വ്യൂസ്‌പേപ്പർ ടീം

[Part 3 of 3. Part 1 ഈ ലിങ്കിൽ വായിക്കാം. Part 2 ഈ ലിങ്കിൽ.]

3.1
പുതിയ ലോകത്തിൽ ഇനി ലളിതമായ വിശ്വാസമാണ് ഉണ്ടാവുക. സിമ്പിൾ ഫെയ്ത്ത്! ദൈവശാസ്ത്ര-സാങ്കേതിക പദങ്ങളിൽ കുടുങ്ങിപ്പോകാത്ത വിശ്വാസം.

ഇനി വരുന്ന തലമുറകൾക്കു കരുണാർദ്രസ്‌നേഹത്തിൽ പരിപൂർണ വിശ്വാസമുണ്ടായിരിക്കും. ഉപാധികളില്ലാത്ത ഈ അലിവിനെത്തന്നെയാണ് ദൈവം, ഏലോഹിം, ഏൽ, അള്ള, ബ്രഹ്മം, വിഷ്ണു, ശിവം തുടങ്ങിയ ഏതെങ്കിലുമൊരു സാങ്കേതികപദംകൊണ്ടു പഴയ യുഗത്തിൽ തങ്ങൾ വിളിച്ചിരുന്നതെന്ന്, വേണമെങ്കിൽ, പഴയ തലമുറയിലെ വിവിധ മതസ്ഥർക്ക് പുതിയ തലമുറയോടു പറയാം.

മനുഷ്യർ വെറും ജഡപദാർത്ഥമല്ല, ആത്മാവുള്ളവരാണ് എന്നു പുതുതലമുറകൾക്കു ബോധ്യമുണ്ടാവും. തങ്ങളിലെ കരുണാർദ്രസ്‌നേഹം, തങ്ങൾക്കു ചുറ്റുമുള്ള കരുണാർദ്രസ്‌നേഹം – അതുതന്നെയാണ് ആത്മാവ് എന്ന് അവർക്കറിയാം.

പരമമായ, നിത്യമായ കരുണാർദ്രസ്‌നേഹത്തിൽനിന്നാണ് എല്ലാം/എല്ലാവരും വരുന്നതെന്നും അവിടേയ്ക്കാണ് എല്ലാം/എല്ലാവരും പോകുന്നതെന്നുമുള്ള കാര്യത്തിൽ അവർക്കു സംശയമുണ്ടാവില്ല.

തന്നെത്തന്നെ അറിയുക, തന്നിലെ കാരുണ്യം അറിയുക – ഈ ആത്മജ്ഞാനത്തിൽനിന്നാണ്, വിവേകത്തിൽനിന്നാണ്, പുതുതലമുറകൾ തുടങ്ങുക. ആത്മജ്ഞാനത്തിനു കീഴിലാണ് അവർക്കു വിവരവും വിജ്ഞാനവും. കൂടുതൽ വിവേകികളായി ജീവിക്കുവാൻ അവർ വിവരവും വിജ്ഞാനവും പ്രയോജനപ്പെടുത്തും.

തന്നെത്തന്നെ അറിഞ്ഞ് താനേ പഠിക്കും. തുടക്കത്തിൽ ഭാഷയുടെയും ഗണിതത്തിന്റെയും ചെറിയൊരു അഭ്യസനത്തിനുമാത്രമേ അവർക്കു പരസഹായം ആവശ്യമുള്ളൂ. ആരുമവരെ ധാർമികത പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.

വേണമെങ്കിൽ ധാർമികരായി ജീവിച്ചു മാതൃക കാണിക്കാം. പഠിപ്പിക്കുന്നവരെക്കാൾ ധർമബോധം -കാരുണ്യബോധം- ഉള്ളവരാണു വരുംതലമുറ (അവരുടെ ലോകം എന്തെന്നു മനസ്സിലാക്കാത്തവരേ മറിച്ചു ചിന്തിക്കൂ).

