പുതുതലമുറകളെ അനുയാത്ര ചെയ്തു വളരാം

മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെയല്ല, ഒരു യുഗത്തിന്റെതന്നെ മാറ്റത്തിലൂടെയാണു നാം കടന്നുപോകുന്നത്.

അതു മനസ്സിലാക്കിയില്ലെങ്കിൽ, മനസ്സിലായി എന്നു ഭാവിച്ചാൽത്തന്നെ അതുൾക്കൊള്ളാൻ തയ്യാറല്ലെങ്കിൽ, വ്യക്തികൾ അനുഭവിക്കേണ്ടിവരുന്ന ആന്തരികസംഘർഷം ചെറുതല്ല.
വ്യക്തികളിലൊതുങ്ങാതെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും സാമൂഹികബന്ധങ്ങളുമെല്ലാം വലിഞ്ഞുമുറുകുന്ന തരത്തിലാക്കാൻ കഴിവുള്ള സംഘർഷമാണത്. മാറ്റം അറിയുവാൻ, അംഗീകരിക്കാൻ, ഉൾക്കൊള്ളുവാൻ കഴിയാതെവരുന്നതുകൊണ്ടുള്ള ദുരന്തം.

ഞാനിത് എഴുതുകയല്ല, ഫോണിൽ ടൈപ്പ് ചെയ്യുകയാണ്. നിങ്ങൾ വായിക്കുന്ന ഈ പേജിലേക്ക് ഈ വാക്കുകൾ അച്ചടിച്ചു വരുന്നത് മുപ്പതു വർഷംമുമ്പ് നമ്മുടെ നാട്ടിലില്ലാതിരുന്ന ‘അച്ചില്ലാത്ത അച്ചടിവിദ്യ’ ഉപയോഗിച്ചാണ്. ഇങ്ങനെ, ഒരു തലമുറ മുമ്പു സങ്കല്പിക്കാൻ കഴിയുമായിരുന്നില്ലാത്ത സാങ്കേതികവിദ്യാമാറ്റം ജീവിതത്തിന്റെ ഏതു മേഖലയിലും നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.

സാങ്കേതികവിദ്യയെന്നാൽ ഉപകരണവിദ്യയാണ്. നമ്മുടെ ഉപകരണങ്ങൾ മാറുന്നു. ഈ മാറ്റം ഏതു കാലത്തും ഉണ്ടായിരുന്നില്ലേ? ഉണ്ട്. മനുഷ്യരാശിയുടെ ജീവിതപരിണാമത്തിൽ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമല്ല സഹസ്രാബ്ദങ്ങളായിത്തന്നെ മാറ്റമില്ലാതെ ഉപയോഗിച്ചുപോന്ന ഉപകരണങ്ങൾ ഒറ്റയടിക്ക് പുതിയ രൂപത്തിലാകുന്നു (ഉദാഹരണം: കോടാലിയിൽനിന്ന് യന്ത്രക്കോടാലിയിലേക്ക്). പഴയതു പുതിയ രൂപത്തിലാകുക മാത്രമല്ല, ഒരു തലമുറമുമ്പ് വിദൂരഭാവനപോലുമാകാതിരുന്ന ഉപകരണങ്ങൾ എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യർക്കിടയിൽ ഒരുമിച്ചു പ്രചാരത്തിലാകുന്നു (ഉദാ: സ്മാർട്ട് ഫോൺ).

ഇവിടെ, ഉപകരണവിദ്യയിൽ മാത്രമല്ല മാറ്റം. ജീവിതംതന്നെ മാറുന്നു. പുത്തൻ സാങ്കേതികവിദ്യകളുടെ മാത്രം ഒരു പുതുയുഗം ഉണ്ടാവുകയല്ല. സംസ്‌കാരത്തിന്റെ ഏതു തലത്തിലും പഴയ ഒരു യുഗംതന്നെ മാറുകയാണ്. സൂക്ഷ്മമായി നിരീക്ഷിക്കൂ, ശാസ്ത്രീയമായി നിരീക്ഷിക്കൂ, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി കാര്യമായൊന്നും ഇളകാതെ നിന്ന ഭാഷകളും തൊഴിലുകളും ആചാരങ്ങളും അധികാരഘടനകളും മാറുകയാണ്. കൂടുതൽ സൂക്ഷിച്ചുനോക്കൂ, രാഷ്ട്രീയവും മതവുംവരെ മാറുകയാണ്.

