എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം

വ്യൂസ്പേപ്പർ ടീം

ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്.

അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം മാറും; മനോഭാവം മാറും; ഓരോ നിമിഷവും നമുക്ക് ആനന്ദിക്കാം എന്നു വരും.

മലയാളത്തിലെ ഉപവാസം സംസ്കൃതത്തിൽനിന്നു വന്നതാണ്. സംസ്കൃതത്തിൽ, ഉപവസിക്കുക എന്നു പറഞ്ഞാൽ ചേർന്നിരിക്കുക, അടുത്തിരിക്കുക.

ആരോടു ചേർന്ന്? ആരുടെ അടുത്ത്? ഉള്ളിന്റെയുള്ളിൽ ഉള്ള പരമസ്നേഹത്തോടുചേർന്ന്, ആ സ്നേഹത്തിന്റെ അടുത്ത്.


യാതൊരു മുന്നുപാധിയും വയ്ക്കാത്ത പരമസ്നേഹം. ഉപാധികൂടാതെ സർവരുമായും സർവതുമായും സദാ സ്നേഹബന്ധത്തിലിരുന്നു കാരുണ്യം അനുഭവിപ്പിക്കുന്ന നിരുപാധികസ്നേഹം. Unconditional love.

ഓരോ വ്യക്തിയുടെയും ഉള്ളിൽ ഇരിപ്പുണ്ട് ഈ സ്നേഹം. പക്ഷേ, പലരും അത് അനുഭവിച്ചറിയുന്നില്ല. ആ സ്നേഹത്തെക്കുറിച്ചുള്ള ഒരു അവബോധം (awareness) മനസ്സിൽ കൊണ്ടുവരികയേ വേണ്ടൂ, അതാ, അത് ഉള്ളിലുണ്ട്! ദൈവരാജ്യം! അത് അവിടെയാണ്, ഇവിടെയാണ്, അപ്പുറത്താണ്, ഇപ്പുറത്താണ് എന്നൊക്കെ പലരും പറയും. അല്ല, “ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ” (Luke 17: 21).


ആരാണു ദൈവം എന്ന ചോദ്യത്തിനു നമ്മൾ ഒത്തിരി ഉത്തരങ്ങൾ പഠിച്ചുവച്ചിട്ടുണ്ട്. ചോദ്യവും ഉത്തരവും ചേർത്താണു നമ്മളെയൊക്കെ പൂർവികർ പഠിപ്പിച്ചിട്ടുള്ളത്. ചോദ്യമൊന്നു മാറ്റി പുതുതലമുറയിലെ കുഞ്ഞുങ്ങൾ നമ്മോട് ഇങ്ങനെ ചോദിക്കുന്നു എന്നു കരുതുക: ” ആരാണു ദൈവം എന്നു നിങ്ങൾ പറഞ്ഞുതന്നു. എങ്കിൽ, എന്താണു ദൈവം?”

എന്താണു ദൈവം? നമുക്കു റെഡി ഉത്തരമുണ്ട്: “ദൈവം സ്നേഹമാകുന്നു” (1John 3:8). അപ്പോൾ, ദൈവരാജ്യം എന്നാൽ സ്നേഹരാജ്യം. രാജ്യമെന്നു പറഞ്ഞാൽ ഭരണം, പരിപാലനം, സംരക്ഷണം. അതെ, നമ്മെ ഭരിച്ചുകൊണ്ട്, പ്രപഞ്ചത്തെ ഭരിച്ചുകൊണ്ട്, പരമസ്നേഹം നമ്മുടെ ഉള്ളിലിരിക്കുന്നു. അത് “അറിയുന്നില്ല” എന്ന മട്ടിൽ നാം നിൽക്കുമ്പോഴും ആ സ്നേഹം അവിടെയുണ്ട്. ദൈവം നമുക്കിടയിൽ ഉണ്ട്, നമ്മുടെ ഉള്ളിലുണ്ട്.

ആ അവബോധത്തിലേക്കു വരിക.

അകലെ ആകാശത്തോ ശൂന്യാകാശത്തോ അല്ലാതെ അരികെ, ഉള്ളിൽ, ഉള്ള ആ ഉപാധിരഹിതസ്നേഹം(unconditional love) രുചിച്ചറിയുക, ആവോളം കോരിക്കുടിക്കുക, ആഹ്ളാദചിത്തരാകുക — അതാണ് ഉപവാസം.


യേശു പറഞ്ഞു: നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. …… (നീ ഉപവസിക്കുമ്പോൾ) ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക (Mt. 6: 16–18).