ഇന്നേവരെയുള്ള സംസ്‌കാരങ്ങളിൽ പറഞ്ഞതും എഴുതിയതും വരച്ചതും പാടിയതും ആടിയതുമായ നന്മകളും വേൾഡ് വൈഡ് വെബ്ബിൽ അവർക്കായി ഒരുങ്ങിയിരിക്കുന്നു.

തങ്ങൾക്കു വേണ്ടത് അവർ താനേ തേടും; കണ്ടെത്തും. അതിന്മേൽ അവർ സർഗാത്മകമായി, ഭാവാത്മകമായി, സ്മാർട്ടായി പണിയും. സ്വന്തം ഭാവുകത്വം (sensibility) അവർ ഡിജിറ്റൽ ലോകത്തു പ്രകാശിപ്പിക്കും.

മഹത്വമുള്ള മനുഷ്യൻ എന്ന ആത്മബോധം ഓരോ വ്യക്തിയും നേടുമ്പോൾ തുല്യതയുടെ ലോകമാണു വിരിയുക. ഓരോ വ്യക്തിയും വിലപ്പെട്ടവൾ/വിലപ്പെട്ടവൻ ആകുന്നു. അവരുടെ ദൈനംദിന ധർമങ്ങൾ (functions) വ്യത്യാസംതന്നെ. പക്ഷേ അതുകൊണ്ട് തുല്യത ഇല്ലാതാവില്ല, അതു പുഷ്ടിപ്പെടുകയേയുള്ളൂ (മനുഷ്യരെ തുല്യരായി ദൈവം സൃഷ്ടിച്ചു എന്നു പഴയ ഭാഷയിൽ പഴയ തലമുറ പറഞ്ഞാൽ അതു കേൾക്കുവാൻ അവർക്കു സന്തോഷമേയുള്ളൂ).

വ്യക്തികളുടെ മഹത്വവും തുല്യതയും പരിമിതപ്പെടുത്തുന്ന എല്ലാ മേൽഘടകങ്ങളുടെയും ഘടനകളുടെയും നുകത്തിൽനിന്ന്, ആത്മബോധമുള്ള പുതിയ കുഞ്ഞുങ്ങൾ സ്വതന്ത്രരാവുന്നു. അതിനെയാണ് പഴയ തലമുറ വ്യക്തിവാദത്തിന്റെയും സ്വാർത്ഥതയുടെയും വ്യാപനം എന്നു വിളിച്ചു കുറ്റപ്പെടുത്തിയത്.

ആത്മബോധമുള്ള പുതിയ വ്യക്തികൾ മറ്റുള്ളവരെ സ്‌നേഹിക്കാനായി ആദ്യം സ്വയം സ്‌നേഹിക്കുന്നതിനെയാണ്, സ്വയം അറിയുന്നതിനെയാണ്, സ്വയം പരിശീലിപ്പിക്കുന്നതിനെയാണ്, സ്വയം പഠിപ്പിക്കുന്നതിനെയാണ്, സ്വയം വിശുദ്ധീകരിക്കുന്നതിനെയാണ്, അങ്ങനെ വളരാൻ അവസരം കിട്ടാതെപോയവർ സ്വാർത്ഥതയായി കണ്ടത്.

ആത്മബോധമുള്ള/ആത്മജ്ഞാനികളായ വ്യക്തികളുടെ കൂട്ടത്തോടെയുള്ള വരവ് സമൂഹത്തിന്റെ ശിഥിലീകരണമല്ല, പുതിയ കരുണാർദ്രസ്‌നേഹസമൂഹത്തിന്റെ വരവാണ്; സ്‌നേഹസംസ്‌കാരത്തിന്റെ വ്യാപനമാണ്. എന്തെങ്കിലും ശിഥിലീകരിക്കപ്പെടുന്നുണ്ടെങ്കിൽ അതു വാക്കും പ്രവൃത്തിയും തമ്മിൽ ചേരാത്ത, ചേർക്കാൻ അറിയാത്ത, പഴയ സമൂഹത്തിന്റെ പഴയ ലോകമാണ്.