അപകടത്തിലേക്ക്, ദുരന്തത്തിലേക്ക്, നാശത്തിലേക്ക് ഉള്ള പോക്കാണ് ഈ മാറ്റം എന്നു ശഠിക്കുന്നവരോടു തർക്കിക്കാൻ ഞാൻ മുതിരുന്നില്ല. ഒന്നേ ചോദ്യമുള്ളൂ: നീതിജലംപോലെ ഒഴുകുന്ന, സമാധാനം വറ്റാത്ത ഉറവയായിത്തീരുന്ന ഒരവസ്ഥയിലേക്കുള്ള പരിണാമത്തിന്റെ ഒരു ഭാഗമാണ് ഇതെന്നുവന്നാൽ നിങ്ങൾ സന്തോഷിക്കുമോ?

കടന്നുപോന്ന ശൈശവം നമ്മൾ ഓർമിക്കണമെന്നില്ല. എന്നാൽ ബാല്യവും കൗമാരവും ഓർമയിലുണ്ട്. ഉള്ളിൽ നിറയെ സ്‌നേഹമായിരുന്നില്ലേ? പങ്കുവയ്പിന്റെയും സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും നാളുകൾ. അങ്ങനെ വളർന്നുവന്നവരിൽ പലരും പ്രായമായി ഉദ്യോഗസ്ഥരും അധികാരികളും നേതാക്കളുമായപ്പോൾ, നീതിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന സ്‌നേഹവഴി ഉപേക്ഷിച്ചിരിക്കാം. തീർച്ചയായും നമുക്കു മുമ്പുള്ള തലമുറകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിന്റെയെല്ലാം സഞ്ചിതഫലം (cumulative effect) ആണ് ഇന്നത്തെ ലോകത്തിലെ അസമതകളും അനീതികളും അശാന്തിയും.

ചെറുപ്പത്തിൽ നന്മ സ്വപ്നം കാണുക, പ്രായമാകുമ്പോൾ എങ്ങനെയും സ്വാർത്ഥം പ്രവർത്തിക്കുക എന്ന നൂറ്റാണ്ടുകൾ നീണ്ട പതിവിനു ഭംഗം വരാൻ കളമൊരുങ്ങുന്നതിനെയാണ് ഇവിടെ യുഗത്തിന്റെ മാറ്റം എന്നു വിശേഷിപ്പിച്ചത്. മുതിർന്നവർ കുട്ടികളിൽനിന്നു പിഠിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥ സാർവത്രികമായി സംജാതമായിരിക്കുന്നു. ചെറുപ്പക്കാർ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ അവരിൽനിന്നു പഠിച്ച് അവർക്കൊപ്പം ഓടിയെത്താൻ പാടുപെടേണ്ടിവരുന്നത് ഇതിന്റെ ചെറിയ തുടക്കം മാത്രമാണ്. പുറത്തേക്കു കാണാൻ താരതമ്യേന കൂടുതൽ എളുപ്പമായ ഒരു വശം മാത്രം. എന്നാൽ ”കുഞ്ഞുങ്ങൾ ആശാന്മാരാകുന്ന” ഈ പുതിയ ലോകത്തിൽ അവരുടെ സാങ്കേതികവിദ്യകൾ മാത്രമല്ല, പ്രായേണ ജീർണിക്കാത്ത അവരിലെ മനുഷ്യപ്പറ്റുകൂടി മുതിർന്ന തലമുറകളുടെ ലോകത്തിലേക്കു പ്രസരിപ്പിക്കപ്പെടുന്നുണ്ട്. സകല മനുഷ്യരിലുമുള്ള ശൈശവ നിഷ്‌കളങ്കത പ്രായംകൊണ്ട് കൈമോശം വരുന്ന പഴയ യുഗത്തിന്റെ ശീലം അങ്ങനെയാണു മാറുന്നത്.

