ഡോ. ജോർജ് പടനിലം
ബാഹ്യലോകം പ്രശ്‌നങ്ങളുടെ ആവനാഴിയാണ്. എവിടെ നോക്കിയാലും കാരണമില്ലാത്ത ദുരന്തങ്ങളും പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്‌നങ്ങളും. അവ അലട്ടാത്ത മനസ്സുകളില്ല. വസൂരി നിർമ്മാർജ്ജനം ചെയ്തുവെന്ന് അഭിമാനിക്കുകയും ആഹ്‌ളാദിക്കുകയും ചെയ്തതിനു പിന്നാലെയാണ് വൈറസും ചിക്കൻ ഗുനിയയും എബോള വൈറസുമൊക്കെ മനുഷ്യജീവനെ വേട്ടയാടിയത്. സമീപകാലത്ത് കോവിഡ് വൈറസ് ഭൂമിമുഴുവനും ജീവിതത്തെ തകിടം മറിച്ചു.
മനുഷ്യകുലത്തിന്റെ ദുർമ്മാർഗ്ഗജീവിതത്തിൽ കുപിതനായ ദൈവത്തിന്റെ ശിക്ഷയാണിതെന്നാണ് ദൈവവിശ്വാസികളിൽ ഭൂരിഭാഗവും കരുതുന്നത്. അഹങ്കാരവും ധാർഷ്ട്യവും പെരുകിയ മനുഷ്യനെ നിലയ്ക്കു നിർത്താൻ കാരുണ്യവാനായ ദൈവം രോഗത്തെ ഒരു ഉപാധിയാക്കുന്നുവത്രെ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, സുനാമി ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങൾ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഉദ്‌ഘോഷിക്കുന്നു.
മനുഷ്യരുടെ നികൃഷ്ട ജീവിതരീതിയിൽ ദുഃഖിതരാകുന്ന ദൈവങ്ങൾ അവരെ നശിപ്പിക്കാനോ നേരെയാക്കാനോ അയയ്ക്കുന്ന ശിക്ഷകളാണ് അവ എന്നായിരുന്നൂ കാലാകാലത്തോളം മനുഷ്യർ വിശ്വസിച്ചിരുന്നത്. ആ ദൈവങ്ങളെ പ്രസാദിപ്പിക്കാൻ കാലാനുസൃതമായ രീതിയിൽ പരിഹാരപ്രവൃത്തികളായി നിർദ്ദേശിക്കപ്പെട്ട നരബലി, മൃഗബലി, നേർച്ചകാഴ്ചകൾ മുതലായവ നടത്തിയും ദശാംശം നൽകിയും ദൈവകോപം ശമിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രശ്‌നങ്ങളുടെ രൂക്ഷത കൂടുന്നതല്ലാതെ ദേവപ്രസാദം സമ്പാദിക്കാൻ ഇന്നോളം മനുഷ്യർക്കു കഴിഞ്ഞില്ല; ദുരന്തങ്ങളിൽക്കൂടി മനുഷ്യപ്രകൃതി മാറ്റിയെടുക്കാൻ ദൈവങ്ങൾക്കും കഴിഞ്ഞിട്ടില്ല.
സൂക്ഷിച്ചുനോക്കിയാൽ കാണാം, ശിക്ഷാഭയത്തിന്റെയും പരിഹാരപ്രവൃത്തികളുടെയും പ്രേരകശക്തി കുറ്റബോധം എന്നൊരു ചിന്താവൈകല്യമാണ്. സമൂഹത്തിൽ ജീവിക്കാൻ പരിശീലിച്ച എല്ലാവരിലും കുടികൊളളുന്ന ഈ ചിന്തയാണ് അടിസ്ഥാന പ്രശ്‌നം. അബ്രഹാമിക മതങ്ങൾ (യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം) അതിനെ പാപബോധമെന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പല യുക്തികളും നിരത്തിയുള്ള വിശദീകരണങ്ങളിൽക്കൂടി കുറ്റബോധവും പാപബോധവും തമ്മിൽ വ്യത്യാസം ഉണ്ടെന്നു വർണ്ണിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാരാംശത്തിൽ അവ സമമോ സമാനമോ ആണ്. കുറ്റവും പാപവും പര്യായങ്ങളാകുന്നിടത്ത് കുറ്റബോധവും പാപബോധവും പര്യായങ്ങൾ തന്നെ.
Continue reading “കുറ്റബോധസൃഷ്ടിയുടെ ക്രൂരലോകത്തിനു പുറത്തേക്ക്”