പുതിയ ലോകത്ത് ആ പഴയ ലോകം പിൻവാങ്ങുന്നു. ശിഥിലീകരണമെന്നു പറയേണ്ട; അതു മാറ്റമാണ്, പരിണാമമാണ്.

ഇന്നത്തെ പുതിയ തലമുറയിലെ എല്ലാവരും മേൽപ്പറഞ്ഞ സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു എന്നല്ല, ഇനിയുള്ള പുതുതലമുറകൾ ഈ വഴിക്കാണ് എന്നേ ഉദ്ദേശിച്ചുള്ളൂ. പരിണാമത്തിന്റെ ദിശ മാത്രമാണു പറയുന്നത്. (ചെറിയ സാമ്പിൾ എടുത്താൽ കയറ്റിറക്കങ്ങൾ ഏറെ കാണും).


3.2
ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം, പുതുതായി പിറക്കുന്ന വ്യക്തികൾ ചെറുപ്പത്തിൽത്തന്നെ ആത്മബോധമുള്ള വ്യക്തികളാവുന്ന സ്ഥിതി പെട്ടെന്ന് എങ്ങനെയുണ്ടായി?

ആരാലും അധികമൊന്നും പഠിപ്പിക്കപ്പെടാതെ എന്തും പഠിക്കാനുള്ള വിവരവും വിജ്ഞാനവും വിരൽത്തുമ്പിൽ വന്നു എന്നതാണ് അതിനു പിന്നിലുള്ളത്. തങ്ങളിലുള്ള സഹജവിവേകത്തിന്റെ വെളിച്ചത്തിൽ വിവരവും വിജ്ഞാനവും തിരഞ്ഞെടുക്കാനുള്ള choice അവർക്കു തുടക്കത്തിലേ ഉണ്ടായി.

ശൈവനിഷ്‌കളങ്കതയിൽത്തന്നെ സർവവിവരവും അഖിലവിജ്ഞാനവും കാണാൻ കഴിഞ്ഞപ്പോൾ, അതിനപ്പുറമുള്ള ജ്ഞാനത്തിൽ മുങ്ങിക്കുളിക്കുക അവർക്ക് എളുപ്പമാകുന്നു (വേൾഡ് വൈഡ് വെബ് നന്നായി ഉപയോഗിക്കുന്ന, സ്മാർട്ട് സേർച്ച് നടത്തുന്ന ചെറുപ്പക്കാരെ കണ്ടിട്ടില്ലാത്തവർക്ക് ഈ യുഗമാറ്റം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവും. തങ്ങളിൽ എത്രപേർ ചെറുപ്പത്തിൽ ഒരു വിശ്വവിജ്ഞാനകോശമെങ്കിലും കണ്ടിരുന്നു എന്ന് മുതിർന്നവർ ഓർത്തുനോക്കുന്നതു നല്ലതാണ്).

ഈയൊരവസ്ഥയിലേക്ക്, മനുഷ്യന്റെ -അതായത് മനുഷ്യരാശിയുടെ- സാംസ്‌കാരികപരിണാമം അതിവേഗം പുരോഗമിക്കുകയായിരുന്നു. അതു പരമകാരുണ്യത്തിൽനിന്ന് മഹാകാരുണ്യപ്രപഞ്ചത്തിലേക്കുള്ള മഹാപ്രയാണമായിരുന്നു – മഹാവികാസമായിരുന്നു.

ആ പ്രയാണത്തിലെ വിവിധ യുഗങ്ങളുടെ മധ്യബിന്ദുവായി യേശുകർത്താവിന്റെ ജീവിതം കാണുക പുതുതലമുറകൾക്കു പ്രയാസകരമല്ല. അവർ ഏതു മതത്തിൽപ്പെട്ടവരുമാകട്ടെ, ദിവ്യകാരുണ്യജീവിതം മാതൃകയാക്കുക അവർക്കു ബുദ്ധിമുട്ടല്ല. അങ്ങനെ, യേശുവിന്റെ സ്‌നേഹസന്ദേശസാരത്തിലുള്ള വിശ്വാസവും പുതുതലമുറകളുടെ മതാതീതവിശ്വാസവും ചേർച്ചയിലാവുന്നു. പക്ഷേ, യേശുവിന്റെ സ്‌നേഹസന്ദേശത്തെക്കുറിച്ച് സഭകൾ മത്സരിച്ച് ഉണ്ടാക്കിവച്ച തത്ത്വസംഹിതകളെ അവർ നെഞ്ചോടു ചേർത്തെന്നുവരില്ല. മൃതമായ ആചാരങ്ങളിൽ താല്പര്യമെടുക്കുമെന്നും കരുതേണ്ട.