ആഹ്ളാദചിത്തരാവുന്നതിന്റെ ചെറിയൊരു അടയാളമാണു മുടി ചീകിയൊതുക്കി വയ്ക്കുന്നത്; മുഖം കഴുകി പ്രസന്നവദനരാകുന്നത്. ഈ ആഹ്ളാദം, ഈ ആനന്ദം, ഇതുതന്നെ ആണ് ഉപവാസത്തിന്റെ ഉന്നവും അടയാളവും.

ഉള്ളിൽ സദാ ഉള്ളതും ഉണ്ടെന്നു നമുക്കു ബോധമില്ലാതെപോയതുമായ ആ ഉപാധിരഹിതസ്നേഹം. അതിലേക്കുള്ള തിരിഞ്ഞുനടത്തം . അതാണ് യഥാർത്ഥ ഉപവാസം. ആ നടത്ത ഇല്ലാതെ, കുറച്ചുനേരത്തെ മൃഷ്ടാന്ന ഭോജനം ഒഴിവാക്കുന്നതുകൊണ്ട്, ശരീരത്തിനതു ഗുണം ചെയ്തേക്കാമെങ്കിലും മനസ്സോ ആത്മാവോ ആനന്ദം അനുഭവിക്കണമെന്നില്ല.

ഇത്രനേരം ഭക്ഷണം കഴിക്കാതിരുന്നാൽ ദൈവം ഇന്നയിന്ന കാര്യം സാധിച്ചുതരും എന്നു വിചാരിച്ചു പട്ടിണി കിടക്കാൻ തുനിയുന്നവർക്കും ചിലതെല്ലാം “സാധിച്ചുകിട്ടും”, സംശയം വേണ്ട. എന്നാൽ പട്ടിണികിടക്കാൻ പറയുന്ന ക്രൂരനല്ല ദൈവം. ചന്തയിലേതുപോലെ, അങ്ങോട്ടു കൊടുത്താൽമാത്രം ഇങ്ങോട്ടു തരുന്ന വലിയൊരു കച്ചവടക്കാരനല്ല ദൈവം. അങ്ങനെ കരുതുന്നവർക്കും വേണ്ടതു “സാധിച്ചുകിട്ടുന്നു”വോ? എങ്കിൽ, ഉപാധിവയ്ക്കാത്ത കരുണനിറഞ്ഞ സ്നേഹം ആണു ദൈവം എന്നു കാണാൻ വേറെ തെളിവു തപ്പേണ്ട.


ഉള്ളിലെ ആ സ്നേഹത്തോട്, അതേക്കുറിച്ചുള്ള തികഞ്ഞ അവബോധത്തിൽ, ചേർന്നിരിക്കുക. അതാണു യഥാർത്ഥ ഉപവാസം. അതിന്റെ ആനന്ദാനുഭവത്തെക്കുറിച്ച് ദൈവം പറയുന്നതായി ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയതു വായിക്കാം:

“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും
നുകത്തിന്റെ കയറുകൾ അഴിക്കുകയും
മർദിതരെ സ്വതന്ത്രരാക്കുകയും
എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ
ഞാൻ ആഗ്രഹിക്കുന്ന ഉപവാസം?

വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കുകയും
ഭവനരഹിതരെ വീട്ടിൽ പാർപ്പിക്കുകയും
നഗ്നരെ ഉടുപ്പിക്കുകയും
സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും
ചെയ്യുന്നതല്ലേ അത്?” (Isaiah 58:6–7).

തനിയ്ക്കുള്ളിലെ, കണ്ടീഷനൊന്നും വയ്ക്കാത്ത പരമസ്നേഹത്തെക്കുറിച്ചുള്ള അവബോധത്തിൽ, ആ സ്നേഹത്തോടു ഒട്ടിയിരുന്നു തുടങ്ങിയാൽ, അതായത് യഥാർത്ഥ ഉപവാസം തുടങ്ങിയാൽ, മനുഷ്യർ താനെ ചെയ്തുപോകുന്ന പ്രവൃത്തികളാണ് ഇവ. ഏതെങ്കിലും നിയമംകൊണ്ടോ കല്പനകൊണ്ടോ ചെയ്യുന്നതല്ല ഇതൊന്നും. സ്വയം മനസ്സാവുന്നില്ലെങ്കിൽ ഇതൊന്നും നടക്കില്ല.

ദൈവത്തിന്റെ സ്നേഹം ഉപാധികളില്ലാത്തത് എന്നറിഞ്ഞാൽ, ദൈവപരിപാലന ഉപാധികളില്ലാത്തത് എന്നറിഞ്ഞാൽ, ദൈവം സകലർക്കും നല്കുന്ന സംരക്ഷണം ഉപാധികളില്ലാത്തത് എന്നറിഞ്ഞാൽ, നമ്മൾ നമ്മുടെ ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കും; നമ്മെ ഭാരപ്പെടുത്തുന്ന നുകത്തിന്റെ കയറുകൾ അഴിക്കാൻ തയ്യാറാവും; ഉള്ളിൽ നാം അനുഭവിക്കുന്ന മർദനത്തിൽനിന്നു മോചിതരാവും; അപ്പോൾ നുകം ഒടിയും.