പുതുയുഗത്തിലെ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നു; കൂടുതൽ ആശയവിനിമയത്തിനു ശ്രമിക്കുന്നു. ഹൃദയം തുറന്നാണ് അവരിതു ചെയ്യുന്നത്. പ്രായമായവരുടെ ലോകത്തിലെ അസൂയയും പകയും അധികാരക്കൊതിയും ജഡികാസക്തികളും ആണധികാര മോൽക്കോയ്മയും ജാതീയ ഉച്ചനീചത്വഭാവവും സാമുദായിക-വർഗീയ വിവേചനങ്ങളുംകൊണ്ട് അത്രയൊന്നും മലിനപ്പെട്ടിട്ടില്ലാത്ത ഹൃദയങ്ങൾ തുറന്ന് വിനിമയം നടക്കുമ്പോൾ, ദേശത്തിന്റെയോ ഭാഷയുടെയോ ലിംഗപദവി(Gender)യുടെയോ അതിരുകൾ മറികടന്ന് ഒരേസമയം ലോകവ്യാപകമായി ആശയവിനിമയത്തിന്റെ സൗഹൃദവലയം -സ്‌നേഹവലയം- ആണു സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ വല നെയ്യുമ്പോൾ സംഭവിക്കുന്നതാണു പഴയ യുഗത്തിന്റെ മാറ്റം.

ഈ വല സനാതനമൂല്യങ്ങളെ നശിപ്പിക്കുമെന്നു പറയുന്നവരുണ്ട്. ഒരിക്കലും നശിക്കാത്തതാണു സനാതനം. ആർക്കും നശിപ്പിക്കാനാവാത്തത്. സത്യത്തിൽ നശിക്കാൻ പോകുന്നത്, ദിവ്യമെന്നും പാവനമെന്നും സനാതനമെന്നും വിളിച്ചു മൂല്യങ്ങളെ ജീവിതത്തിനു വെളിയിലെവിടെയോ ഇരുത്തി ആരാധിച്ചവരുടെ വികലബോധ്യങ്ങളും ധാരണകളുമാണ്. ആരാധനയ്ക്ക് ഒന്നും ജീവിതത്തിനു മറ്റൊന്നും എന്ന വിധത്തിൽ രണ്ടു കണക്കുപുസ്തകം കൊണ്ടുനട(ക്കു)ന്ന തലമുറകളുടെ ശൈലിയെയാണ് പുതുതലമുറകളുടെ പുതുയുഗം കാലഹരണപ്പെടുത്തുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു.

കുഞ്ഞുങ്ങളോടു സംസാരിക്കാൻ നേരമില്ലാതിരിക്കുകയും അവർക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവെന്നു മേനിപറയുകയും ചെയ്യുന്ന ശൈലി. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതും വളർത്തുന്നതും സ്ത്രീകളുടെ മാത്രം ചുമതലയാണെന്നു വരുന്ന രീതി. സ്ത്രീകളും പുരുഷന്മാരും തുല്യമനുഷ്യരാണെന്നു ചിന്തിക്കാൻ മറന്നുപോകുന്ന രീതി. നൂറ്റാണ്ടുകളായി നിലനിന്ന ഇത്തരം രീതികൾ മാറുന്നതു കാണാൻ, കമ്യൂണിക്കേഷന്റെ ഇന്റർകണക്ടഡ് ലോകത്തിൽ ജനിച്ച ആദ്യത്തെ തലമുറയെ നിരീക്ഷിച്ചാൽ മതി; അവർ സൃഷ്ടിച്ചുതുടങ്ങിയിരിക്കുന്ന പുതിയ കുടുംബങ്ങളെ നിരീക്ഷിച്ചാൽ മതി.

മാറാൻ ഇനിയും പലതും ഉണ്ടാവും. മാറുന്നവരിൽ ഇനിയും പല കുറവുകളുമുണ്ടാവും. എന്നാൽ, ആർക്കും തടുക്കാനാവാത്തവിധം മാറ്റം സംഭവി(ച്ചിരി)ക്കുന്നു.
ഹൃദയംതുറന്ന സംഭാഷണങ്ങളിലൂടെ, സമത്വബോധത്തോടെയുള്ള വിനിമയങ്ങളിലൂടെ, മനുഷ്യരാശിയുടെ പുതുതലമുറകൾ പുതിയൊരു യുഗത്തിലേക്കു കടക്കുന്നതിനെ എതിർക്കുന്നവർ, എതിർക്കുകയല്ല – വെറുതെ ഭയക്കുകയാണ്. ഭയമാണു വലിയ പാപം.

(‘വനിതാബോധിനി’ 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Leave a comment

Your email address will not be published. Required fields are marked *