3.3
കാലം തുടങ്ങുംമുമ്പേ (അനാദി) ഉണ്ടായിരുന്ന പരമകാരുണ്യം (അൻപ്) സങ്കല്പിക്കുവാൻ പുതുലോകത്തിലെ പുതുതലമുറകൾക്കു കഴിയും. സർവതിലും ജീവനേകാൻവേണ്ടി സ്വയം ശൂന്യവത്കരിക്കുന്നതാണു പരമകാരുണ്യം. ആ സ്വയംശൂന്യവത്കരണത്തിന്റെ തുടക്കമാണു പ്രപഞ്ചോല്പത്തിയെന്നു കാണാൻ പുതുതലമുറയ്ക്കു ബുദ്ധിമുട്ടില്ല.

(മനുഷ്യർക്കു സങ്കല്പിക്കുവാൻ കഴിയുന്ന) കാലത്തിന്റെ തുടക്കത്തിൽ പരമകാരുണ്യം സ്വയം ശൂന്യവത്കരിച്ച് പ്രപഞ്ചം ‘ആയി’ത്തുടങ്ങുന്നു/’ഉണ്ടായി’ത്തുടങ്ങുന്നു.

ആദ്യം പദാർത്ഥപ്രപഞ്ചത്തിന്റെ ആവിർഭാവം. ‘ബിഗ് ബാങ്’ എന്നു വിളിപ്പേരു കിട്ടിയ മഹാവികാസത്തിലൂടെയുള്ള തുടക്കം.

പഴയ പലർക്കും സങ്കല്പിക്കാനാവാത്തവിധം പദാർത്ഥത്തിൽ കാരുണ്യം ‘എംബഡ്ഡഡ്’ ആയിരിക്കുന്നു; ഉൾച്ചേർന്നിരിക്കുന്നു. അതു പദാർത്ഥപ്രപഞ്ചത്തിന്റെ താളവും ക്രമവുമാകുന്നു. പ്രകൃതിയുടെ കാരുണ്യജീവിത താളം.

പദാർത്ഥം കാരുണ്യവത്കരിക്കപ്പെടുന്നതിലെ പുരോഗതിയുടേതായ ഒന്നാം യുഗത്തിനൊടുവിൽ, ജീവപ്രപഞ്ചമുണ്ടാകുന്നു. പദാർത്ഥപ്രപഞ്ചത്തിൽ ഉൾച്ചേർന്ന കാരുണ്യമാകുന്ന കോൺഷ്യസ്‌നെസ്/ഇന്റലിജൻസ്/മെസ്സേജ് ആത്മബോധത്തിൽ സ്വീകരിക്കാൻ കഴിവുള്ള മനുഷ്യരിലേക്കുള്ള പരിണാമത്തിന്റെ നിഴൽത്തുടക്കം.

ജീവിപരിണാമത്തിന്റേതായ രണ്ടാം യുഗത്തിൽ, ഇന്ദ്രിയങ്ങളിലൂടെ കാരുണ്യത്തിന്റെ ദത്തം (data) സ്വീകരിക്കാൻ കഴിയുന്ന ജീവികളുടെ പരിണാമം നടക്കുന്നു. അതു മനുഷ്യോല്പത്തിയിൽ വന്നെത്തുന്നു.

