിറഞ്ഞ ഈ സമീപനം വരുമ്പോൾ, ജീവിക്കാൻ അഭിനിവേശം ഉണ്ടാവുന്നു. മറിച്ച്, ഗതികെട്ട് ഇവയെ സമീപിക്കുമ്പോൾ ചത്തതിനൊപ്പമേ ജീവിച്ചിരിക്കലും എന്ന മട്ടിലായിപ്പോകുന്നൂ ജീവിതം. ഇതെന്തൊരു കാലം എന്നു പരാതിപ്പെടുന്നു; നിലവിളിക്കുന്നു ; ശപിക്കുന്നു; തളരുന്നു; “എന്നെ അങ്ങ് എടുത്തേക്കണേമേ ദൈവമേ” എന്നതു ലെജിറ്റിമേറ്റ് പ്രാർത്ഥനയായി കരുതുന്നു.
മാറ്റം ആദ്യമായും പ്രധാനമായും ബോധമണ്ഡലത്തിൽ വരുന്ന മാറ്റമാണ്. മനുഷ്യകുലം ഉണ്ടായപ്പോൾത്തന്നെ മനുഷ്യബോധത്തിന്റെയും അവബോധത്തിന്റെയും പരിണാമം തുടങ്ങി. The social evolution is basically the evolution of human consciousness and awareness. നമ്മുടെ കാലഘട്ടത്തിലെത്തുമ്പോഴേക്കും ആ പരിണാമം വളരെ വ്യാപ്തിയിലും വേഗത്തിലും നമുക്ക് അനുഭവപ്പെടുന്നു. മാറ്റത്തിന്റെ വേഗം മാത്രമല്ല acceleration തന്നെ കൂടുകയാണ്. 2 ,4 ,6 എന്ന നിലയിലുള്ള arithmetic progression-ൽ അല്ല ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. 2 ,4 ,16 ,256, പിന്നെ 256×256 ….. എന്നിങ്ങനെ പോകുന്ന ഒരു geometric progression ആണ് നാം അഭിമുഖീകരിക്കുന്നത്. നിന്നിടത്തു നിൽക്കാൻപോലും വേഗം ഓടേണ്ട അവസ്ഥ.
ഭാഷ, വിജ്ഞാനം, സമ്പദ്ഘടന, ലിംഗപദവി, മതം ,രാഷ്ട്രീയം, കല എന്നിങ്ങനെ സംസ്‌കാരത്തിന്റെ എല്ലാ മേഖലകളിലെയും ത്വരിത മാറ്റങ്ങൾ (accelerated changes) ചേർത്തുവച്ചു മനസ്സിലാക്കുമ്പോൾ നമ്മൾ അറിയും: നാം മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ കടന്നുപോകുകയല്ല; ഒരു യുഗത്തിന്റെതന്നെ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. പഴയ ഒരു യുഗം ഒരു പുതുയുഗത്തിലേക്ക് കടക്കുന്ന യുഗസന്ധിയിലൂടെ ആണു നാം നീങ്ങുന്നത്.
We are not going through speedy changes in an epoch; we are going through the change of an epoch.
കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച്, ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മൾ ഒരു യുഗാന്ത്യവും മറ്റൊരു യുഗാരംഭവും ഒരുമിച്ചു നടക്കുന്ന കാലസന്ധിയിലാണ്. എന്തിൽനിന്ന് എന്തിലേക്കുള്ള മാറ്റം എന്ന് ഒറ്റവാക്കിൽ പറയാമോ എന്നു ചോദിച്ചാൽ ഞങ്ങൾ പറയും- ‘ഭയത്തിൽനിന്ന് നിരുപാധിക സ്നേഹത്തിലേക്കുള്ള മാറ്റം’. ഭയത്തെ അടിസ്ഥാനമാക്കിയ ജീവിതത്തിൽനിന്ന് സ്നേഹം/പാരസ്പര്യം ആധാരമാക്കിയ ജീവിതത്തിലേക്കുള്ള മാറ്റം .
ഉത്തരായണത്തിൽനിന്നു ദക്ഷിണായണത്തിലേക്ക് അല്ലെങ്കിൽ ദക്ഷിണായണത്തിൽനിന്ന് ഉത്തരായണത്തിലേക്കു നീങ്ങുന്നതുപോലെയുള്ള ഒരു സംക്രമണ ഘട്ടം .
അതെ, ഒരു യുഗ സംക്രാന്തിതന്നെ.
(തുടരും)
Wonderfully crafted. I think I shall rob part of it to [empower] myself to face some desperate situation that might arise in today’s complacent scenario.