കുറ്റബോധസൃഷ്ടിയുടെ ക്രൂരലോകത്തിനു പുറത്തേക്ക്

ഡോ. ജോർജ് പടനിലം

ബാഹ്യലോകം പ്രശ്‌നങ്ങളുടെ ആവനാഴിയാണ്. എവിടെ നോക്കിയാലും കാരണമില്ലാത്ത ദുരന്തങ്ങളും പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്‌നങ്ങളും. അവ അലട്ടാത്ത മനസ്സുകളില്ല. വസൂരി നിർമ്മാർജ്ജനം ചെയ്തുവെന്ന് അഭിമാനിക്കുകയും ആഹ്‌ളാദിക്കുകയും ചെയ്തതിനു പിന്നാലെയാണ് വൈറസും ചിക്കൻ ഗുനിയയും എബോള വൈറസുമൊക്കെ മനുഷ്യജീവനെ വേട്ടയാടിയത്. സമീപകാലത്ത് കോവിഡ് വൈറസ് ഭൂമിമുഴുവനും ജീവിതത്തെ തകിടം മറിച്ചു.

മനുഷ്യകുലത്തിന്റെ ദുർമ്മാർഗ്ഗജീവിതത്തിൽ കുപിതനായ ദൈവത്തിന്റെ ശിക്ഷയാണിതെന്നാണ് ദൈവവിശ്വാസികളിൽ ഭൂരിഭാഗവും കരുതുന്നത്. അഹങ്കാരവും ധാർഷ്ട്യവും പെരുകിയ മനുഷ്യനെ നിലയ്ക്കു നിർത്താൻ കാരുണ്യവാനായ ദൈവം രോഗത്തെ ഒരു ഉപാധിയാക്കുന്നുവത്രെ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, സുനാമി ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങൾ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഉദ്‌ഘോഷിക്കുന്നു.

മനുഷ്യരുടെ നികൃഷ്ട ജീവിതരീതിയിൽ ദുഃഖിതരാകുന്ന ദൈവങ്ങൾ അവരെ നശിപ്പിക്കാനോ നേരെയാക്കാനോ അയയ്ക്കുന്ന ശിക്ഷകളാണ് അവ എന്നായിരുന്നൂ കാലാകാലത്തോളം മനുഷ്യർ വിശ്വസിച്ചിരുന്നത്. ആ ദൈവങ്ങളെ പ്രസാദിപ്പിക്കാൻ കാലാനുസൃതമായ രീതിയിൽ പരിഹാരപ്രവൃത്തികളായി നിർദ്ദേശിക്കപ്പെട്ട നരബലി, മൃഗബലി, നേർച്ചകാഴ്ചകൾ മുതലായവ നടത്തിയും ദശാംശം നൽകിയും ദൈവകോപം ശമിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രശ്‌നങ്ങളുടെ രൂക്ഷത കൂടുന്നതല്ലാതെ ദേവപ്രസാദം സമ്പാദിക്കാൻ ഇന്നോളം മനുഷ്യർക്കു കഴിഞ്ഞില്ല; ദുരന്തങ്ങളിൽക്കൂടി മനുഷ്യപ്രകൃതി മാറ്റിയെടുക്കാൻ ദൈവങ്ങൾക്കും കഴിഞ്ഞിട്ടില്ല.

സൂക്ഷിച്ചുനോക്കിയാൽ കാണാം, ശിക്ഷാഭയത്തിന്റെയും പരിഹാരപ്രവൃത്തികളുടെയും പ്രേരകശക്തി കുറ്റബോധം എന്നൊരു ചിന്താവൈകല്യമാണ്. സമൂഹത്തിൽ ജീവിക്കാൻ പരിശീലിച്ച എല്ലാവരിലും കുടികൊളളുന്ന ഈ ചിന്തയാണ് അടിസ്ഥാന പ്രശ്‌നം. അബ്രഹാമിക മതങ്ങൾ (യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം) അതിനെ പാപബോധമെന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പല യുക്തികളും നിരത്തിയുള്ള വിശദീകരണങ്ങളിൽക്കൂടി കുറ്റബോധവും പാപബോധവും തമ്മിൽ വ്യത്യാസം ഉണ്ടെന്നു വർണ്ണിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാരാംശത്തിൽ അവ സമമോ സമാനമോ ആണ്. കുറ്റവും പാപവും പര്യായങ്ങളാകുന്നിടത്ത് കുറ്റബോധവും പാപബോധവും പര്യായങ്ങൾ തന്നെ.