പ്രപഞ്ചത്തിലേക്കുള്ള പരമകാരുണ്യത്തിന്റെ വരവിന്റെ (സൃഷ്ടിയുടെ – അഥവാ ആവിർഭാവത്തിന്റെ) മൂന്നാം യുഗത്തിൽ, ഡാറ്റ സംസ്‌കരിച്ച് ഇൻഫർമേഷൻ(വിവരം) ഉല്പാദിപ്പിച്ച് മനുഷ്യർ സാംസ്‌കാരികമായി പരിണമിക്കുന്നു. മനുഷ്യനോടെ ആരംഭിക്കുന്ന തുടർന്നുള്ള സാംസ്‌കാരികപരിണാമ യുഗങ്ങളിൽ ആദ്യത്തേതാണിത്. ആ യുഗത്തിന്റെ തുടക്കത്തിലെ മനുഷ്യരുടെ ലോകത്തെ ഇനി World 1.0 എന്നു വിളിക്കാം.

ആ യുഗത്തിന്റെ അന്ത്യത്തിൽ, മനുഷ്യർ പരമകാരുണ്യത്തെ പ്രതിഫലിപ്പിക്കുവാൻ കഴിവുള്ളവരാകുന്നതിന്, പരമകാരുണ്യംതന്നെയായ മനുഷ്യനായി യേശു വന്ന് ദിവ്യകാരുണ്യജീവിതം നയിക്കുന്നു; യേശു ദിവ്യകാരുണ്യജീവിതമാതൃകയാകുന്നു.

ഒന്നുകൂടി പറയട്ടെ: പദാർത്ഥപരിണാമവും ജീവിപരിണാമവും കഴിഞ്ഞ് ഒന്നാം സാംസ്‌കാരിക പരിണാമയുഗം. (ബിഗ് ബാങ് മുതൽ യുഗങ്ങളെണ്ണിയാൽ  പ്രപഞ്ചത്തിന് അതു മൂന്നാം പരിണാമ യുഗം). ആ യുഗത്തിൽ പരമകാരുണ്യം അഥവാ അൻപ് മനുഷ്യബോധത്തിൽ പ്രതിഫലിച്ചു കിട്ടത്തക്കവിധം ബോധവികാസം നടന്നുകൊണ്ടിരുന്നു. ആ വികാസത്തെ ഭാഗികമായി അടയാളപ്പെടുത്തിയവരായിരുന്നൂ നാനാസംസ്‌കാരങ്ങളിലെ ജ്ഞാനികളും ന്യായാധിപന്മാരും മഹർഷികളും ആദികവികളും പ്രവാചകരുമെല്ലാം.

ആ കാലത്തിന്റെ പൂർത്തിയിൽ വേദങ്ങളും ഉപനിഷത്തുകളും ജ്ഞാനസാഹിത്യമാകെയും പൂർത്തിയാക്കപ്പെട്ടു. അവിടെ പ്രപഞ്ചത്തിനു നാലാം പരിണാമയുഗവും മനുഷ്യനു രണ്ടാം സാംസ്‌കാരിക പരിണാമയുഗവും ആരംഭിക്കുകയായി.

ആ യുഗം, വിവരം സംസ്‌കരിച്ചു വിജ്ഞാനം ഉത്പാദിപ്പിക്കുന്ന മനുഷ്യരുടെ യുഗമായി; വിജ്ഞാനയുഗമായി. ആ വിജ്ഞാനയുഗത്തിന്റെ തുടക്കത്തിലെ ലോകമാണ് ഇപ്പോൾ പിൻവാങ്ങുന്ന World 2.0.

ആ യുഗത്തിൽ വിശാലഭാരതമുൾപ്പെടുന്ന കിഴക്കിന്റെ ജ്ഞാനധാരകളെയെല്ലാം സമന്വയിപ്പിച്ച യേശുവിന്റെ കാരുണ്യജീവിതത്തോടെ, പരമകാരുണ്യത്തിന്റെ സ്വയംശൂന്യവത്കരണം അഥവാ പദാർത്ഥ-ജീവപ്രപഞ്ചങ്ങളുടെ കാരുണ്യവത്കരണം അതിത്വരിതം (accelerated) ആയി. മാനവചരിത്രത്തെ ലോകനാഗരികതകളുടെ സമന്വയത്തിലേക്ക് അതു നയിച്ചുതുടങ്ങി.