ഇതാണു ബന്ധനവിമുക്തി; ഇതാണു വിടുതൽ. ഇത് അറിയാതെ ബന്ധനപ്രാർത്ഥന ചൊല്ലിക്കൂട്ടിയാൽ, ചൊല്ലിയതിന്റെ ഒരു തൃപ്തി കിട്ടും — തൽക്കാലം. പക്ഷേ, പിന്നെയും പിന്നെയും ബന്ധനപ്രാർത്ഥനയ്ക്ക് ഓടിക്കൊണ്ടിരിക്കുക എന്ന ബന്ധനത്തിൽ ചെന്നെത്തിയേക്കും. വിടാതെ വിടുതലിനായി പരക്കംപായുന്ന തിരക്കിൽ കുടുങ്ങും.

യഥാർത്ഥ ഉപവാസം നടത്തിയാലോ? അതായത് നിരുപാധികസ്നേഹത്തിന്റെ ഭരണത്തിലാണു താൻ എന്ന ജ്ഞാനത്തിലേക്കു വന്നാലോ? അപ്പോൾ നമ്മളറിയാതെതന്നെ, അതായത് വളരെ സഹജമായി, natural ആയി, നമ്മൾ വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കും; വീടില്ലാത്ത അയൽക്കാർക്കു വീടുണ്ടാവാൻ നമുക്ക് എന്തൊക്കെ ചെയ്യാമെന്നും അതിന് ആരൊക്കെയുമായി കൈകോർക്കാമെന്നും കണ്ടെത്തിക്കൊണ്ടേയിരിക്കും.

അപ്പോൾ നമ്മൾ, കഷ്ടതയനുഭവിക്കുന്ന സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യും. അതാണ് “യേശു ഞങ്ങൾക്കിടയിൽ ജീവിക്കുന്നു” എന്ന അതിയാഥാർത്ഥ്യത്തിലേക്ക്, തങ്ങളുടെ വിശ്വാസഭാവനയുടെ ചക്രവാളങ്ങൾ വികസിപ്പിച്ചവർ ആദിമനൂറ്റാണ്ടുകൾ മുതൽ ചെയ്തിട്ടുള്ളത്.

ഗുണ്ടർട്ടിന്റെ പരിഭാഷയിൽ ആ ബൈബിൾ ഭാഗം ഇങ്ങനെയാണ്:
“വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്ന് സകലവും പൊതുവക എന്ന് എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തിക്കുകയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു” (Acts 44:47).

ഈ ഒരുമനപ്പെടൽ, ഈ ഏകമനസ്കത, ഈ മനപ്പൊരുത്തം, ഈ ഉല്ലാസം, ഈ ആനന്ദം, ഈ ഹൃദയപരമാർത്ഥത, ദൈവകൃപ എന്നപോലെ ‘സകലമനുഷ്യരുടെയും ഈ കൃപ’ ! ഇതാണു പഴയനിയമത്തിൽ ഏശയ്യയിലൂടെയും പുതിയ നിയമത്തിൽ യേശുവിലൂടെയും unlearn ചെയ്യപ്പെട്ട ഉപവാസം. ആദിമ ക്രൈസ്തവർ re-learn ചെയ്ത ഉപവാസം.


ഏശയ്യ 58-ൽ പറയുന്നതുപോലെ, ” വേലക്കാരെ പീഡിപ്പിച്ചുകൊണ്ട് …….. കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ……. ക്രൂരതകാട്ടുന്നതിനും മാത്രമുള്ള” ഉദ്ദിഷ്ട സുഖസാധ്യ ഉപവാസം അല്ലത്. “ഒരു ദിവസത്തേക്ക് സ്വയം എളിമപ്പെടുത്താൻ …. ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരം വിതറി കിടക്കുന്നത്” അല്ല അത് (Isaiah 58: 3–5).

ഇത് അനുഭവബോധ്യമാണ്. അനുഭവമെന്നത് തൊലിപ്പുറമേയുള്ള എന്തെങ്കിലും വികാരം ആകാതെ, മനസ്സിൽ ഉത്തമ വിശ്വാസബോധ്യം ആയി വളരാൻ അനുവദിക്കുമ്പോഴുള്ള അവസ്ഥ.