തെറ്റ് എന്നാലെന്ത്?

പഠിപ്പിച്ചിരിക്കുന്ന രീതിയിൽ പെരുമാറാൻ സാധിക്കാതെ വരുന്നതാണു തെറ്റ്, കുറ്റം അല്ലെങ്കിൽ പാപം. തെറ്റു ചെയ്യുന്നയാൾക്ക് അതു മനസ്സിലാക്കാൻ കഴിഞ്ഞാൽ, അത് ആവർത്തിക്കാതിരിക്കാനും ഒരു അനുഭവപരിചയം (Experience) ആയി പരിഗണിച്ച് അതിനെ ഒരു ക്രിയാത്മക പ്രേരണയാക്കാനും സാധിക്കും.

ക്രൈസ്തവ ‘പാപം’

ക്രൈസ്തവ മതപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പാപം, ദൈവത്തിൽനിന്നുള്ള ഒരു പറിച്ചെറിയൽ (Seperation)ആണ്. ആദിമപാപത്തെക്കുറിച്ചുള്ള വിവരണത്തിൽ, അനുസരണക്കേടിന് ആദത്തെ തോട്ടത്തിൽ നിന്നടിച്ചിറക്കുകയും തിരിച്ചുവരവ് അസാധ്യമാക്കി വാതില്ക്കൽ കാവലേർപ്പെടുത്തുകയും ചെയ്തു. ‘ദൈവത്തിനു മാത്രമേ’ പാപം ക്ഷമിക്കാൻ സാധിക്കൂ. പാപി നിസ്സഹായനും ശിക്ഷാർഹനും അധമനുമായിത്തീർന്നുവത്രെ. ആഴത്തിൽ നിന്ന് കേഴുകയല്ലാതെ സ്വന്തം പരിശ്രമത്താൽ പാപമുക്തനാവുക അസാദ്ധ്യമാണെന്നു വരുന്നു.

പഴിചാരൽ

പാപിയായിത്തീർന്നവൻ പഴയ നൈർമല്യം നഷ്ടപ്പെട്ടവനും വ്യത്യസ്തനുമായി. അവനും സന്താനപരമ്പരയും എന്നും അധഃകൃതരായിരിക്കും. അവർ ലജ്ജിക്കുകയും സ്വന്തം പതിതത്തം പൂഴ്ത്തിവയക്കുകയും വേണം. മറ്റുള്ളവരെ പഴിചാരി, ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം ഒഴിഞ്ഞ്, സ്വയം നീതികരിച്ച് പുണ്യവാന്മാരാകാൻ (Your sin makes me a Saint) ശ്രമിക്കുന്നവരാണു ഭൂരിഭാഗം ആളുകളും. രാഷ്ട്രീയത്തിലാണ് ആ വൈശിഷ്ട്യം ഏറ്റം മേന്മയോടെ വിരാജിക്കുന്നത്. എല്ലാ നേട്ടങ്ങളിലും സ്വന്തം പങ്ക് ഉയർത്തിക്കാണിക്കുകയും പരാജയങ്ങളെല്ലാം എതിരാളികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നത് കാണാമല്ലോ. ഏതു തുറയിലും നേതാക്കന്മാർ, ചോദ്യം ചെയ്യുന്നവരെ താറടിക്കയോ പുറത്താക്കുകയോ ചെയ്ത്, ഉത്തരവാദിത്തമൊഴിയുന്നു.