ദിവ്യകാരുണ്യജീവിത സ്മരണ പടർന്ന മൂന്നു ഭൂഖണ്ഡങ്ങളുടെ ഒന്നിച്ചുവരവ് ആ യുഗത്തിൽ നടന്നു. ഒടുക്കം വേൾഡ് വൈഡ് വെബ് വഴി പഞ്ചഭൂഖണ്ഡത്തിലെ മനുഷ്യരും ഒരുമിച്ചു.

ഇപ്പോൾ പ്രപഞ്ചത്തിന് അഞ്ചാം പരിണാമ യുഗവും മനുഷ്യനു മൂന്നാം സാംസ്‌കാരിക പരിണാമയുഗവും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ യുഗത്തിന്റെ തുടക്കത്തിൽ ഒരു കുമാരനായി അവതരിച്ച യേശു ഇപ്പോൾ വീണ്ടും വരുന്നത് ഭയമുക്തരായ  കുമാരീകുമാരന്മാരുടെ പുതുതലമുറയായാണ്. സമുദായത്തിന്റെ മതിലുകൾ പരിഗണിക്കാതെ, രാജ്യത്തിന്റെ അതിരുകൾക്കതീതമായി, ലിംഗതുല്യതയോടെ, പരിഭാഷവഴി ഏതു ഭാഷയിലും കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിവുള്ള 24×7 കണക്ടഡ് ആയ ന്യൂജെൻ.

അവരുടെ ലോകം പുതിയ ലോകമാണ്. കാരുണ്യത്തിന്റെ ആത്മാവ് ഓരോരുത്തരുടെയും ഉള്ളിൽ ഭരണം നടത്തുന്ന ‘ലോകം 3.0’ (അത് ആരംഭിക്കുന്നതേയുള്ളൂ. നമ്മൾ ചുറ്റും കാണുന്ന പുതുതലമുറക്കാരിലെല്ലാം പുറമേയ്ക്ക് ഇതു കാണണമെന്നില്ല).

പുതിയ ലോകത്ത് യേശു വെറുമൊരു ആരാധനാവിഷയമല്ല, സ്‌നേഹത്തിന്റെ ജീവിതമാതൃകയാണ് – മഹാമാതൃക.

പരലോകത്തിൽ കർത്താവിനെക്കാണാൻ ഇഹലോകത്തിൽ കാത്തിരിക്കുകയല്ല പുതിയ തലമുറ. അവർ ആദ്യം തങ്ങളിലെ സ്‌നേഹമായ ദൈവത്തെ അറിഞ്ഞ് സഹജീവികളിൽ ദൈവത്തെ കണ്ട് അവരുമായി കമ്യൂണിക്കേഷനിൽ/കമ്യൂണിയനിൽ ആവുകയാണ്. അങ്ങനെ പരമസ്‌നേഹവുമായി കമ്യൂണിയനിൽ വരികയാണ്. അവർക്കുള്ളിലാണ്, ‘ദൈവരാജ്യം’ എന്നു പഴയ തലമുറ വികൃതമായി പരിഭാഷപ്പെടുത്തിയിരുന്ന ദൈവഭരണം.

അതു നിരുപാധിക സ്‌നേഹഭരണമാണ്.

അവർക്കു ദൈവം പഠനവിഷയമല്ല; ഉള്ളിൽ ജ്വലിക്കുന്ന, ഉള്ളു കുളിർപ്പിക്കുന്ന, സ്‌നേഹമാണ്. പരമം/ദൈവം/ആത്മാവ് സ്‌നേഹമാണെന്ന് അവർ അനുഭവിച്ചറിയുന്നു.