ഇവിടെ അറിവും അനുഭവവും എന്നത് മോരും മുതിരയുമായി മാറിക്കിടക്കുന്നില്ല. ബുദ്ധിയും ഹൃദയവും വേറിട്ടു നിൽക്കുന്നില്ല. Theory-യും practice-ഉം വേറിട്ട രണ്ടു കാര്യം ആകുന്നില്ല. Charisma-യും dogma-യും ഭിന്നവസ്തുക്കൾ ആകുന്നില്ല Spiritual-ഉം material-ഉം വിരുദ്ധ ശക്തികൾ ആകുന്നില്ല. Professing/preaching the faith-ഉം practicing the faith-ഉം ഭിന്ന സ്പെഷ്യാലിറ്റികളായി വേർതിരിഞ്ഞു നിൽക്കുന്നില്ല.

അതാണു ദൈവരാജ്യം — നീതിയും സമാധാനവും ആത്മാവിലുള്ള ആനന്ദവും.

അക്കാര്യം ഗ്രഹിക്കണമെങ്കിൽ, പുതിയ കാലം നമ്മോട് ആവശ്യപ്പെടുന്ന വിധത്തിൽ നമ്മുടെ ചിന്താമാതൃകകളിൽ മാറ്റം (Paradigm shift) ഉണ്ടാകണം. അപ്പോഴേ നമുക്ക് ഈ യുഗസന്ധിയിൽ പുതിയ യുഗത്തിലെ പുതിയ കുഞ്ഞുങ്ങളോടൊത്തു യാത്ര ചെയ്യാൻ കഴിയൂ; അവരെ അനുയാത്ര ചെയ്യാൻ (accompany) കഴിയൂ.

ശനിയാഴ്ച തോറും രാത്രി 8.45-ന് വ്യൂസ്പേപ്പറിന്റെ ആഭിമുഖ്യത്തിൽ Zoom-ൽ നടന്നുവരുന്ന ധ്യാനാത്മക കാര്യവിചാരങ്ങൾ (Meditative Communicational Sessions) അതിനുള്ളതാണ്.

(കഴിഞ്ഞ ശനിയാഴ്ചകളിലെ സെഷനുകളിൽ പ്രഫ. ലീന ജോസ് ടി നടത്തിയ പങ്കുവയ്പുകളെ ആധാരമാക്കി)

Join the Conversation

4 Comments

  1. ” നിങ്ങളുടെ ഉള്ളിൽ ഉള്ളവൻ ലോകത്തുള്ള തന്നെക്കാൾ വലിവനാണ്.”
    1യോഹ 4:4

  2. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്നത്, ജനിക്കുമ്പോൾത്തന്നെ ദൈവം തരുന്ന ഒരു പാക്കേജ് ആണ്. എല്ലാവരോടും ശത്രുമിത്ര ഭാവഭേദം ഇല്ലാതെ ചിരിക്കുന്ന കുട്ടി ഒരു നാൾ, തനിക്ക് ഇഷ്ടപ്പെടാത്ത വ്യക്തിയെ കാണുമ്പോൾ കുട്ടിയുടെ ചിരിക്കാതാകുന്നു. ജന്മ സിദ്ധമായി കിട്ടിയ ആ വരദാനം എങ്ങനെ നഷ്ടമായി?

    ഓരോ കാര്യത്തിലും മാതാപിതാക്കളും ചിലപ്പോൾ സമൂഹവും ആ സ്നേഹനിധിയായ കുട്ടിയിൽ “conditions apply” എന്ന ഉപാധി വയ്ക്കുമ്പോളാണ് അതു സംഭവിക്കുന്നത്. പതുക്കെപ്പതുക്കെ തനതായിട്ടുള്ള unconditional love ആ കുഞ്ഞിനു നഷ്ടമാകുന്നു.
    അതു തിരികെ കൊണ്ടുവരണമെങ്കിൽ unconditional love കുഞ്ഞിന് എവിടെവച്ചു നഷ്ടപ്പെട്ടുവെന്നു അറിയണം. അതിനായി ഉള്ളിലേക്കു യാത്ര ചെയ്യേണ്ടിവരും. അതിന് ഈ ഉപവാസം പ്രേരകശക്തിയാകും.

    ഉപവാസം എടുക്കുന്നതിനുമുമ്പ് വ്യക്തി തന്റെ മനസ്സിനെ പാകപ്പെടുത്തണം. എന്തിനു വേണ്ടി ഉപവസിക്കുന്നു എന്ന ബോധം അയാളിൽ ഉണ്ടാകണം.
    ശാന്തമായ മനസ്സിനു പുറംകടലിൽ കാണുന്ന തിരമാലകൾ ഉണ്ടാവില്ല. അവിടെ ഉള്ളത് സ്നേഹം മാത്രം. ആ സ്നേഹം ഉപാധികളില്ലാതെ പ്രപഞ്ചത്തിലെ എല്ലാ ജീവികളോടും പങ്കിടുക.

    ലീന വിഷയം വളരെ നന്നായി പ്രതിപാദിച്ചു. അനുമോദനങ്ങൾ 🌹

Leave a comment

Your email address will not be published. Required fields are marked *