ശിക്ഷ

തെറ്റു ചെയ്തയാളിനെ ശിക്ഷിക്കണമെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ലെന്നുതന്നെ പറയാം. അതിന് ഉയർത്തിക്കാട്ടുന്ന മഹനീയ ലക്ഷ്യം, തെറ്റു ചെയ്തവനെ നന്നാക്കുക എന്നതാണ്. നന്നാകണമെങ്കിൽ അയാൾ എത്ര നികൃഷ്ടനാണെന്നു ബോധ്യപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ശിക്ഷിക്കുകയും വേണം. അന്തിമലക്ഷ്യം അവരെ ഉത്തമപൗരരാക്കുകയെന്നുള്ളതാണ്! എന്നാൽ കുറ്റബോധവും ലജ്ജയും വർദ്ധിക്കുന്നതല്ലാതെ ശിക്ഷ മൂലം മെച്ചപ്പെട്ടവർ നന്നേ വിരളം. അപ്പോൾ ‘പാപ’ത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചക്രംചവിട്ടൽ അവിരാമം തുടരുന്നു.

ഒരു പ്രശ്‌നം- ഒരു പരിഹാരം

സത്യത്തിൽ ഈ ലോകത്തിൽ അനേകപ്രശ്‌നങ്ങളുണ്ടോ? ലോകത്തിൽ ഒരു പ്രശ്‌നമേയുള്ളു. അതു പല ‘വേഷ’ത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. വളയും മാലയും കൊലുസും മോതിരവും എല്ലാം വ്യത്യസ്തമായിത്തോന്നിയാലും എല്ലാം സ്വർണ്ണംകൊണ്ടോ വെള്ളി കൊണ്ടോ നിർമ്മിച്ചിരിക്കുന്നതുപോലെ, ഒരേ പ്രശ്‌നത്തിന്റെ പല ‘പത്തി’ ആണ് ഓരോരുത്തരും വീക്ഷിക്കുന്നതും വ്യാഖ്യാനിക്കുന്നതും യാഥാർത്ഥ്യമെന്നു ചിന്തിക്കുന്നതും.

ഒരു പ്രശ്‌നമേയുള്ളെങ്കിൽ ഒരേ പരിഹാരം എല്ലാ പ്രശ്‌നങ്ങളെയും ദൂരീകരിക്കണം. ആ ഒറ്റ പ്രശ്‌നവും പരിഹാരവും എന്താണെന്നു മനസ്സിലാക്കണമെങ്കിൽ, നമ്മിൽ അടിയുറച്ച ചില തെറ്റിദ്ധാരണകൾ ആദ്യമേ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു.

തെറ്റിദ്ധാരണകൾ

‘നാം കാണുന്നതും കേൾക്കുന്നതും യാഥാർത്ഥവും വിശ്വസനീയവുമാണ്,’ ‘നേരിട്ടു കണ്ടാൽ ഞാൻ അതു വിശ്വസിക്കാം’, ‘ഞാൻ കേൾക്കുന്നതു മാത്രമേ ഞാൻ വിശ്വസിക്കയുള്ളു’ എന്നിങ്ങനെയുള്ള പ്രസ്താവനകളും ധാരണകളും വിശ്വാസങ്ങളും സുവിദിതമാണല്ലോ. എന്നാൽ അതെത്രത്തോളം വാസ്തവമാണ് എന്നു നാം ചിന്തിക്കാറില്ല.

നമുക്കു പരിചിതമല്ലാത്ത ഭാഷയിൽ ‘കേരളം’ എഴുതിക്കാണിച്ചാൽ എത്രപേർക്കു വായിക്കാൻ സാധിക്കും? അതു കേരളം അല്ലാത്തതുകൊണ്ടോ കേരളം എന്നു കേട്ടിട്ടില്ലാത്തതുമൂലമോ അല്ല. ആ ലിപികൾ പരിചിതമല്ലാത്തതുകൊണ്ടാണ്. പരിചിതമല്ലാത്ത ഭാഷയിൽ കേൾക്കുന്ന പാട്ടിന്റെയോ പ്രസംഗത്തിന്റെയോ അർത്ഥം മനസ്സിലായെന്നു വരില്ല. കാണുന്നതിനെയോ കേൾക്കുന്നതിനെയോ താരതമ്യപ്പെടുത്തി നോക്കുവാൻ മനസ്സിൽ ഒരു ധാരണ അല്ലെങ്കിൽ പ്രതീകം (Image)ഉണ്ടെങ്കിൽ മാത്രമേ പുറത്തുകാണുന്നതോ കേൾക്കുന്നതോ നമുക്കു മനസ്സിലാകൂ. മനസ്സിലില്ലാത്തതു കണ്ണുകൾ കാണുകയില്ല (The eye do not sees what the mind does not know)എന്നുള്ളതു യാഥാർത്ഥ്യമാണ്.