കുടുംബം എന്ന അടിസ്ഥാനസഭയുടെ അന്തരീക്ഷത്തിൽ ഈ അനുഭവത്തിൽ ആഴപ്പെടാൻ ഇവരെ സഹായിക്കുന്നിടത്തോളമാണ് പുതുലോകത്തിൽ പഴയ സഭാശുശ്രൂഷകരുടെ ആവശ്യം. ഭവനസഭകളുമായി നെറ്റ്‌വർക്ക്ഡ് ആയി നിരന്തര കമ്യൂണിക്കേഷനിൽ കഴിഞ്ഞുകൊണ്ട്, സ്‌നേഹിക്കുന്നതിന്റെ ഏറ്റവും ഉജ്ജ്വലമായ മാതൃക നൽകാൻ കഴിയുന്ന സഭാശുശ്രൂഷകർ വെറും പ്രസംഗകരല്ല, മെന്റർമാർ ആണ്.

നിരുപാധിക സ്‌നേഹത്തിലൂന്നി ജീവിക്കുന്നതിന്റെ സിമ്പിൾ ഫെയ്ത്ത് പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തുന്നവരുടെ കൂട്ടമായി രൂപാന്തരപ്പെടാൻ ഇപ്പോഴത്തെ സഭ(കൾ)ക്ക് ഇതൊരവസരമാണ്. ഇങ്ങനെ രൂപാന്തരപ്പെടാൻ തയ്യാറായാൽ/സാധിച്ചാൽ, ക്രിസ്റ്റ്യാനിറ്റി മ്യൂസിയമായി മാറാതിരിക്കും – ഫ്രാൻസിസ് മാർപാപ്പ കോവിഡിനുംമുമ്പേ ഓർമിപ്പിച്ചതുപോലെ.


3.4
ആത്മബോധമുള്ള/സ്‌നേഹബോധമുള്ള വ്യക്തികളുടെ വൈഡ് ഏരിയ നെറ്റ്‌വർക്ക് ആണ് ഭാവിസഭ. ഭൂമിശാസ്ത്രപരമായ ജൂറിസ്ഡിക്ഷനുകളെ അതു മറികടക്കുന്നു. സോഷ്യലായി അതു ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ മുഴുവൻ ആ യൗഗിക (mystical) ശരീരത്തിലെ അവയവങ്ങളാകുന്നു – അക്ഷരാർത്ഥത്തിൽ കാതോലികം/സാർവത്രികം.

സ്‌നേഹത്തിൽ വിശ്വാസമുള്ള വ്യക്തികളുടെ ആഗോള സോഷ്യൽ നെറ്റ്‌വർക്ക്. ഈ വ്യക്തികൾ ഫിസിക്കലായി നെറ്റ്‌വർക്ക്ഡ് ആകുന്നത് ഗാർഹിക സഭകളിലും കുടുംബക്കൂട്ടായ്മകളിലും.

സഭയുടെ സാമൂഹികപ്രബോധനംകൊണ്ട് ഗാർഹികസഭകളെ പ്രചോദിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സന്നദ്ധരും സമർപ്പിതരുമായ വൈദികവിശ്വാസികളുടെ ലോക്കൽ ഏരിയ നെറ്റ്‌വർക്കായി മാറും ഇന്നുള്ള ഹയരാർക്കിക്കൽ സഭ – ക്രിസ്റ്റ്യാനിറ്റി ഒരു മ്യൂസിയമായി മാറുന്നില്ലെങ്കിൽ.

(Part 1 ഈ ലിങ്കിൽ വായിക്കാം. Part 2)

Join the Conversation

2 Comments

  1. Well appreciated by me.
    As per me,it would have been better and more appealing had the contents been given in English also.
    Here itself, many of the English words are written in Malayalam or equivalent Malayalam words are used. Had it been in English, I could have asked my daughter to read it.She may not be ready to listen to my translation.

  2. You couldn’t have put it simpler than this. I do appreciate the insight with which you portrayed the ever more benign progression of the world order from 1.0 to 3.0 staunchily standing by the positivity and realism of our children and their children. If religions re-oriented around this theme alone, world 4.1 could be what they called the very ‘heavens’. Especially the absence of complexity of arguments makes your thoughts not just ideas but straightforward recommendations so to say. I salute you ‘Miss'(my undergraduate teacher in English at Uni).

Leave a comment

Your email address will not be published. Required fields are marked *