നമ്മുടെ ഉള്ളിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കാണുന്നതിനെയും കേൾക്കുന്നതിനെയും മനസ്സിലാക്കുന്നത്. അതിന്റെ അർത്ഥം മനസ്സിലാക്കുന്നതും നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതുമെല്ലാം മനസ്സിലുളള ധാരണയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. കടിക്കുമെന്നു ഭയപ്പെട്ട് പട്ടിയിൽനിന്ന് ഓടി രക്ഷപ്പെട്ടയാൾ അടുത്ത പട്ടിയെ കാണുമ്പോൾ ചിന്തിക്കുന്നത്, പട്ടിയെ സ്‌നേഹിക്കുന്ന ഒരാളെപ്പോലെയായിരിക്കില്ല. സ്‌നേഹലാളനകളുടെ മാധുര്യം അനുഭവിച്ച കുഞ്ഞ് അമ്മയെന്ന വാക്കു കേൾക്കുമ്പോൾ പ്രതികരിക്കുന്നത്, പീഡിപ്പിക്കപ്പെട്ട ഒരു കുഞ്ഞു ഭയപ്പെടുന്നതു പോലെയായിരിക്കില്ല. പുറത്തു കാണുന്ന ഓരോന്നിനും അർത്ഥം കല്പിക്കുന്നതും, തന്നെ സഹായിക്കാനോ ഉപദ്രവിക്കാനോ അതിനു ശക്തി പ്രദാനം ചെയ്യുന്നതും വീക്ഷിക്കുന്നയാളിന്റെ മനസ്സിൽ മുൻകൂട്ടി സൂക്ഷിക്കുന്ന അഭിപ്രായമോ അനുഭവമോ മാത്രമാണ്.

പുറത്തു കാണുന്നതിന് നല്ലതെന്നോ ചീത്തയെന്നോ ഉള്ള ഗുണം ഇല്ല. അതു നിഷ്പക്ഷമാണ് (Neutral). അതിന് അർത്ഥം നൽകുന്നയാളിന് ആ അർഥകല്പനയ്ക്കനുസൃതമായ സഹായമോ ഉപദ്രവമോ അനുഭവപ്പെടുന്നു. അതാണു യഥാർത്ഥത്തിൽ നടക്കുന്നത്.

ബാഹ്യലോകത്തു നാം കാണുന്നതെല്ലാംതന്നെ നിഷ്പക്ഷമാണ്. അരണ്ട വെളിച്ചത്തിൽ പാമ്പിനെക്കണ്ടു ഭയന്നയാൾ നിലാവെളിച്ചത്തിൽ കാണുന്ന വാഴനാരു പാമ്പാണെന്നു കരുതി ഭയപ്പെട്ടോടിയേക്കാം. അതു പാമ്പല്ല, വാഴനാരാണ് എന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, നിജസ്ഥിതി മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ഭയപ്പെടുകയില്ല. സത്യം ഒരിക്കലും ഭയപ്പെടുത്തുകയില്ല. സത്യം മനസ്സിലാക്കുമ്പോൾ ഭയം പമ്പ കടക്കും. പക്ഷേ, ‘എന്റെ അഭിപ്രായമാണു ശരി’ എന്നു ശഠിക്കുന്ന ലോകത്തിൽ ‘സത്യം’ അറിയാൻ ആരും ശ്രമിച്ചെന്നുവരികയില്ല.

നാം ബാഹ്യലോകത്തു കാണുന്നത് നമ്മുടെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പ്രതീകങ്ങൾ (Images), വ്യാഖ്യാനങ്ങൾ(Interpretations), അഭിപ്രായങ്ങൾ(Opinion) മാത്രമാണ് എന്നു മനസ്സിലാക്കിയാലേ മനസ്സമാധാനം കൈവരിക്കാൻ സാധിക്കു. കുറ്റബോധം ഒഴിവാക്കിയ മനസ്സിനേ ‘സത്യം’ മനസ്സിലാക്കാൻ സാധിക്കൂ.

ശിശുക്കളെപ്പോലെ

രണ്ടു വയസ്സുള്ള ഒരു കുഞ്ഞ് പുറത്തു വരാന്തയിൽ ഇരിക്കുകയായിരുന്നു. അമ്മ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുന്നു. കുഞ്ഞിന്റെ അസാധാരണമായ പൊട്ടിച്ചിരി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അപരിചിതാരാരെങ്കിലും കുഞ്ഞിനെ സ്വാധീനിക്കുന്നതാണോ എന്ന ഭയത്താൽ അമ്മ പുറത്തേക്കു വന്നു. അപ്പോൾ ഒരു പാമ്പ് കുഞ്ഞിന്റെ കാലിൽ ചുറ്റിയിരിക്കുന്നതു കണ്ട അമ്മ പകച്ചു. എന്നാൽ കുഞ്ഞ് ആ പാമ്പിനെ ഒരു കളിക്കോപ്പായിട്ടാണു കണ്ടത്. അതിന്റെ വളഞ്ഞുപുളഞ്ഞുള്ള ചലനങ്ങൾ കുഞ്ഞിനെ ആകർഷിച്ചു. പക്ഷേ അമ്മ, ‘എന്റെ മോനേ’ എന്നു വലിയ സ്വരത്തിൽ ഭയത്തോടെ വിളിച്ചപ്പോൾ കുഞ്ഞ് ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. ഭയപ്പെട്ട പാമ്പ് കുഞ്ഞിനെ കടിക്കുകയും വേഗത്തിൽ ഇഴഞ്ഞുനീങ്ങുകയും ചെയ്തു. ആ കുഞ്ഞിന്റെ മനസ്സിൽ പാമ്പിനെക്കുറിച്ചുള്ള ഒരഭിപ്രായവുമില്ലായിരുന്നു. അതിനു പാമ്പിനോട് കളിക്കുന്നതിൽ ഒരു ഭയവുമില്ലായിരുന്നു. എന്നാൽ അമ്മയുടെ മനസ്സിലെ ഭയമാണു പ്രശ്‌നം സൃഷ്ടിച്ചത്.

‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’ എന്ന് യേശു മലയിലെ പ്രസംഗത്തിൽ (മത്തായി 5:8) ബോദ്ധ്യപ്പെടുത്തിയത് ശുദ്ധിയുള്ള കുഞ്ഞിന്റെ മനസ്സിനെയാണ്. നിങ്ങൾ ശിശുക്കളെപ്പോലെ ആയാൽ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയുള്ളു എന്നു യേശു പഠിപ്പിച്ചതും ഇതോടു ചേർത്തു വായിക്കണം.

ശിശുപ്രായത്തിൽ, ആറേഴുമാസം വരെ കുഞ്ഞുങ്ങൾ പൊതുവേ സന്തേഷമുളളവരായിരിക്കും. ആ പ്രായത്തിലുള്ള ഒരു കുഞ്ഞിന്റെ പുഞ്ചിരിയിൽ ആകൃഷ്ടരാകാത്തവർ വളരെ അപൂർവമാണ്. തിരിച്ചു പുഞ്ചിരിയോടെ പ്രതികരിക്കയും സ്‌നേഹത്തോടെ തലോടുകയും ചെയ്യാൻ മുതിർന്നവർ ഒരു മടിയും കാണിക്കുകയില്ല.

എന്നാൽ ആ കുഞ്ഞ് നീന്തി നടക്കുന്ന പ്രായമാകുമ്പോൾ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ അതിന്റെ മാനസിക സ്വസ്ഥത തകർക്കും. അതിനു ശാരീരികക്ഷതമേൽക്കാനുള്ള സാധ്യതയോ, വീട്ടിനുള്ളിലെ വിലപിടിപ്പുള്ള സാധനസാമഗ്രികൾക്ക് അതു കേടു വരുത്തുമെന്ന ഭയമോ മൂലം, മുതിർന്നവർ കുഞ്ഞിനെ സ്‌നേഹത്തോടെയോ ബലാൽക്കാരമായോ പിടിച്ചുമാറ്റിയെന്നു വരും. പ്രതിഷേധിച്ച് എത്ര കരഞ്ഞാലും അതിന് പഴയ കളിയിലേക്കു തിരിച്ചെത്താൻ സാധിക്കയില്ല. അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സ്‌നേഹത്തോടെ അതുവരെ പെരുമാറിയിരുന്ന മുതിർന്നവർ അതിനെതിരായി. എന്താണതിന്റെ കാരണമെന്ന് അതിനു മനസ്സിലാകുന്നില്ല. സ്വന്തം സ്വാതന്ത്ര്യം സംരക്ഷിക്കാൻ, ശിക്ഷാകാരണമായ അതേ പ്രവൃത്തി അത് ആവർത്തിക്കുമ്പോൾ ശിക്ഷകിട്ടുകയും, അതു പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും.

എന്തു തെറ്റാണു താൻ ചെയ്തതെന്നു മനസ്സിലായില്ലെങ്കിലും എന്തോ വല്ലാത്തതു ചെയ്തുവെന്നു മനസ്സിലാക്കും. താൻ പഴയ ‘സ്‌നേഹാർഹനായ’ കുഞ്ഞല്ല, ശിക്ഷാർഹനായ ഒരു കുറ്റവാളിയാണെന്നു മുതിർന്നവരുടെ പല നിയന്ത്രണപ്രവർത്തനങ്ങളിൽക്കൂടി ക്രമേണ മനസ്സിലാക്കും. വളർന്നുവരുന്നതനുസരിച്ച് പരിസരവും പരിശീലനവുമനുസരിച്ച് കുഞ്ഞിന്റെ കുറ്റബോധവും അസ്വീകാര്യതയും ശിക്ഷാർഹതയും വർദ്ധിച്ചുകൊണ്ടിരിക്കും. മുതിർന്നവരെ ഭയപ്പെട്ടു ജീവിക്കണമെന്ന ഒരു അവ്യക്ത സന്ദേശം മനസ്സിൽ ആഴത്തിൽ പതിയുകയായി.

അഞ്ചോ ആറോ വയസ്സു പ്രായമാകുമ്പോൾ തെറ്റ് എന്ത്, ശരി എന്ത് എന്നു കുഞ്ഞിനെ ബോധ്യപ്പെടുത്താൻ മുതിർന്നവർ ശ്രമിക്കും. മതാധ്യാപനം തുടങ്ങുമ്പോൾ താൻ ‘പാപിയായി ജനിച്ചതാണ്’ എന്നു ബോധ്യപ്പെടുത്തി, പരിശുദ്ധനാക്കാൻ ‘പരിശുദ്ധി’യുള്ളവർ തീവ്രശ്രമം ആരംഭിക്കും. അതോടൊപ്പം കുറ്റബോധത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്കിറങ്ങും.

പരിചാരകരുടെയും പരിശീലകരുടെയും ദൃഷ്ടിയിൽപ്പെടാതെ തെറ്റുകൾ ചെയ്യുന്നതു നിരീക്ഷിക്കാൻ ‘ശക്തനായ ഒരു മേൽനോട്ടക്കാരൻ’ – ശിക്ഷിക്കാനും രക്ഷിക്കാനും കഴിവുള്ള ഒരു അദൃശ്യശക്തി- അങ്ങനെയൊരാളെക്കുറിച്ചുള്ള പ്രബോധനങ്ങൾ നൽകും. പഠിപ്പിക്കുന്നയാളിന്റെ വൈഭവവും കുഞ്ഞിന്റെ മാനസികാവസ്ഥയും അനുസരിച്ച് സന്തതസഹചാരിയായ ആ പോലീസുകാരൻ (Portable Policeman) കുഞ്ഞിനെ അശുദ്ധിയിൽനിന്നും സംരക്ഷിക്കും. നൈർമല്യത്തിൽ ജനിച്ച പിഞ്ചുകുഞ്ഞിനെ പാപിയാക്കിയശേഷം രക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആ അദൃശ്യശക്തിയുടെ നിരന്തരനിരീക്ഷണത്തിൽ, പ്രാവർത്തികമാക്കാൻ മുതിർന്നവർ നിരന്തരം ശ്രമിക്കും.

(തുടരും)

Leave a comment

Your email address will not be published. Required fields are marked *